പ്രാദേശികക്ഷികള്‍ക്ക് പ്രാധാന്യമേറുന്നു; തൂക്കുസഭയെന്ന്പ്രവചനങ്ങളെല്ലാം

പ്രാദേശികക്ഷികള്‍ക്ക് പ്രാധാന്യമേറുന്നു; തൂക്കുസഭയെന്ന്പ്രവചനങ്ങളെല്ലാം

ദേശീയ തലത്തില്‍ എന്‍ഡിഎയുടെ പ്രഭാവം മങ്ങിത്തുടങ്ങിയതായി കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. അവസാനം നടത്തിയ സര്‍വേ പ്രകാരം 2019ല്‍ തൂക്കുസഭയാണ് പ്രവചിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെങ്കിലും ആശാവഹമായ പുരോഗതി കൈവരിക്കില്ല. പ്രതിപക്ഷ സഖ്യവും അട്ടിമറിയൊന്നും നടത്തില്ല. അതിനാല്‍ ഒഡീഷയില്‍ നവീന്‍ പട്‌നായിക് ,തെലുങ്കാനയിലെ കെ ചന്ദ്രശേഖര റാവു എന്നിവരുടെയും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും മറ്റും പിന്തുണ ഉറപ്പാക്കിയാല്‍ മാത്രമെ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം നേടാനാകു. നിലവില്‍ ഏറ്റവുമധികം സീറ്റുകള്‍ നേടുക എന്‍ഡിഎ തന്നെ ആയിരുക്കും. തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയും ആരെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ ഘട്ടത്തില്‍ ഒരു സീറ്റു മാത്രമുള്ള മിസോറാമിലെ മിസോ നാഷണല്‍ ഫ്രണ്ടിന്റെ പിന്തുണവരെ നിര്‍ണായകമാണ്. കരുത്തരായ പ്രദേശിക കക്ഷികള്‍ പിന്തുണക്കാതെ കേന്ദ്രത്തില്‍ ഭരണത്തിലെത്തുക അസാധ്യമാണെന്നാണ് എബിപി-സി വോട്ടര്‍ സര്‍വേ പറയുന്നത്.

സര്‍വേ പ്രകാരം പ്രാദേശിക കക്ഷികള്‍ രാജാക്കന്‍മാരാകും. രാജ്യത്ത് പ്രാദേശിക വാദം കൂടുതല്‍ ശക്തി പ്രാപിച്ചതായും ഇതില്‍ നിന്ന് വ്യക്തമാകുന്നു. കൂടാതെ ലോക്‌സഭാംഗങ്ങളെ വലവീശിപ്പിടിക്കാന്‍ ഉള്ള വലിയ ശ്രമങ്ങളും ഇക്കുറി നടക്കുമെന്നാണ് ഇതു നല്‍കുന്ന സൂചന. ഇടതുപക്ഷ കക്ഷികള്‍ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിന് പ്രതിപക്ഷ മഹാസഖ്യത്തിന്റെ പിന്തുണകൂടിയായാലും മാജിക് സംഖ്യ കടക്കാനാവില്ല. 250പരം സീറ്റുകള്‍ നേടാനെ കഴിയുകയുള്ളു. അതിനാല്‍ സാധ്യത ഇപ്പോഴും എന്‍ഡിഎയ്ക്കാണ് എന്നാണ് നിലവിലുള്ള സാഹചര്യം വ്യക്തമാക്കുന്നത്. എന്നാല്‍ ഈ സാഹചര്യം തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാറാം. ഇനിയുണ്ടാകുന്ന സംഭവവികാസങ്ങള്‍ക്ക് പ്രത്യേകിച്ചും സാധ്യതകള്‍ മാറ്റി മറിക്കാനാകും.

ഉത്തര്‍പ്രദേശിലുണ്ടാകാവുന്ന തിരിച്ചടി ഒഴിവാക്കുന്നതിന് ബിജെപി ഇന്ന് ഏറെ പ്രാമുഖ്യം നല്‍കുന്നു. കാരണം എസ്പി-ബിഎസ്പി സഖ്യം ഒത്തുചേരുമ്പോള്‍ കണക്കുകള്‍ എങ്ങനെയായാലും എന്‍ഡിഎയ്ക്ക് ഭീഷണി ഉണ്ടാകും. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ യുപി തൂത്തുവാരിയതിനാലാണ് കേന്ദ്രത്തില്‍ ബിജെപിക്ക് മുന്‍തൂക്കം ലഭിച്ചത്. അതിനാല്‍ പുതിയ തന്ത്രങ്ങളുമായാകും നിലവില്‍ ബിജെപി യുപിയില്‍ ഇറങ്ങുക്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്താകെ നടക്കുകയാണ്. 42 മുതല്‍ അമ്പതോളം സീറ്റുകള്‍ എസ്പി-ബിഎസ്പി സഖ്യം നേടുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ എന്‍ഡിഎ സഖ്യം 36 സീറ്റിലേക്കോ അതിനു താഴെയോ ഒതുങ്ങാം. ഈ സ്ഥിതി സംഭവിക്കാതിരിക്കാനുള്ള നീക്കങ്ങളാണ് എന്‍ഡിഎ മുന്നണി യുപിയില്‍ നടത്തുന്നത്. കോണ്‍ഗ്രസ് എസ്പി-ബിഎസ്പി സഖ്യത്തിലെത്തിയാല്‍ അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താനാകും. എന്നാല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യമാണ് ഇപ്പോഴുള്ളത്.

