പ്രതീക്ഷ പ്രകടിപ്പിച്ച് റിക്രൂട്ടര്‍മാര്‍

പ്രതീക്ഷ പ്രകടിപ്പിച്ച് റിക്രൂട്ടര്‍മാര്‍

ഐടി, ബിഎഫ്എസ്‌ഐ, ബിപിഒ മേഖലകളിലായിരിക്കും ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടക്കുക

ന്യൂഡെല്‍ഹി: തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ മോദി സര്‍ക്കാര്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ടെങ്കിലും അടുത്ത ആറ് മാസത്തിനുള്ളില്‍ രാജ്യത്തെ നിയമന പ്രവര്‍ത്തനള്‍ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. നൗക്രി ഡോട്ട് കോം തയാറാക്കിയ ദ്വൈ വാര്‍ഷിക സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സര്‍വേയുടെ ഭാഗമായ 84 ശതമാനം റിക്രൂട്ടര്‍മാരും ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിനുള്ളില്‍ നിയമനങ്ങള്‍ വര്‍ധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ-ഡിസംബര്‍ കാലയളവില്‍ നിയമനങ്ങളില്‍ 20 ശതമാനം വര്‍ധനയാണ് ഉണ്ടായിരുന്നത്. 50 ശതമാനം റിക്രൂട്ടര്‍മാരാണ് നടപ്പു വര്‍ഷം ആദ്യ ആറ് മാസത്തിനുള്ളില്‍ പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്നും നിയമന മാറ്റം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നത്.

ഐടി, ബിഎഫ്എസ്‌ഐ, ബിപിഒ മേഖലകളിലായിരിക്കും ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടക്കുകയെന്നും സര്‍വേ വ്യക്തമാക്കുന്നുണ്ട്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ പ്രവൃത്തിപരിചയമുള്ളവരുടെ വിഭാഗത്തിലാണ് പരമാവധി നിയമനങ്ങല്‍ നടക്കുക. ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ പരിചയസമ്പത്തുള്ളവരുടെ വിഭാഗത്തിലായിരിക്കും രണ്ടാമതായി കൂടുതല്‍ നിയമനം നടക്കുക.

പിരിച്ചുവിടലില്‍ കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത മൊത്തം റിക്രൂട്ടര്‍മാരില്‍ ഒരു ശതമാനം മാത്രമാണ് പിരിച്ചുവിടല്‍ പ്രതീക്ഷിക്കുന്നത്. അതേസമയം നൈപുണ്യ അഭാവം സംബന്ധിച്ച ആശങ്കകള്‍ റിക്രൂട്ടര്‍മാര്‍ പങ്കുവെക്കുന്നുണ്ട്. ശരിയായ നൈപുണ്യമുള്ള ജീവനക്കാരെ കണ്ടെത്തുകയെന്നത് വെല്ലുവിളിയാകുമെന്നും ഇവര്‍ പറയുന്നു.

Comments

comments

Categories: Current Affairs
Tags: Recruiters