ബജാജ് ക്യൂട്ട് മാര്‍ച്ചില്‍ വിപണിയിലെത്തും

ബജാജ് ക്യൂട്ട് മാര്‍ച്ചില്‍ വിപണിയിലെത്തും

ഏകദേശം രണ്ട് ലക്ഷം രൂപയായിരിക്കും വില

ന്യൂഡെല്‍ഹി : ബജാജ് ഓട്ടോയുടെ ക്വാഡ്രിസൈക്കിള്‍ വാഹനമായ ക്യൂട്ട് രണ്ട് മാസത്തിനകം വിപണിയിലെത്തും. മാര്‍ച്ച് മാസത്തോടെ ബജാജ് ക്യൂട്ടിനെ നിരത്തുകളില്‍ കാണാന്‍ കഴിയുമെന്ന് ബജാജ് ഓട്ടോ ഇന്ത്യ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ രാകേഷ് ശര്‍മ്മ സ്ഥിരീകരിച്ചു. കാര്‍ പോലെ വിശാലമാണ് ബജാജ് ക്യൂട്ട്. സുഖകരവും സുരക്ഷിതവുമായ യാത്ര സമ്മാനിക്കും. ഏകദേശം രണ്ട് ലക്ഷം രൂപയായിരിക്കും വില. ലഗേജ് സൂക്ഷിക്കുന്നതിന് മതിയായ സ്ഥലം ലഭ്യമാണ്.

ഇന്ത്യയില്‍ ക്യൂട്ട് പുറത്തിറക്കുന്നതിന് ബജാജ് ഓട്ടോ ഇന്ത്യ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ ക്വാഡ്രിസൈക്കിളുകള്‍ പാസഞ്ചര്‍ വാഹനങ്ങളായി ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. 2018 ജൂണിലാണ് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം അനുമതി നല്‍കിയത്. ക്യൂട്ട് ക്വാഡ്രിസൈക്കിള്‍ നിലവില്‍ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയാണ് ബജാജ് ഓട്ടോ. ക്വാഡ്രിസൈക്കിളുകള്‍ സംബന്ധിച്ച നിര്‍മ്മാണ നിലവാരത്തിലും രൂപകല്‍പ്പനയിലും യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് ബജാജ് ക്യൂട്ട്.

217 സിസി, 4 സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബജാജ് ക്യൂട്ടിന് കരുത്തേകുന്നത്. 13 ബിഎച്ച്പി കരുത്തും 19.6 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെച്ചിരിക്കുന്നു. മണിക്കൂറില്‍ 70 കിലോമീറ്ററായി ടോപ് സ്പീഡ് പരിമിതപ്പെടുത്തി. ഒരു ലിറ്റര്‍ പെട്രോള്‍ നിറച്ചാല്‍ 36 കിലോമീറ്റര്‍ സഞ്ചരിക്കാം. എട്ട് ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി.

Comments

comments

Categories: Auto
Tags: Bajaj Qute