സ്റ്റീല്‍ ഉല്‍പാദനം; ജപ്പാനെ കടത്തിവെട്ടി ഇന്ത്യ രണ്ടാംസ്ഥാനത്തേക്ക്

സ്റ്റീല്‍ ഉല്‍പാദനം; ജപ്പാനെ കടത്തിവെട്ടി ഇന്ത്യ രണ്ടാംസ്ഥാനത്തേക്ക്

857 മില്യണ്‍ ടണ്‍ സ്റ്റീല്‍ ഉല്‍പാദനവുമായി ചൈനയാണ് സ്റ്റീല്‍ ഉല്‍പാദനത്തില്‍ ലോകത്തില്‍ ഒന്നാംസ്ഥാനത്ത്

ഭുവനേശ്വര്‍:സ്റ്റീല്‍ ഉല്‍പാദനത്തില്‍ ജപ്പാനെ കടത്തിവെട്ടി ഇന്ത്യ രണ്ടാംസ്ഥാനത്ത്. 96.92 മില്യണ്‍ ടണ്‍ ക്രൂഡ് സ്റ്റീല്‍ ഉല്‍പാദനവുമായി ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റീല്‍ ഉല്‍പാദക രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ചൈനയാണ് സ്റ്റീല്‍ ഉല്‍പാദനത്തില്‍ ഒന്നാംസ്ഥാനത്ത്. രാജ്യത്ത് സ്റ്റീലിനുള്ള ആവശ്യം വര്‍ധിച്ചതോടെ നിര്‍മ്മാണമേഖലയില്‍ പരിഷ്‌കാരനടപടികള്‍ കൊണ്ടുവന്ന് ഉല്‍പാദനം മെച്ചപ്പെടുത്താനുള്ള നടപടികള്‍ ഇന്ത്യ കൈക്കൊണ്ടിരുന്നു.
ലോക സ്റ്റീല്‍ അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം 2018ലെ ആദ്യ പതിനൊന്ന് മാസങ്ങളില്‍ 96.92 മില്യണ്‍ ടണ്‍ ക്രൂഡ് സ്റ്റീലാണ് ഇന്ത്യ ഉല്‍പാദിപ്പിച്ചത്. അതേസമയം മുന്‍വര്‍ഷം ഇതേ കാലയളവില്‍ 92.39 മില്യണ്‍ ടണ്‍ സ്റ്റീല്‍ മാത്രമാണ് ഇന്ത്യ ഉല്‍പാദിപ്പിച്ചിരുന്നത്. ഉല്‍പാദനത്തില്‍ 4.9 ശതമാനത്തിന്റെ വര്‍ധനവാണ് ഒരു വര്‍ഷം കൊണ്ട് ഇന്ത്യ കരസ്ഥമാക്കിയത്.
നേരത്തെ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന ജപ്പാന്റെ സ്റ്റീല്‍ ഉല്‍പാദനത്തില്‍ ഇതേ കാലയളവില്‍ 0.1 ശതമാനത്തിന്റെ കുറവുണ്ടായി. 95.86 മില്യണ്‍ ടണ്‍ ആണ് ജപ്പാന്റെ കഴിഞ്ഞ വര്‍ഷത്തെ സ്റ്റീല്‍ ഉല്‍പാദനം. അതേസമയം 857 മില്യണ്‍ ടണ്‍ സ്റ്റീല്‍ ഉല്‍പാദനവുമായി ചൈന ഒന്നാംസ്ഥാനം നിലനിര്‍ത്തി.
