ടോങ്കയില്‍ ഇന്റര്‍നെറ്റ് ‘ബ്ലാക്ക് ഔട്ട് ‘

ടോങ്കയില്‍ ഇന്റര്‍നെറ്റ് ‘ബ്ലാക്ക് ഔട്ട് ‘

നുക്കുവാലോഫ(ടോങ്ക): സമുദ്രത്തിനടിയിലുള്ള കേബിള്‍ തകര്‍ന്നതിനെ തുടര്‍ന്നു ടോങ്ക എന്ന തെക്കന്‍ ശാന്തസമുദ്രത്തിലെ ദ്വീപസമൂഹത്തിന് ഇന്റര്‍നെറ്റ് ബന്ധം നഷ്ടപ്പെട്ടു. ഇതേ തുടര്‍ന്ന് സെല്‍ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെട്ടു. 176 ദ്വീപുകള്‍ കൂടിച്ചേര്‍ന്നതാണ് കിങ്ഡം ഓഫ് ടോങ്ക. ഇതില്‍ 52 ദ്വീപുകളില്‍ മാത്രമാണു മനുഷ്യവാസമുള്ളത്. ഏകദേശം 1,10,000 ആണ് ടോങ്കയിലെ ജനസംഖ്യ. ടൂറിസം പ്രധാന വരുമാനമായ ദ്വീപില്‍ ഇന്റര്‍നെറ്റിനെ ആശ്രയിച്ചാണു ബിസിനസ് നടക്കുന്നത്. എയര്‍ലൈന്‍സ് കമ്പനികള്‍ ബുക്കിംഗ് നടത്തുന്നത് ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ഭൂരിഭാഗവും ആശ്രയിച്ചിരിക്കുന്നത് ഇന്റര്‍നെറ്റിനെയാണ്. ഈ സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് ബന്ധം തടസപ്പെട്ടതു ദ്വീപസമൂഹത്തെ ദോഷകരമായി ബാധിച്ചു. 20-ാം തീയതി ഞായറാഴ്ചയാണു സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പ്രശ്‌നം പരിഹരിക്കാന്‍ ആഴ്ചകളെടുക്കുമെന്നാണു സൂചന. ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഈസിനെറ്റ് എന്ന സാറ്റ്‌ലൈറ്റ് കണക്ഷനെയാണ് ഇപ്പോള്‍ ആശ്രയിച്ചിരിക്കുന്നത്. അതിനിടെ, അവശ്യകാര്യങ്ങള്‍ നടത്തുന്നിന് ആവശ്യമുള്ള ബാന്‍ഡ്‌വിഡ്ത്ത് നിലനിര്‍ത്താന്‍ അനിവാര്യമല്ലാത്ത ഫേസ്ബുക്ക്, യു ട്യൂബ് പോലുള്ള സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇന്റര്‍നെറ്റിലേക്ക് പ്രവേശിക്കുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തിയത് മണി ട്രാന്‍സ്ഫര്‍ പോലുള്ള സേവനങ്ങള്‍ സുഗമമായി ലഭിക്കുന്നതിനു തടസമായി. ടോങ്ക, ഫിജി എന്നിവയ്ക്കിടയിലായി 827 കിലോമീറ്റര്‍ ദൂരത്തിലാണു ടോങ്ക കേബിള്‍ വലിച്ചിരിക്കുന്നത്. ഇതില്‍ തകരാര്‍ സംഭവിച്ചതായി കരുതുന്നത് 80 കിലോമീറ്ററോളം വരുന്ന പ്രദേശത്താണ്. ഇപ്പോള്‍ കടലിനടിയില്‍ തകര്‍ന്ന കേബിള്‍ അറ്റകുറ്റപ്പണി ചെയ്ത് തീരും വരെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രധാനമായും നവമാധ്യമങ്ങളിലേക്കുള്ള പ്രവേശനത്തിനാണു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ടോങ്ക കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്, ഡിജിസെല്‍ ടോങ്ക ലിമിറ്റഡ് എന്നീ പേരുകളിലുള്ള രണ്ട് കമ്പനികളാണ് ടോങ്കയില്‍ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍. ഇന്റര്‍നാഷണല്‍ കണക്ഷന്‍ കൈകാര്യം ചെയ്യുന്നത് ടോങ്ക കേബിള്‍ ലിമിറ്റഡാണ്.

Comments

comments

Categories: FK News
Tags: Blackout