സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തോട് ‘ഗുഡ് ബൈ’ പറഞ്ഞ് മൈക്രോസോഫ്റ്റ്

സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തോട് ‘ഗുഡ് ബൈ’ പറഞ്ഞ് മൈക്രോസോഫ്റ്റ്

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ആദ്യകാല താരങ്ങളിലൊരാളാണു മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് മൊബൈല്‍. എന്നാല്‍ ആന്‍ഡ്രോയ്ഡിനെ പോലെയോ, ആപ്പിളിന്റെ ഐഒഎസിനെ പോലെയോ വിപണിയില്‍ ചുവടുറപ്പിക്കാന്‍ വിന്‍ഡോസ് മൊബൈലിനു സാധിച്ചില്ല. വിപണിയിലെ മുന്‍നിരക്കാരോടൊപ്പമെത്താന്‍ മൈക്രോസോഫ്റ്റ് നിരന്തരം പ്രവര്‍ത്തിച്ചിരിക്കാം, പക്ഷേ ആ ശ്രമം വിജയിച്ചില്ല.

മൈക്രോസോഫ്റ്റ്, അതിന്റെ സ്മാര്‍ട്ട്‌ഫോണ്‍ യുഗം അവസാനിപ്പിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. 2019 ഡിസംബര്‍ 10ന് വിന്‍ഡോസ് 10 മൊബൈല്‍ ഒഎസ്സില്‍ (ഓപറേറ്റിംഗ് സിസ്റ്റം) പ്രവര്‍ത്തിക്കുന്ന ഫോണിനു നല്‍കി വരുന്ന സപ്പോര്‍ട്ട് അവസാനിപ്പിക്കുമെന്നു യുഎസ്സിലെ റെഡ്‌മോണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. വിന്‍ഡോസ് 10 മൊബൈല്‍ ഒഎസുകള്‍ക്കു പുതിയ സുരക്ഷാ അപ്‌ഡേറ്റുകള്‍, നോണ്‍ സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍, നോണ്‍ സെക്യൂരിറ്റി ഹോട്ട് ഫിക്‌സുകള്‍, ഫ്രീ അസിസ്റ്റഡ് സപ്പോര്‍ട്ട് ഓപ്ഷന്‍സ്, ഓണ്‍ലൈന്‍ ടെക്‌നിക്കല്‍ കണ്ടന്റ് അപ്‌ഡേറ്റുകള്‍ എന്നിവ ഇനി മേല്‍ പുറത്തിറക്കില്ലെന്നു മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 10 മൊബൈല്‍ പേജിലെ ചോദ്യോത്തര വിഭാഗത്തില്‍ (FAQ) അറിയിച്ചു. ഇത്രയും കാലം ഈ സേവനങ്ങള്‍ മൈക്രോസോഫ്റ്റ് സൗജന്യമായിട്ടായിരുന്നു ലഭ്യമാക്കിയിരുന്നത്. ഈ വര്‍ഷം ഡിസംബര്‍ 10നാണു സപ്പോര്‍ട്ട് പിന്‍വലിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണിലേക്കോ, ആപ്പിളിന്റെ ഐ ഫോണിലേക്കോ മാറാനുള്ള സമയം ലഭ്യമാക്കുമെന്നു മൈക്രോസോഫ്റ്റ് അറിയിച്ചു. ബാക്ക് അപ്പ് ക്രീയേറ്റ് ചെയ്യാനായി 2020 മാര്‍ച്ച് വരെയും, ഫോട്ടോ, മറ്റ് ഫയലുകള്‍ എന്നിവ പുതിയ മൊബൈലിലേക്കു മാറ്റുന്നതിനായി 12 മാസത്തെ സമയവും യൂസര്‍മാര്‍ക്ക് അനുവദിക്കുമെന്നു മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്. വേര്‍ഷന്‍ 1709 നുള്ള വിന്‍ഡോസ് 10 മൊബൈല്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസുകള്‍ക്ക് 2019 ഡിസംബര്‍ 10 വരെയും, വേര്‍ഷന്‍ 1703 നുള്ള വിന്‍ഡോസ് 10 മൊബൈല്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസുകള്‍ക്ക് (ലൂമിയ 640, 640 എക്‌സ്എല്‍) 2019 ജൂണ്‍ 11 വരെയും സപ്പോര്‍ട്ട് ലഭ്യമാക്കുമെന്നാണു മൈക്രോസോഫ്റ്റ് അറിയിച്ചിരിക്കുന്നത്. വിന്‍ഡോസ് 10 മൊബൈല്‍ ഒഎസിനുള്ള സപ്പോര്‍ട്ട് അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചതിന് അര്‍ഥം ഈ ഒഎസ്സില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണുകളായ നോക്കിയ, മൈക്രോസോഫ്റ്റ് ലൂമിയ എന്നിവ ഇനി മുതല്‍ ഉപയോഗിക്കാന്‍ സാധിക്കില്ല എന്നല്ല, പകരം അവയ്ക്ക് ഇനി മുതല്‍ സുരക്ഷാ അപ്‌ഡേറ്റുകള്‍ ലഭ്യമായിരിക്കില്ല എന്നാണ്.

