ടി14എച്ചിലൂടെ യൂറോപ്പില്‍ സാന്നിദ്ധ്യം ശക്തമാക്കാന്‍ ലുലു ഗ്രൂപ്പ്

ടി14എച്ചിലൂടെ യൂറോപ്പില്‍ സാന്നിദ്ധ്യം ശക്തമാക്കാന്‍ ലുലു ഗ്രൂപ്പ്

കൊച്ചി: മലയാളി വ്യവസായി എം എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് യൂറോപ്യന്‍ വിപണിയില്‍ ചുവടുറപ്പിക്കുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചില്‍ സെക്രോണ്‍ എജിയുമായി സഹകരിച്ച് ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ നിര്‍മിച്ചാണ് യുകെയ്ക്ക് പുറത്തുള്ള യൂറോപ്യന്‍ മണ്ണിലേക്ക് ലുലു ഗ്രൂപ്പ് വളരാനൊരുങ്ങുന്നത്. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ഹോസ്പിറ്റാലിറ്റി ഇന്‍വെസ്റ്റ്‌മെന്റ് വിഭാഗമായ ട്വിന്റി14 ഹോള്‍ഡിംഗ്‌സ് (ടി14എച്ച്) ആണ് സ്വിസ്സ് റിയല്‍ എസ്റ്റേറ്റ് കമ്പനിയായ നെക്രോണ്‍ എജിയുമായി സഹകരിക്കുന്നത്.

260 മുറികളുള്ള ഇന്റര്‍സിറ്റി ഹോട്ടല്‍ സൂറിച്ച് എയര്‍പോര്‍ട്ട് 2020 ഓടെ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് കരുതുന്നത്. ആര്‍ മലാംഗ് സ്റ്റേഷന് സമീപം യാഥാര്‍ത്ഥ്യമാകുന്ന ഹോട്ടലില്‍ നിന്ന് സൂറിച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പത്ത് മിനിറ്റിലും നഗരത്തിന്റെ കേന്ദ്രഭാഗത്തേക്ക് 15 മിനിറ്റിലും എത്താന്‍ കഴിയും. ബിസിനസ് യാത്രികരെയും വിനോദസഞ്ചാരികളെയും ലക്ഷ്യമിടുന്ന പുതിയ സ്വിസ്സ് പ്രോപ്പര്‍ട്ടിയില്‍ ആധുനിക രീതിയിലുള്ള ഗസ്റ്റ് റൂമുകള്‍ക്കൊപ്പം പൊതുസ്ഥലങ്ങള്‍, സമ്മേളനങ്ങളും മറ്റ് പരിപാടികളും നടത്തുന്നതിനുള്ള സൗകര്യം, റെസ്റ്ററെന്റ്, ഇന്‍ഡോര്‍ ഫിറ്റ്‌നസ് സെന്റര്‍, സ്പാ, അണ്ടര്‍ഗ്രൗണ്ട്- ഔട്ട്‌ഡോര്‍ പാര്‍ക്കിംഗ് സൗകര്യം എന്നിവയുമുണ്ടാകും. ജര്‍മന്‍ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഡച്ച് ഹോസ്പിറ്റാലിറ്റിയാണ് 20 വര്‍ഷത്തേക്ക് ഹോട്ടലിന്റെ നടത്തിപ്പു കരാര്‍ നേടിയിരിക്കുന്നത്. നെക്രോണ്‍ എജി ആദ്യമായും ടി14എച്ച് രണ്ടാം തവണയുമാണ് ഡച്ച് ഹോസ്പിറ്റാലിറ്റിയുമായി സഹകരിക്കുന്നത്.

സൂറിച്ചിലെ ആദ്യ പ്രോപ്പര്‍ട്ടി വഴി യൂറോപ്യന്‍ വിപണിയിലേക്ക് ചുവടുവെക്കാനായതില്‍ സന്തോഷമുണ്ടെന്നും 2020 ഓടെ ബില്യണ്‍ ഡോളര്‍ മൂല്യമുള്ള നിക്ഷേപക സ്ഥാപനമാകാനുള്ള കമ്പനിയുടെ പരിശ്രമങ്ങളിലെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണിതെന്നും ടി14എച്ച് എംഡി അദീബ് അഹമ്മദ് പറഞ്ഞു.

Comments

comments

Categories: Business & Economy, Slider