സിക്‌സ് സീറ്റ്, പ്രീമിയം എര്‍ട്ടിഗ ഉടനെത്തും

സിക്‌സ് സീറ്റ്, പ്രീമിയം എര്‍ട്ടിഗ ഉടനെത്തും

സിക്‌സ് സീറ്റ് വേര്‍ഷന്‍ പ്രീമിയം മോഡലായി നെക്‌സ ഡീലര്‍ഷിപ്പുകളിലൂടെ മാത്രം വില്‍ക്കും

ന്യൂഡെല്‍ഹി : മൂന്ന് നിരകളിലായി ഏഴ് സീറ്റുകളുള്ള രണ്ടാം തലമുറ മാരുതി സുസുകി എര്‍ട്ടിഗയാണ് ഇപ്പോള്‍ വിറ്റുവരുന്നത്. എന്നാല്‍ സിക്‌സ് സീറ്റ് എര്‍ട്ടിഗ വിപണിയിലെത്തിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് മാരുതി സുസുകി. എര്‍ട്ടിഗയുടെ പുതിയ ടോപ് വേരിയന്റ് ആയിരിക്കും സിക്‌സ് സീറ്റ് വേര്‍ഷന്‍. പ്രീമിയം മോഡലായി നെക്‌സ ഡീലര്‍ഷിപ്പുകളിലൂടെ മാത്രമായിരിക്കും വില്‍പ്പന. നിലവിലെ എര്‍ട്ടിഗ അരീന ഷോറൂമുകളിലൂടെയാണ് വില്‍ക്കുന്നത്.

മധ്യനിരയില്‍ ക്യാപ്റ്റന്‍ ചെയറുകള്‍ നല്‍കുമെന്നതാണ് പ്രീമിയം എര്‍ട്ടിഗയിലെ ഏറ്റവും വലിയ മാറ്റം. സ്റ്റാന്‍ഡേഡ് എര്‍ട്ടിഗയില്‍ മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന ബെഞ്ച് സീറ്റാണ് നല്‍കിയിരിക്കുന്നത്. ടൊയോട്ട ഇന്നോവ ക്രിസ്റ്റ, റെനോ ലോഡ്ജി, മഹീന്ദ്ര മറാറ്റ്‌സോ തുടങ്ങിയ മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍ മധ്യനിരയില്‍ ക്യാപ്റ്റന്‍ ചെയറുകള്‍ നല്‍കിവരുന്നുണ്ട്. ആ നിലയിലേക്ക് എര്‍ട്ടിഗയെ ഉയര്‍ത്തുകയാണ് പ്രീമിയം വേര്‍ഷന്‍ പുറത്തിറക്കുന്നതിലൂടെ മാരുതി സുസുകി ഉദ്ദേശിക്കുന്നത്.

സിക്‌സ് സീറ്റര്‍ എര്‍ട്ടിഗയുടെ ഇന്റീരിയര്‍ കൂടുതല്‍ പ്രീമിയം ആയിരിക്കും. സെവന്‍ സീറ്റ് എര്‍ട്ടിഗയില്‍ ഫാബ്രിക് സീറ്റുകളാണെങ്കില്‍ സിക്‌സ് സീറ്റ്, പ്രീമിയം എര്‍ട്ടിഗയില്‍ ഫോ ലെതര്‍ അപ്‌ഹോള്‍സ്റ്ററി നല്‍കും.

സീറ്റുകള്‍, അപ്‌ഹോള്‍സ്റ്ററി എന്നിവ കൂടാതെ, സുസുകി സ്വന്തമായി വികസിപ്പിച്ച 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ പുതിയ വേര്‍ഷനില്‍ അരങ്ങേറ്റം നടത്തും. ഇതേതുടര്‍ന്ന് എര്‍ട്ടിഗയുടെ മറ്റ് വേരിയന്റുകളിലും ഈ എന്‍ജിന്‍ നല്‍കും. 1.3 ലിറ്റര്‍ ഡിഡിഐഎസ് എന്‍ജിന്‍ ഉപേക്ഷിക്കാനാണ് മാരുതി സുസുകിയുടെ തീരുമാനം. ബിഎസ് 6 പാലിക്കുന്നതിന് ഈ എന്‍ജിന്‍ പരിഷ്‌കരിക്കാന്‍ മാരുതി സുസുകി തയ്യാറല്ല.

Comments

comments

Categories: Auto