ഇത്തിഹാദില്‍ ഗ്ലോബല്‍ കാബിന്‍ ക്രൂ നിയമന മേള

ഇത്തിഹാദില്‍ ഗ്ലോബല്‍ കാബിന്‍ ക്രൂ നിയമന മേള

ഓസ്‌ട്രേലിയ, യൂറോപ്പ്, മിഡില്‍ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലായി 19ഓളം നഗരങ്ങളില്‍ നിയമന മേള നടക്കും

അബുദബി ആഗോളതലത്തില്‍ വമ്പന്‍ തൊഴിലവസരങ്ങളുമായി ഇത്തിഹാദ് എയര്‍വെയ്‌സിന്റെ നിയമന മേള. വിവിധ രാജ്യങ്ങളിലായി 19 ഓളം നഗരങ്ങളിലാണ് മേള നടക്കുകയെന്ന് ഇത്തിഹാദ് അറിയിച്ചു. ഹോസ്പിറ്റാലിറ്റി രംഗത്ത് അനുഭവജ്ഞാനമുള്ളവര്‍ക്കാണ് അവസരം.

യുകെ, ഫ്രാന്‍സ്, സ്ലൊവാക്യ,ടുണീഷ്യ, സൗത്ത് ആഫ്രിക്ക എന്നിവയുള്‍പ്പടെ ഓസ്‌ട്രേലിയ, യൂറോപ്പ്, മിഡില്‍ഈസ്റ്റ്, ആഫ്രിക്ക മേഖലകളില്‍ നിന്നുള്ള 19ഓളം നഗരങ്ങളില്‍ ആയിരിക്കും നിയമന മേള നടക്കുക. ലണ്ടനിലും ഡബ്ലിനിലുമായി ഈ മാസം അവസാനത്തോടെ നിയമനമേളയ്ക്ക് തുടക്കമാകും. പിന്നീട് ഓരോ നഗരങ്ങളിലുമായി പുരോഗമിക്കുന്ന മേള ഒക്‌റ്റോബറില്‍ ആംസ്‌റ്റെര്‍ഡാമില്‍ നടക്കുന്ന പരിപാടി വരെ നീളും.

നിയമന മേളയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ www.etihad.com/cabincrewrecruitmentഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

പുതിയ തലമുറയില്‍ പെട്ട വിമാനങ്ങളുമായി ആഗോളതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്ന കമ്പനി ഓരോ നഗരങ്ങളില്‍ നിന്നുമായി 120ഓളം ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് മേളയില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുകയെന്ന് ഗസ്റ്റ് സര്‍വ്വീസ് ആന്‍ഡ് ഡെലിവറി വിഭാഗം വൈസ് പ്രസിഡന്റ് ലിന്‍ഡ സെലസ്റ്റിനോ പറഞ്ഞു.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അബുദബിയില്‍ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. ഇത്തിഹാദിന്റെ പരിശീലന അക്കാദമിയായ സയിദ് ക്യാംപസിലാണ് ഇത് നടക്കുക.നികുതി രഹിത ശമ്പളം, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, യാത്രാചിലവുകളില്‍ ഇളവ്, യൂണിഫോം, അബുദബിയില്‍ താമസസൗകര്യം, ഭക്ഷണം, വിനോദ പരിപാടികള്‍ എന്നിവയാണ് കാബിന്‍ ക്രൂ അംഗങ്ങള്‍ക്കായി കമ്പനി നല്‍കുന്ന സേവനങ്ങള്‍.

Comments

comments

Categories: Arabia