ഇതിനുസമാനമായ രാഷ്ട്രീയാന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. അവിടെ ശിവസേനയും ബിജെപിയും സഖ്യത്തിലേര്‍പ്പെട്ടാല്‍ മാത്രമെ മികച്ച നേട്ടമുണ്ടാക്കാനാകു. അല്ലെങ്കില്‍ യുപിഎ സഖ്യം 28സീറ്റുകളിലെങ്കിലും വിജയം നേടും. ഇത് എന്‍ഡിഎയുടെ തകര്‍ച്ചക്ക് വഴിവെക്കുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ എന്‍ഡിഎയ്ക്ക് ഭീഷണിയില്ലാത്ത രണ്ട് സംസ്ഥാനങ്ങള്‍ ഗുജറാത്തും ബീഹാറുമാണ്.

തെരഞ്ഞെടുപ്പുകളില്‍ വേറിട്ട തന്ത്രങ്ങള്‍ രൂപപ്പെടുത്തിയില്ലെങ്കില്‍ കാരങ്ങള്‍ പഴയതുപോലെയാകില്ല എന്ന് എന്‍ഡിഎ നേതൃത്വത്തിനറിയാം. അതിനാല്‍ അതിനനുസരിച്ചുള്ള പദ്ധതികളും മറ്റും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ട്. നയങ്ങളിലും വ്യത്യാസംവരുത്തും. അടുത്തമാസം ആദ്യം അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിലും ഇതിന്റെ പ്രതിഫലനമുണ്ടാകും. കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചികിത്സയിലായതിനാല്‍ പകരം പീയൂഷ് ഗോയലാകും ഇടക്കാല ബജറ്റ് അവതരിപ്പിക്കുക.

സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ നിന്നും ഏറെ വിഭിന്നമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ്. അവിടെ ഉന്നയിക്കുന്ന പ്രശ്‌നങ്ങളും പ്രചാരണ പരിപാടികളും വിലയിരുത്തലുകളും വ്യത്യസ്ഥമാണ്. അതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തിനനുസൃതമാകണമെന്നില്ല പൊതുതെരഞ്ഞെടുപ്പിലുണ്ടാകുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും മറ്റും ബിജെപി സര്‍ക്കാരുകള്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇവിടെ പൊതു തെരഞ്ഞെടുപ്പില്‍ എല്‍ഡിഎയ്ക്കാണ് മുന്‍തൂക്കം. സാധ്യതകള്‍ മാറിമറിയുന്നതിന് ഉദാഹരണമാണ് ഇത്. കൂടാതെ കര്‍ണാടകത്തില്‍ ഇഞ്ചോടിഞ്ചിയാരിക്കും പ്രകടനം. ഇവിടെയും എന്‍ഡിഎ മികച്ച നേട്ടം കൈവരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പശ്ചിമ ബംഗാളില്‍ ഇടതുപക്ഷം പൂര്‍ണമായും പരാജയപ്പെടും. മമതാ ബാനര്‍ജിക്കാകും അവിടെ മുന്‍തൂക്കം . ബാക്കി സീറ്റില്‍ എന്‍ഡിഎ വിജയിക്കും.

ഒഡീഷയില്‍ ആദ്യമായി എന്‍ഡിഎ മുന്നിലെത്തുമെന്ന് പറയുന്നുവെങ്കിലും നവീന്‍ പട്‌നായിക്കിന് അവിടെയുള്ള സ്വാധീനം വളരെ വലുതാണ്. അതിനാല്‍ വ്യത്യാസങ്ങള്‍ സംഭവിക്കാം. യാതൊരു ഭരണ വിരുദ്ധ വികാരവും ആളിക്കത്താത്ത ഒരു സംസ്ഥാനം കൂടിയാണ് പൊതുവെ നോക്കുമ്പോള്‍ ഒഡീഷ. പട്‌നായിക്ക് ഏതു പക്ഷത്തേക്ക് നീങ്ങണമെന്ന് തീരുമാനിച്ചാലും അത് ദേശീയതലത്തില്‍ ചലനം സൃഷ്ടിക്കും. അതുപോലെയാണ് തെലുങ്കാനയും. അവിടെ പകരം വെക്കാനില്ലാത്ത നേതാവാണ് ചന്ദ്രശേഖര റാവു. അദ്ദേഹത്തിന്റെ പാര്‍ട്ടിതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരുമെന്നാണ് നിലവിലുള്ള പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.

കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും എന്‍ഡിഎയ്ക്കായിരിക്കും മുന്‍തൂക്കം. എന്നാല്‍ പഞ്ചാബില്‍ യുപിഎ മുന്നിലെത്തുമെന്നും ഇപ്പോഴുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. തമിഴ്‌നാട്ടിലാകട്ടെ ഡിഎംകെ സഖ്യമാകും നേട്ടം കൊയ്യുക എന്നും സൂചനയുണ്ട്. കേരളവും യുപിഎയ്‌ക്കൊപ്പമാകും. നിലവിലുള്ള ഭരണകക്ഷി തകര്‍ന്നടിയുമെന്നും കണക്കുകള്‍ പറയുന്നു.

ജനങ്ങളുടെ ചിന്താഗതി ഇതുതന്നെയാകണമെന്നില്ല. പലപ്പോഴും സര്‍വേകള്‍ക്കപ്പുറമാകും യഥാര്‍ത്ഥ ഫലങ്ങള്‍. അതിനാല്‍ എല്ലാമുന്നണികളും പ്രതീക്ഷ പുലര്‍ത്തുന്നതാണ് ഇന്ന് രാജ്യത്ത് കാണുന്ന സവിഷേഷത.

Comments

comments

Categories: Politics