ഇന്ത്യയുടെ വ്യാവസായിക മേഖലയില്‍ ക്ഷീണം തുടരുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയുടെ വ്യാവസായിക മേഖലയില്‍ ക്ഷീണം തുടരുമെന്ന് റിപ്പോര്‍ട്ട്

നവംബറില്‍ വ്യാവസായിക ഉല്‍പ്പാദനത്തിലെ വര്‍ധന 17 മാസത്തിനിടയിലെ താഴ്ന്ന നിലയിലായിരുന്നു

ന്യൂഡെല്‍ഹി: ഇടക്കാലത്തേക്ക് ഇന്ത്യയുടെ വ്യാവസായിക മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ മാന്ദ്യം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ആഭ്യന്തര ആവശ്യകതയിലെ ഇടിവും ആഗോള സാമ്പത്തിക വീക്ഷണം ദുര്‍ബലമായതും പൊതുതെരഞ്ഞെടുപ്പ് സംബന്ധിച്ച് ബിസിനസുകാര്‍ക്കിടയിലുള്ള അനിശ്ചിതത്വങ്ങളുമാണ് വ്യാവസായിക രംഗത്ത് മാന്ദ്യം നേരിടാനുള്ള കാരണമായി ഡണ്‍ ആന്‍ഡ് ബ്രാഡ്‌സ്ട്രീറ്റിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

പ്രതീക്ഷിച്ച നികുതി വരുമാനം നേടാനാകാത്തതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പൊതുനിക്ഷേപം നിക്ഷേപം നിയന്ത്രിക്കുന്നത് വ്യാവസായിക മേഖലയിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഡിസംബര്‍ മാസത്തെ വ്യാവസായിക ഉല്‍പ്പാദന സൂചികയില്‍ 1.5-2 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നാണ് ഡണ്‍ ആന്‍ഡ് ബ്രാഡ്‌സ്ട്രീറ്റ് പ്രതീക്ഷിക്കുന്നത്.

നവംബര്‍ മാസം രാജ്യത്തെ വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച 17 മാസത്തെ താഴ്ചയിലെത്തിയതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. വ്യാവസായിക ഉല്‍പ്പാദനത്തില്‍ 0.5 ശതമാനത്തിന്റെ കുറഞ്ഞ വര്‍ധനയാണ് നവംബറില്‍ ഉണ്ടായത്. 2017 നവംബറില്‍ വ്യാവസായിക ഉല്‍പ്പാദനത്തില്‍ 8.5 ശതമാനവും 2018 ഒക്‌റ്റോബറില്‍ 8.1 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിത്. മാനുഫാക്ച്ചറിംഗ് മേഖലയില്‍ നിന്നുള്ള ഉല്‍പ്പാദനം കുറഞ്ഞതാണ് നവംബറിലെ മാന്ദ്യത്തിന് കാരണം.

കേന്ദ്ര ബജറ്റായിരിക്കും സമ്പദ്‌വ്യവസ്ഥയുടെ മുന്നോട്ടുള്ള അവസ്ഥ നിശ്ചയിക്കുന്നത്. ഗ്രാമീണ, എംഎസ്എംഇ മേഖലകള്‍ കേന്ദ്രീകരിച്ചും തൊഴില്‍ സൃഷ്ടിക്ക് ഊന്നല്‍ നല്‍കിയുമുള്ള ജനപ്രീതി നേടാന്‍ കഴിയുന്ന ചില പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡണ്‍ ആന്‍ഡ് ബ്രാഡ്‌സ്ട്രീറ്റില്‍ നിന്നുള്ള മുഖ്യ സാമ്പത്തിക വിദഗ്ധന്‍ അരുണ്‍ സിംഗ് പറഞ്ഞു.

രൂപയുടെ മൂല്യ തകര്‍ച്ച ആശങ്കകളും ഡി ആന്‍ഡ് ബി പങ്കുവെച്ചിട്ടുണ്ട്. വ്യാപാര കമ്മി ഉയരുന്നത് സംബന്ധിച്ച ആശങ്കകളും രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയരുന്നതും പൊതുതെരഞ്ഞെടുപ്പ് സംബന്ധിച്ച അനിശ്ചിതത്വങ്ങളും ഇടക്കാലത്തേക്ക് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡോളറിനെതിരെ ഈ മാസം രൂപയുടെ മൂല്യം 70.6-70.8 എന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് ഡി ആന്‍ഡ് ബിയുടെ നിഗമനം.

Comments

comments

Categories: FK News