ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

ന്യൂഡെല്‍ഹി : ഓള്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വൈകാതെ വിപണിയിലെത്തിക്കുമെന്ന് ബജാജ് ഓട്ടോ. പൂര്‍ണ്ണമായും പുതിയ സ്‌കൂട്ടര്‍ നിര്‍മ്മിക്കുകയാണോ അതോ നിലവിലെ മോഡല്‍ വൈദ്യുതീകരിക്കുകയാണോ എന്ന് വ്യക്തമല്ല. എന്തായാലും ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ബജാജ് ഓട്ടോ. ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്റ്റര്‍ രാജീവ് ബജാജ് ഇലക്ട്രിക് സ്‌കൂട്ടര്‍ ലോഞ്ച് സംബന്ധിച്ച് സൂചന നല്‍കി.

ബജാജ് ഓട്ടോയുടെ കീഴില്‍ അര്‍ബനൈറ്റ് എന്ന പുതിയ ബ്രാന്‍ഡ് രൂപീകരിക്കുകയാണെന്ന് 2017 ല്‍ രാജീവ് ബജാജ് വെളിപ്പെടുത്തിയിരുന്നു. ഇരുചക്ര വാഹന വിപണിയിലെ ടെസ്‌ലയാകാനാണ് തീരുമാനമെന്നും അറിയിച്ചിരുന്നു. ഇന്ത്യയിലെ മറ്റ് ഇരുചക്ര വാഹനങ്ങളുടേതിന് സമാനമായ ഒന്നല്ല അര്‍ബനൈറ്റ് ബ്രാന്‍ഡിലൂടെ ഉദ്ദേശിക്കുന്നത്. പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറായിരിക്കും വിപണിയിലെത്തുന്നത്. അര്‍ബനൈറ്റ് എന്ന ഇലക്ട്രിക് മൊബിലിറ്റി ബ്രാന്‍ഡിലൂടെ ഇരുചക്ര വാഹനങ്ങള്‍ മാത്രമായിരിക്കില്ല വിപണിയിലെത്തിക്കുന്നത്. 2020 ഓടെ ഇതേ ബ്രാന്‍ഡില്‍ മൂന്നുചക്ര വാഹനങ്ങളും പുറത്തിറക്കും.

അര്‍ബനൈറ്റ് ബ്രാന്‍ഡിലുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ നൂതന ഡിസൈനില്‍ വിപണിയിലെത്തും. ഇന്ത്യ കൂടാതെ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യും. സീറോ എമിഷന്‍ ബൈക്കുകളും സ്‌കൂട്ടറുകളും ഒന്നുകില്‍ ബജാജ് ഓട്ടോ ഷോറൂമുകളിലൂടെ വില്‍ക്കും. അല്ലെങ്കില്‍ അര്‍ബനൈറ്റ് ബ്രാന്‍ഡിനായി പ്രത്യേക വില്‍പ്പന ശൃംഖല സ്ഥാപിക്കും. അര്‍ബനൈറ്റ് ബ്രാന്‍ഡ് സ്‌കൂട്ടറുകളും മോട്ടോര്‍സൈക്കിളുകളും ഫീച്ചറുകളാല്‍ സമൃദ്ധമായിരിക്കും. പുതിയ ബ്രാന്‍ഡിലൂടെ ന്യൂ-ജെന്‍ ഇരുചക്ര വാഹന ഉപയോക്താക്കളെയാണ് ബജാജ് ഓട്ടോ ആകര്‍ഷിക്കുന്നത്.

Comments

comments

Categories: Auto
Tags: Bajaj