ഇ കൊമേഴ്‌സ് എഫ്ഡിഐ നയം നടപ്പിലാക്കുന്നത് നീട്ടി വെച്ചേക്കും

ഇ കൊമേഴ്‌സ് എഫ്ഡിഐ നയം നടപ്പിലാക്കുന്നത് നീട്ടി വെച്ചേക്കും

ന്യൂഡെല്‍ഹി: ഇ കൊമേഴ്‌സ് കമ്പനികള്‍ക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപ (എഫ്ഡിഐ)ത്തില്‍ വരുത്തിയ മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിന് അനുവദിച്ചിരിക്കുന്ന തിയതി കേന്ദ്ര സര്‍ക്കാര്‍ നീട്ടി നല്‍കിയേക്കും. ഫെബ്രുവരി 1 മുതല്‍ എഫ്ഡിഐ മാറ്റങ്ങള്‍ നടപ്പിലാക്കണമെന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ഈ തിയതി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആമസോണും ഫ്‌ളിപ്കാര്‍ട്ടുമടക്കമുള്ള ഇ കൊമേഴ്‌സ് കമ്പനികള്‍ രംഗത്തെത്തിയിരുന്നു.

കമ്പനികളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ച് വരികയാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. കുറഞ്ഞത് രണ്ട് മാസത്തേക്ക് കൂടി സമയം നീട്ടി നല്‍കുന്നതാണ് കേന്ദ്രം പരിഗണിക്കുന്നത് എന്നാണ് സൂചന.

രാജ്യത്തെ എല്ലാ പ്രാദേശിക ചട്ടങ്ങളും വ്യവസ്ഥകളും തങ്ങള്‍ പാലിക്കുന്നുണ്ടെന്നും എന്നാല്‍ നയം സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വ്യക്തത ഉണ്ടായിട്ടില്ലെന്നുമാണ് യുഎസ് കമ്പനിയായ ആമസോണ്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ വഴിയുള്ള വില്‍പനയ്ക്ക് കൃത്യമായ നിയന്ത്രണങ്ങളാണ് എഫ്ഡിഐ നയത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ (ഡിഐപിപി)നിര്‍ദേശിച്ചിരിക്കുന്നത്.ഒരു കമ്പനിയുടെ പുതിയതായി പുറത്തിറക്കിയ ഉല്‍പന്നം ഏതെങ്കിലും ഒരു ഇകോമേഴ്‌സ് സൈറ്റില്‍ മാത്രമായി വില്‍പന (എക്‌സ്‌ക്ലൂസിവ് സെയില്‍) നടത്താന്‍ പാടില്ല, ഇ കൊമേഴ്‌സ് സൈറ്റുകള്‍ ഏതെങ്കിലും ഒരു ഉല്പാദകന്റെ 25 ശതമാനത്തിലധികം പ്രൊഡക്റ്റുകള്‍ വാങ്ങാന്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങള്‍ നയത്തില്‍ ഉള്‍പ്പെടുന്നു.

Comments

comments

Categories: Business & Economy