പറുദീസയിലെ ദ്വീപുകളില്‍ അസ്വസ്ഥതയുടെ വിത്തുകള്‍

പറുദീസയിലെ ദ്വീപുകളില്‍ അസ്വസ്ഥതയുടെ വിത്തുകള്‍

പാര്‍ട്ടികള്‍ കളംമാറുന്നു; പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് ഏപ്രിലില്‍

മാലദ്വീപില്‍ അധികാരത്തിലേക്കുള്ള വടം വലികള്‍ പ്രവചനാതീതമായിരുന്നു. നിലവിലുണ്ടായിരുന്ന പ്രസിഡന്റ് അബ്ദുള്ള യമീന്‍ അബ്ദുള്‍ ഗയൂം ഏകാധിപതിയേപ്പോലെയാണ് കാലാവധി പൂര്‍ത്തിയാക്കിയത്. ഈ സാഹചര്യത്തില്‍ തെരഞ്ഞടുപ്പുപോലും റദ്ദാക്കപ്പെടുമോ എന്ന് അന്താരാഷ്ട്രസമൂഹത്തിന് ആശങ്കയുണ്ടായിരുന്നു. അങ്ങിനെ സംഭവിച്ചാലുണ്ടാകാവുന്ന ഉപരോധങ്ങളും ജനരോഷവും മറ്റും കണക്കിലെടുത്താകാം അബ്ദുള്ള യമീന്‍ അട്ടിമറിക്ക് തുനിയാതിരുന്നത്. എങ്കിലും പറുദീസയിലെ ദ്വീപുകളായി കരുതപ്പെടുന്ന മാലദ്വീപുകളിലെ കൂട്ടുകക്ഷി രാഷ്ട്രീയത്തില്‍ അസ്വസ്ഥതയുടെ വിത്തുകള്‍ വീണുതുടങ്ങി.
2011 മുതല്‍ പ്രതിപക്ഷ സഖ്യമായ മാലിദിവിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എംഡിപി) നേതാവായിരുന്ന ഇബ്രാഹിം മുഹമ്മദ് സോലിഹാണ് പുതിയ പ്രസിഡന്റെന്നത് ഇന്ത്യക്കും ഗുണകരമായി. ചൈനയോട് ആഭിമുഖ്യം പുലര്‍ത്തിവന്ന നേതാവായിരുന്നു അബ്ദുള്ള യമീന്‍. കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ചായിരുന്നു യമീന്റെ പരാജയം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 26 പവിഴപ്പുറ്റുകളും 1192 ദ്വീപുകളും ചേര്‍ന്നതാണ് മാലദ്വീപസമൂഹം. നാലുലക്ഷത്തോളം ജനങ്ങള്‍ അധിവസിക്കുന്ന ഇവിടെ പ്രധാന വരുമാനമാര്‍ഗം വിനോദ സഞ്ചാരമാണ്.

എന്നാല്‍ ഇന്ന് മാലദ്വീപിലെയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി നയിക്കുന്ന കൂട്ടുകക്ഷി ഭരണസംവിധാനം തകര്‍ച്ചയുടെ വക്കിലാണ്. വരാനിരിക്കുന്ന പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ മറ്റു പാര്‍ട്ടികളുമായി തുറന്ന മനസോടെയുള്ള ചര്‍ച്ച നടത്തുമെന്ന് ജുമഹൂരി പാര്‍ട്ടി നേതാവ് ഗാസിം ഇബ്രാഹിം പ്രഖ്യാപിച്ചത് ഇതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. എംഡിപി നേതാവ് മുഹമ്മദ് നഷീദിനെതിരെ പ്രചാരണയോഗങ്ങളില്‍ അദ്ദേഹം കടന്നാക്രമിച്ചിരുന്നു. 87 മണ്ഡലങ്ങളില്‍ നഷീദ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരുന്നു. ഇത് സഖ്യകരാറിന്റെ നഗ്നമായ ലംഘനമാണെന്നാണ് ഗാസിം ഇബ്രാഹിം ആരോപിക്കുന്നത്. പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് ഏപ്രില്‍ മാസത്തിലാണ് നടക്കുക. കഴിഞ്ഞ വര്‍ഷം നവംബറിലും ഡിസംബറിലുമായി നടക്കേണ്ട തെരഞ്ഞെടുപ്പുകള്‍ സുരക്ഷാ സംവിധാനത്തിലെ ആശങ്കമൂലം ഏപ്രില്‍ മാസത്തിലേക്ക് മാറ്റുകയായിരുന്നു.

