സഖ്യ സര്‍ക്കാര്‍ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിപ്പിക്കാം: രഘുറാം രാജന്‍

സഖ്യ സര്‍ക്കാര്‍ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിപ്പിക്കാം: രഘുറാം രാജന്‍

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സാമ്പത്തിക വളര്‍ച്ച ശക്തം; ജിഎസ്ടിയും പാപ്പരത്ത നിയമവും ഗുണം ചെയ്തു; നോട്ട് അസാധുവാക്കല്‍ തിരിച്ചടിയായി

ദാവോസ്: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം മുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ അത് സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത ശേഷം ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് രാജന്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിരുദ്ധ ചേരികളില്‍ നില്‍ക്കുന്ന പ്രാദേശിക കക്ഷികളെ കൂട്ടിച്ചേര്‍ത്ത് മോദി സര്‍ക്കാരിനെതിരെ വിശാല മുന്നണി സാധ്യമാക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഒറ്റക്കക്ഷി ഭരണത്തെ പിന്തുണച്ചുകൊണ്ടുള്ള രാജന്റെ പ്രസ്താവന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിലവിലെ ഭരണകക്ഷിയായ ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയേക്കില്ലെന്നും മുന്നണി ഭരണം നിലവില്‍ വന്നേക്കാമെന്നുമുള്ള അഭിപ്രായ സര്‍വേകളും പുറത്തു വന്നിരുന്നു. പ്രതിപക്ഷത്തിനൊപ്പം ഭരണകക്ഷിക്കുമുള്ള മുന്നറിയിപ്പായാണ് മുന്‍ ആര്‍ബിഐ ഗവര്‍ണറുടെ അഭിപ്രായം വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ശക്തമായ സാമ്പത്തിക വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നും മുന്‍പ് നരേന്ദ്രമോദി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു. ‘മെച്ചപ്പെട്ട വളര്‍ച്ചാ നിരക്കാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നമുക്കുണ്ടായത്. എന്നാല്‍ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു. അടിയന്തിരമായി പരിഹാരം കാണേണ്ട വിഷയങ്ങള്‍ കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും തൊഴിലില്ലായ്മയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും തൊഴിലില്ലായമ്ക്ക് പരിഹാരമായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ചരക്കു സേവന നികുതി (ജിഎസ്ടി), പാപ്പരത്ത നിയമം തുടങ്ങിയ മോദി സര്‍ക്കാരിന്റെ സുപ്രധാന നയങ്ങളെ അദ്ദേഹം സ്വാഗതം ചെയ്തു. ജിഎസ്ടി നടപ്പാക്കല്‍ സകാരാത്മക നടപടിയെന്നായിരുന്നു അഭിപ്രായം. അതേസമയം നോട്ട് അസാധുവാക്കല്‍ സമ്പദ് വ്യവസ്ഥക്ക് തിരിച്ചടിയായിരുന്നെന്ന അഭിപ്രായം രാജന്‍ ആവര്‍ത്തിച്ചു. റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിന്റെ ഇടപെടല്‍ ആരോപിച്ച് ഉര്‍ജിത് പട്ടേല്‍, ഗവര്‍ണര്‍ സ്ഥാനം രാജി വച്ച സംഭവം ആശങ്കപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യവസായങ്ങള്‍ക്കായി രാജ്യത്ത് അനുകൂല പരിതസ്ഥിതി സൃഷ്ടിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ” രാജ്യ പുരോഗതിക്കായി നാം ഉചിതമായ ചട്ടക്കൂട് സൃഷ്ടിക്കേണ്ടതുണ്ട്. സ്വകാര്യ നിക്ഷേപത്തെ പുനരുജ്ജീവിപ്പിക്കുകയും വേണം. മന്ത്രിസഭയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന വ്യക്തിക്കാകണം മാനവ വിഭവ വികസന മന്ത്രാലയത്തിന്റെ ചുമതല നല്‍കേണ്ടത്,” രാജന്‍ ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യ പദ്ധതികള്‍ നടപ്പാക്കുന്നതും ഭൂമിയേറ്റെടുക്കലുമാണ് സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തേണ്ടതുണ്ട്. ഇതിലൂടെ മനുഷ്യ മൂലധനം വര്‍ധിപ്പിക്കാമെന്നും ഇത് രാജ്യത്തിന് നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ മത്സരക്ഷമതയുള്ള തലമുറയെയല്ല നമ്മുടെ വിദ്യാഭ്യാസ പദ്ധതി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

പൊതുമേഖലാ ബാങ്കുകളില്‍ കുമിഞ്ഞു കൂടുന്ന നിഷ്‌ക്രിയാസ്തികള്‍ തുടച്ചു നീക്കണമെന്നും അവ പുനര്‍മൂലധനവല്‍ക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ബാങ്കിംഗ് മേഖലയിലെ പരിഷ്‌കാരങ്ങള്‍ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ ഇടപെടലുകളാല്‍ തടഞ്ഞു വെക്കപ്പെട്ടിരിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം പൊതുമേഖലാ ബാങ്കുകളിലെ രാഷ്ട്രീയ സ്വാധീനം കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു.

രാഷ്ട്രീയത്തിലേക്കില്ല; മന്ത്രിയാവാനില്ല!

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കേന്ദ്രമന്ത്രിയാകും എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ അദ്ദേഹം തള്ളിക്കളഞ്ഞു. താനൊരു രാഷ്ട്രീയക്കാരനല്ലെന്നും കേള്‍ക്കുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പക്ഷത്തുമുള്ള രാഷ്ട്രീയക്കാരുമായി താന്‍ സംസാരിക്കാറുണ്ടെന്നും മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രിക തയാറാക്കാന്‍ കോണ്‍ഗ്രസ് രാജന്റെ സഹായം തോടുന്നെന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു.

Comments

comments

Categories: FK News, Slider