യമഹ എഫ്ഇസഡ് 25, ഫേസര്‍ 25 ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതം

യമഹ എഫ്ഇസഡ് 25, ഫേസര്‍ 25 ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതം

രണ്ട് 250 സിസി ബൈക്കുകളിലും ഡുവല്‍ ചാനല്‍ എബിഎസ് നല്‍കി

ന്യൂഡെല്‍ഹി : യമഹ എഫ്ഇസഡ് 25, ഫേസര്‍ 25 മോട്ടോര്‍സൈക്കിളുകളുടെ ഡുവല്‍ ചാനല്‍ എബിഎസ് വേര്‍ഷന്‍ അവതരിപ്പിച്ചു. യഥാക്രമം 1.33 ലക്ഷം രൂപ, 1.43 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. രണ്ട് 250 സിസി മോട്ടോര്‍സൈക്കിളുകളും പുതിയ കളര്‍ ഓപ്ഷനുകളിലാണ് വരുന്നത്. ഡാര്‍ക്ക് മാറ്റ് ബ്ലൂ, മാറ്റ് ബ്ലാക്ക്, സിയാന്‍ ബ്ലൂ എന്നിവയാണ് എഫ്ഇസഡ് 25 മോഡലിന്റെ പുതിയ നിറങ്ങള്‍. ഫേസര്‍ 25 മോട്ടോര്‍സൈക്കിളിന്റെ പെയിന്റ് ഓപ്ഷനുകള്‍ ഡാര്‍ക്ക് മാറ്റ് ബ്ലൂ, മെറ്റാലിക് ബ്ലാക്ക് എന്നിവയാണ്.

മേല്‍പ്പറഞ്ഞ പരിഷ്‌കാരങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഇരു ബൈക്കുകളിലും മറ്റ് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. നിലവിലെ അതേ 249 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിന്‍ എഫ്ഇസഡ് 25, ഫേസര്‍ 25 മോട്ടോര്‍സൈക്കിളുകള്‍ തുടര്‍ന്നും ഉപയോഗിക്കും. ഈ മോട്ടോര്‍ 20 ബിഎച്ച്പി കരുത്തും 20 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. ദൈനംദിന യാത്രാ ആവശ്യങ്ങള്‍ക്കും വല്ലപ്പോഴുമുള്ള ദീര്‍ഘ യാത്രകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ഓള്‍റൗണ്ട് മോട്ടോര്‍സൈക്കിളുകള്‍ എന്ന സല്‍പ്പേര് സമ്പാദിക്കാന്‍ ഇരു മോഡലുകള്‍ക്കും കഴിഞ്ഞിട്ടുണ്ട്.

ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ഓഡോമീറ്റര്‍, ടാക്കോമീറ്റര്‍, ട്രിപ് മീറ്റര്‍ എന്നിവ ഉള്‍പ്പെടുന്ന ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, ഫ്യൂവല്‍ കണ്‍സംപ്ഷന്‍ റീഡ്-ഔട്ട്, 2 പീസ് സീറ്റ് തുടങ്ങിയവ യമഹ എഫ്ഇസഡ് 25 മോഡലിന്റെ സവിശേഷതകളാണ്. വ്യത്യസ്ത വസ്തു ഉപയോഗിച്ചുനിര്‍മ്മിച്ച സീറ്റ്, ഹെഡ്‌ലാംപിന് താഴെ രണ്ട് പുതിയ എല്‍ഇഡി പൊസിഷനിംഗ് ലാംപുകള്‍, പുതിയ ഡുവല്‍ ഹോണ്‍, ഫെയറിംഗ് എന്നിവയാണ് ഫേസര്‍ 25 മോട്ടോര്‍സൈക്കിള്‍ സംബന്ധിച്ച ഫീച്ചറുകള്‍. രണ്ട് ബൈക്കുകളുടെയും പിന്‍ഭാഗം ഒരുപോലെയാണ്. റിയര്‍ ടയര്‍ ഹഗ്ഗര്‍, വെള്ളി നിറത്തിലുള്ള ഗ്രാബ് റെയില്‍ തുടങ്ങിയവ കാണാം.

Comments

comments

Categories: Auto
Tags: Yamaha FZ 25