ഇക്കാര്യം എംഡിപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ജുമഹൂരി പാര്‍ട്ടിയെ അവര്‍ ഒഴിവാക്കുകയായിരുന്നുവെന്ന് ഗാസിം ആരോപിക്കുന്നു. എല്ലാവിഭാഗം പാര്‍ട്ടികളുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും അതിന്റെയടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ പ്രസിഡന്റായി അധികാരമേറ്റശേഷം ഇബ്രാഹിം മുഹമ്മദ് സോലിഹ് ഗാസിമിന്റെ പാര്‍ട്ടി, അദാലത്ത് പാര്‍ട്ടി, മുന്‍ പ്രസിഡന്റ് അബ്ദുള്‍ ഗയൂമിന്റെ നേതൃത്വത്തില്‍ പ്രോഗ്രസീവ് പാര്‍ട്ടിയില്‍നിന്നും വിഘടിച്ചുപോയ വിഭാഗം എന്നിവരെ ചേര്‍ത്ത് ഒരു കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ഇതിന്റെ നിലനില്‍പ്പാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. പവിഴദ്വീപുകളില്‍ ഒരു രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്താല്‍ അത് നിലവിലുള്ള പ്രസിഡന്റ് സോലിഹിനെ പ്രതിസന്ധിയിലാക്കും. ചൈനയുടെ പിന്തുണയുള്ള പുറത്താക്കപ്പെട്ട പ്രസിഡന്റ് അബ്ദുള്ള യമീന്‍ കൂടുതല്‍ കരുത്തനാകുകയും ചെയ്യും.
ഒരു കരാറിന്റെ അടിസ്ഥാത്തിലാണ് നാലു പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോള്‍ സഹകരിക്കുന്നത്. പാര്‍ലമെന്ററി തെരഞ്ഞെടുപ്പിന് ഈ സഖ്യമാകും മത്സരിക്കുകയെന്നും സ്ഥാനാര്‍ത്ഥികളെ ഒരുമിച്ച് തീരുമാനിക്കുമെന്നും കരാറിലുണ്ട്. ഇതാണ് ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നത്.
തന്ത്രപ്രധാന മേഖലയുള്ള സ്ഥാനവും ദ്വീപസമൂഹങ്ങളായതും മാലദ്വീപിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഇന്ത്യയുമായി അടുത്ത സഹകരണമുണ്ടായിരുന്ന ദ്വീപസമൂഹത്തില്‍ ചൈന നോട്ടമിടുന്നത് അങ്ങനെയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചൈനീസ് സ്വാധീനം അതിന്റെ ഉച്ചസ്ഥായിയിലെത്തിയിരുന്നു. അന്ന് അടിസ്ഥാന സൗകര്യ മേഖലയില്‍ വന്‍ നിക്ഷേപവുമായി ചൈന മുന്നേറി. അന്ന് പ്രസിഡന്റായിരുന്ന അബ്ദുള്ള യമീന്‍ ഇന്ത്യടെ അകറ്റിനിര്‍ത്തി. ഈ നയത്തിനാണ് ഇന്ന് അവസാനമായത്. ചൈനീസ് പദ്ധതികള്‍ തുടരാന്‍ പുതിയ പ്രസിഡന്റിന് താല്‍പ്പര്യമില്ല. സ്ഥാനമേറ്റ ശേഷം അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനം തന്നെ ഇന്ത്യയിലേക്കായിരുന്നുവെന്നത് ഇപ്പോഴുള്ള സര്‍ക്കാരിന്റെ നയം വ്യക്തമാക്കി.
മുന്‍ പ്രസിഡന്റ് അബ്ദുള്ള യമീന്‍ തന്റെ ഭരണാലത്ത് വന്‍ അഴിമതികള്‍ നടത്തിയായി ആരോപണമുയര്‍ന്നിരുന്നു. 2016ല്‍ അല്‍ ജസീറ നടത്തിയ അന്വേഷണത്തില്‍ യമീന്‍ ഒരു ബില്യണ്‍ ഡോളര്‍ തട്ടിയെടുത്തതായി കണ്ടത്തിയിരുന്നു. കൂടാതെ 2013ല്‍ അധികാരത്തിലേറിയതു മുതല്‍ എതിര്‍പ്പുകളെ അടിച്ചമര്‍ത്തിയാണ് യമീന്‍ ഭരണം തുടര്‍ന്നത്. രാഷ്ട്രീയ എതിരാകളെ മുഴുവന്‍ ജയിലിലടച്ചു. രാഷ്ട്രീയ അട്ടിമറിക്ക് കൂട്ടുനിന്നുവെന്നാരോപിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ളവരെയും അഴിക്കുള്ളിലാക്കി. രാജ്യത്ത് കലാപം സൃഷ്ടിച്ചുതന്നെയാണ് അദ്ദേഹം അന്ന് അധികാരത്തിലെത്തിയതും.