രാജ്യത്ത് സ്റ്റീലിനുള്ള ആവശ്യം വലിയതോതില്‍ വര്‍ധിച്ചതോടെയാണ് ഉല്‍പാദനവും കൂടിയതെന്ന് ലോക സ്റ്റീല്‍ അസോസിയേഷനിലെ ഡാറ്റാമാനേജ്‌മെന്റ് മേധാവി ആദം ഷ്വിസ്‌ക് പറഞ്ഞു. ഇന്ത്യയില്‍ 2017 വര്‍ഷത്തില്‍ സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ ആളോഹരി ഉപഭോഗം 66.2 കിലോഗ്രാം ആയിരുന്നു. ആഗോളതലത്തില്‍ ഇത് 212.3 കിലോഗ്രാം ആണ്. ഉപഭോഗത്തിനനുസരിച്ച് ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള വലിയ സാധ്യതയാണ് ഇന്ത്യയ്ക്കുള്ളതെന്നും ഷ്വിസ്‌ക് അഭിപ്രായപ്പെട്ടു.
സ്റ്റീലിന്റെ ആവശ്യകതയില്‍ 7.3 ശതമാനം വര്‍ധനവിന് സാധ്യതയുള്ളതിനാല്‍ 2019 അവസാനത്തോടെ സ്റ്റീല്‍ ഉപഭോഗത്തിലും ഇന്ത്യ രണ്ടാംസ്ഥാനത്ത് എത്തുമെന്ന അഭിപ്രായവും ലോക സ്റ്റീല്‍ അസോസിയേഷന്‍ പങ്കുവെച്ചു.
നോട്ട് നിരോധനവും ജിഎസ്ടി പരിഷ്‌കാരങ്ങളും വരുത്തിവച്ച ആഘാതങ്ങളില്‍ നിന്നും കരകയറിയ ഇന്ത്യന്‍ സ്റ്റീല്‍ വ്യവസായമാണ് പൊതുവെ മോശപ്പെട്ട സമയം പ്രവചിക്കപ്പെട്ടിരിക്കുന്ന ലോക സ്റ്റീല്‍ വ്യവസായ മേഖലയുടെ പ്രതീക്ഷകളിലൊന്ന്.
ഔദ്യോഗിക തടസങ്ങള്‍ കാരണം മന്ദതയിലായിരുന്ന സ്റ്റീല്‍ ഉല്‍പാദനരംഗത്തിന് ഉണര്‍വ്വേകാന്‍ നിരവധി പരിഷ്‌കാര നടപടികള്‍ കഴിഞ്ഞിടെ ഇന്ത്യ കൈക്കൊണ്ടിരുന്നു. കൂടാതെ അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ സ്റ്റീലിനുള്ള ആവശ്യവും വര്‍ധിച്ചുവരികയാണ്. ഈ വസ്തുതകളും ജനസംഖ്യ അനുബന്ധ അനുകൂലഘടകങ്ങളും മാക്രോ എക്കണോമിക് അടിസ്ഥാനതത്വങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഇത് സ്റ്റീല്‍ ഉപഭോഗത്തില്‍ സ്ഥിരതയാര്‍ന്ന വളര്‍ച്ച ഉണ്ടാകുന്നതിനും കാരണമാകുമെന്നും ഷ്വിസ്‌ക് പറഞ്ഞു.
ഇന്ത്യന്‍ സ്റ്റീല്‍ അസോസിയേഷനുമായി ചേര്‍ന്ന് രാജ്യത്ത് നടത്തിയ ലോകപഠനത്തില്‍ നിര്‍മ്മാണ മേഖലയാണ് രാജ്യത്തെ സ്റ്റീല്‍ ഉപഭോഗത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. അടിസ്ഥാന സൗകര്യ വികസനം, പാര്‍പ്പിടങ്ങള്‍ക്കുള്ള ആവശ്യകത, താങ്ങാനാകുന്ന പാര്‍പ്പിട നിര്‍മ്മാണച്ചിലവ് തുടങ്ങിയ ഘടകങ്ങള്‍ നിര്‍മ്മാണമേഖലയില്‍ സ്റ്റീലിന്റെ ആവശ്യമേറുന്നതിന് കാരണമായി.

Comments

comments

Categories: Business & Economy