സൗരോര്‍ജ്ജം ഉപയോഗിക്കുന്ന ഡ്രൈവറില്ലാ ബസ്!

സൗരോര്‍ജ്ജം ഉപയോഗിക്കുന്ന ഡ്രൈവറില്ലാ ബസ്!

ന്യൂഡെല്‍ഹി : സൗരോര്‍ജ്ജം ഉപയോഗിച്ച് ഓടുന്ന ഓട്ടോണമസ് ബസ്! പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് ബസ് രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചത്. ബസ് നിര്‍മ്മിക്കുന്നതിന് ആകെ ചെലവായതാകട്ടെ 15 ലക്ഷം രൂപ മാത്രം. ആഗോളതലത്തില്‍ മിക്ക ഓട്ടോണമസ് വാഹനങ്ങളും പെട്രോള്‍, ഡീസല്‍, സിഎന്‍ജി, വൈദ്യുതി ഇവയില്‍ ഏതെങ്കിലുമൊന്നാണ് ഉപയോഗിക്കുന്നത്. എന്നാല്‍ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബസ് ഇതാദ്യമാണ്.

സിംഗിള്‍ ചാര്‍ജില്‍ 70 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്നതാണ് സോളാര്‍ ബസ്. പുതിയ ഷാസി ഉപയോഗിച്ചാണ് വാഹനത്തിന്റെ പ്രോട്ടോടൈപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. സോളാര്‍ പാനലുകള്‍ ആറ് ലെഡ് ആസിഡ് ബാറ്ററികള്‍ ചാര്‍ജ് ചെയ്യും. രണ്ട് കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്ന് സര്‍വ്വകലാശാലയിലെ ഓട്ടോണമസ് ബസ് പ്രോജക്റ്റ് ലീഡര്‍ മന്‍ദീപ് സിംഗ് പറഞ്ഞു. ഒരു വര്‍ഷം സമയമെടുത്താണ് പ്രോജക്റ്റ് പൂര്‍ത്തിയാക്കിയത്.

സര്‍വ്വകലാശാലയിലെ മുന്നൂറോളം വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും ബസ് നിര്‍മ്മാണത്തില്‍ പങ്കാളികളായി. 1,500 കിലോഗ്രാമാണ് ബസ്സിന്റെ ഭാരം. പതിനഞ്ച് പേര്‍ക്ക് യാത്ര ചെയ്യാം. കാംപസിനകത്ത് ഉപയോഗിക്കാന്‍ കഴിയും. ബസ്സിന്റെ ഓണ്‍-റോഡ് വേര്‍ഷന്‍ പിന്നീട് നിര്‍മ്മിക്കും. സോളാര്‍ ബസ് തല്‍ക്കാലം ഗൂഗിളിനും ഇലോണ്‍ മസ്‌കിന്റെ ടെസ്‌ലയ്ക്കും ഭീഷണിയാകില്ലെന്ന് മന്‍ദീപ് സിംഗ് പറഞ്ഞു. ടെസ്‌ലയില്‍ വിദഗ്ധരുടെയും പ്രഗല്‍ഭരുടെയും ആധിക്യം കാണാം. എന്നാല്‍ വരുംവര്‍ഷങ്ങളില്‍ ടെസ്‌ലയെ മുട്ടുകുത്തിക്കാനും മതിയെന്ന് പ്രോജക്റ്റ് ലീഡര്‍ മുന്നറിയിപ്പ് നല്‍കി.

Comments

comments

Categories: Auto