വിമാനകമ്പനികള്‍ ലാഭത്തെകുറിച്ച് ചിന്തിക്കണം

വിമാനകമ്പനികള്‍ ലാഭത്തെകുറിച്ച് ചിന്തിക്കണം

വളര്‍ച്ചയേക്കാള്‍ ഉപരിയായി ലാഭത്തെകുറിച്ച് ചിന്തിക്കാന്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ തയാറാകണമെന്ന വാദത്തിന് വലിയ പ്രസക്തിയുണ്ട്

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമയാന വിപണിയാണ് ഇന്ത്യയുടേത്. രാജ്യത്തിന്റെ വളര്‍ച്ചയും പ്രവാസികളുടെ എണ്ണവുമെല്ലാം വ്യോമയാനരംഗത്തിന്റെ കുതിപ്പിന് ആക്കം കൂട്ടിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ മിക്ക ആഭ്യന്തര എയര്‍ലൈനുകളും ഇന്ന് പ്രതിസന്ധിയുടെ നടുക്കയത്തിലാണ്. എയര്‍ ഇന്ത്യയുടെയും ജെറ്റ് എയര്‍വേസിന്റെയുമെല്ലാം വായ്പാ ബാധ്യതയുടെ കഥകള്‍ പ്രധാന തലക്കെട്ടുകളായി വന്നുകൊണ്ടേയിരിക്കുന്നു.

വലിയ കടബാധ്യതയെ തുടര്‍ന്ന് പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വേസില്‍ കടുത്ത പ്രതിസന്ധിയാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. ഇതുവരെ അതിന് വ്യക്തമായ പരിഹാരമായിട്ടില്ല. നിലവില്‍ ജെറ്റിലെ പ്രധാന ഓഹരി ഉടമയായ നരേഷ് ഗോയലും സഹനിക്ഷേപ സംരംഭമായ ഇത്തിഹാദും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടെങ്കിലേ വിമാന കമ്പനിയുടെ ഭാവി എന്തെന്നതിന്റെ ചിത്രം വ്യക്തമാകൂ. നിലവിലെ ്പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഏകദേശം 23,000 തൊഴിലുകളുടെ കാര്യത്തിലുള്ള അനിശ്ചിതത്വം മാറില്ല.

രാജ്യത്തിന്റെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ മൊത്തം വായ്പാ ബാധ്യത 519 ബില്ല്യണ്‍ രൂപയോളം വരുമെന്നാണ് കണക്കുകള്‍. നഷ്ടകമ്പനിയെ വില്‍ക്കാന്‍, പോയ വര്‍ഷം സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും അതും നടന്നില്ല. ജെറ്റിന്റെയും എയര്‍ ഇന്ത്യയുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുകമ്പനികളെയും കൂടി ഒന്നാക്കുകയെന്ന തീവ്രമായ പരിഹാരങ്ങളെല്ലാം ചില ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവരാനും തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ അതിവേഗത്തില്‍ വളരുന്ന വിപണിയായിരുന്നിട്ടും ഇന്ത്യന്‍ വ്യോമയാന രംഗത്ത് കമ്പനികള്‍ ഇങ്ങനെ നിലയില്ലാക്കയത്തില്‍ പെടുന്നതെങ്ങനെയാണ്. അടുത്തിടെ ഒരു പ്രമുഖ കമ്പനിയുടെ നേതൃസ്ഥാനത്തിരിക്കുന്ന വ്യക്തി പറഞ്ഞ കാര്യം ഈ സാഹചര്യത്തില്‍ പ്രസക്തമാണ്. ഇന്ത്യന്‍ വിമാന കമ്പനികള്‍ വളര്‍ച്ചയില്‍ മാത്രം ശ്രദ്ധയൂന്നാതെ ലാഭത്തിനായി കൂടി പരിശ്രമിക്കണമെന്നാണ്. ഇത്തരത്തില്‍ ലാഭക്ഷമത ഉറപ്പ് വരുത്താനുള്ള തന്ത്രങ്ങള്‍ മെനയുന്നതില്‍ ആരംഭദശയില്‍ തന്നെ പരാജയപ്പെട്ടതാണ് പല കമ്പനികളും ഇന്നനുഭവിക്കുന്ന ഗുരുതരാവസ്ഥയ്ക്ക് കാരണം. കഴിഞ്ഞ ഒക്‌റ്റോബറില്‍, ആഭ്യന്തര യാത്രികരുടെ എണ്ണത്തില്‍ തുടര്‍ച്ചയായി 50 മാസം ഇരട്ടയക്ക വളര്‍ച്ച നേടിയെന്ന നേട്ടത്തിനാണ് ഇന്ത്യന്‍ വ്യോമയാനരംഗം അര്‍ഹമായത്. എന്നാല്‍ ഈ വളര്‍ച്ച കമ്പനികളുടെ ബാലന്‍സ് ഷീറ്റില്‍ നിഴലിക്കുന്നില്ല എന്നതാണ് പ്രശ്‌നം. ലിസ്റ്റഡ് കമ്പനിയായ ശേഷം ആദ്യമായിട്ടാണ് കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ ഇന്‍ഡിഗോ നഷ്ടം രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ പാദത്തില്‍ ജെറ്റ് എയര്‍വേസ് രേഖപ്പെടുത്തിയത് 1,297 കോടി രൂപയുടെ നഷ്ടമായിരുന്നു. കുറഞ്ഞ നിരക്ക്, വിമാന ഇന്ധനത്തിന്റെ വിലയിലെ വര്‍ധന തുടങ്ങിയ ഘടകങ്ങളാണ് ഇന്‍ഡിഗോ പോലുള്ള സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയായത്. നിരക്ക് കൂട്ടുന്നതും സാമ്പത്തിക അച്ചടക്കത്തിന് ഉതകുന്നതുമായ പദ്ധതികള്‍ ആവിഷ്‌കരിച്ചില്ലെങ്കില്‍ വലിയ പ്രതിസന്ധിയിലേക്കായിരിക്കും ഈ മേഖല നീങ്ങുക.

Comments

comments

Categories: Editorial, Slider