ഈ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടേരണ്ടുപേര്‍ മാത്രമായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത് എന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ യമീനെതിരെ തിരിഞ്ഞപ്പോള്‍ വിധി അദ്ദേഹം അംഗീകരിക്കുമോ എന്ന ആശങ്ക അമേരിക്കയടക്കമുള്ള നിരവധി രാജ്യങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ യമീന്‍ ജനവിധി അംഗീകരിച്ചു. ഇനിയും അവസരം ലഭിച്ചാല്‍ പാര്‍ട്ടി പിളര്‍ത്തിയും അരാജകത്വം സൃഷ്ടിച്ചും വീണ്ടും അധികാരത്തിലെത്താന്‍ ശേഷിയുള്ള നേതാവാണ് അദ്ദേഹം. അതിനാല്‍ ദ്വീപുകളിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ഇന്ത്യക്കുമാത്രമല്ല മറ്റ് ചിലര്‍ക്കും പ്രധാനപ്പെട്ടതുതന്നെയാണ്.

മാലദ്വീപിലെ തെരഞ്ഞെടുപ്പുഫലം ചൈനക്ക് തിരിച്ചടി തന്നെയാണ്. മാലദ്വീപ്, ശ്രീലങ്ക, പാക്കിസ്ഥാന്‍ തുടങ്ങി ഇന്ത്യയെ ചുറ്റിക്കിടക്കുന്ന ഭൂവിഭാഗങ്ങളില്‍ ഒരു ഏകാധിപതിയെയാണ് അവര്‍ ആഗ്രഹിക്കുന്നത്. ശ്രീലങ്കയില്‍ മഹീന്ദ രാജപക്‌സെയെ പ്രധാനമന്ത്രിയാക്കാനുള്ള ശ്രമം ഇതിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു. മാലിയില്‍ ഭരണം മാറുകയും ചെയ്തു. എന്നാല്‍ മറ്റു പാര്‍ട്ടികളെ സ്വാധീനിച്ചോ ,മറ്റുവഴികളിലൂടെയോ യമീനെ അധികാരത്തിലെത്തക്കാന്‍ അവര്‍ ശ്രമിക്കുമെന്നുറപ്പാണ്. മുമ്പ് മാലിയിലെ പ്രതിപക്ഷം പോലും ഇന്ത്യ സൈനികമായി ഇടപെട്ട് ദ്വീപില്‍ ജനാധിപത്യം തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ എന്തു സംഭവിക്കുമെന്നത് കാത്തിരിക്കുകയായിരുന്നു ഇന്ത്യ എന്നുവേണം കരുതാന്‍. ഇന്ത്യന്‍ തൊഴില്‍ വിസകള്‍ റദ്ദാക്കിയും സമ്മാനമായി നല്‍കിയ ഹെലിക്കോപറ്ററുകള്‍ തിരികെയെടുക്കാനും ആവശ്യപ്പെട്ട നേതാവുകൂടിയായിരുന്നു യമീന്‍. യമീനിന്റെ ഭരണകാലത്ത് സാമ്പത്തിക സ്ഥിതി തകര്‍ന്നിരുന്നു. ഇനി അതില്‍നിന്ന കൈപിടിച്ചുയര്‍ത്തേണ്ട ചുമതലയും പുതിയ സര്‍ക്കാരിനുണ്ട്.
പ്രധാന വരുമാന മാര്‍ഗമായിരുന്ന ടൂറിസത്തിലും മുമ്പ് ഇടിവു നേരിട്ടിരുന്നു. ഇതില്‍നിന്നുള്ള പണവും മുന്‍പ്രസിഡന്റ് തട്ടിയെടുത്തായി ആരോപണമുണ്ട്.

Comments

comments

Categories: Politics