വിന്‍ഡോസ് 10 മൊബൈല്‍

വിന്‍ഡോസ് 10 മൊബൈല്‍ എന്നത് മൈക്രോസോഫ്റ്റ് വികസിപ്പിച്ച ഓപറേറ്റിംഗ് സിസ്റ്റമാണ്. 2015-ലാണ് ഈ ഒഎസ് പുറത്തിറക്കിയത്. ലൂമിയ എന്ന ബ്രാന്‍ഡ് നെയിമുള്ള സ്മാര്‍ട്ട്‌ഫോണിലൂടെയാണ് വിന്‍ഡോസ് 10 മൊബൈല്‍ ഒഎസ് ആദ്യമായി വിപണിയിലിറങ്ങിയത്. വിപണിയില്‍ മറ്റ് ഒഎസുകളായ ആന്‍ഡ്രോയ്ഡിനെ പോലെയോ, ആപ്പിളിന്റെ iOS പോലെയോ ചലനമുണ്ടാക്കാന്‍ വിന്‍ഡോസ് 10നു സാധിച്ചില്ല. ഇതേ തുടര്‍ന്ന് 2017 ഒക്ടോബറില്‍ വിപണി പങ്കാളിത്തം കുറവായതിനാല്‍ വിന്‍ഡോസ് 10 മൊബൈല്‍ ഒഎസില്‍ പുതിയ ഫീച്ചര്‍ വികസിപ്പിക്കില്ലെന്നു മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്റ് ജോ ബെല്‍ഫിയോര്‍ പ്രഖ്യാപിച്ചിരുന്നു. 2018 മാര്‍ച്ച് മാസം മൈക്രോസോഫ്റ്റ് തലവന്‍ ടെറി മയേഴ്‌സണ്‍ കമ്പനിയുടെ സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗം പരാജയമാണെന്നും അറിയിക്കുകയുണ്ടായി. ഇപ്പോള്‍ ഇതാ വിന്‍ഡോസ് 10 മൊബൈല്‍ ഒഎസ് സപ്പോര്‍ട്ട് അവസാനിപ്പിക്കുകയാണെന്നും മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നു.

അരങ്ങുവാഴുന്ന ആന്‍ഡ്രോയ്ഡും iOS

ഇന്ന് വളരെ കുറച്ചു പേര്‍ മാത്രമാണു മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 10 മൊബൈല്‍ ഒഎസ് ഉപയോഗിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 98 ശതമാനം വിപണി പങ്കാളിത്തമുള്ളത് ആന്‍ഡ്രോയ്ഡ്, iOS എന്നിവയ്ക്കാണ്. ഇവയുടെ കുത്തക തകര്‍ക്കാന്‍ ഒരുകാലത്ത് സാധ്യത കല്‍പ്പിച്ചിരുന്നതു മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 10 മൊബൈല്‍ ഒഎസിനെയായിരുന്നു. നോക്കിയയുടെ നൂതനമായ അഥവാ ഇന്നൊവേറ്റീവായ ഹാര്‍ഡ്‌വെയര്‍, മൈക്രോസോഫ്റ്റിന്റെ ആപ്ലിക്കേഷനുകളുമായി സംയോജിക്കുമ്പോള്‍ ആന്‍ഡ്രോയ്ഡും, ഐഒഎസും പിന്നിലാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ആ സ്വപ്‌നം നടന്നില്ല. വിന്‍ഡോസ് ഫോണിന് ഒരിക്കല്‍ പോലും വിപണിയിലെ പങ്കാളിത്തം പത്ത് ശതമാനത്തിനു മുകളിലെത്തിക്കാന്‍ സാധിച്ചില്ല. അല്‍പമെങ്കിലും ചലനമുണ്ടാക്കിയത് പടിഞ്ഞാറന്‍ യൂറോപ്പിലായിരുന്നു.

2011-ലായിരുന്നു വിന്‍ഡോസ് ഫോണ്‍ വിറ്റഴിക്കാനായി മൈക്രോസോഫ്റ്റ്, നോക്കിയയുമായി കരാറിലേര്‍പ്പെട്ടത്. ഇതിന്റെ ഭാഗമായി ലൂമിയ ഫോണുകളും പുറത്തിറക്കി. പിന്നീട് മൈക്രോസോഫ്്റ്റ് മൊബൈല്‍ ഡിവിഷന്‍ രൂപീകരിക്കാനായി 2014-ല്‍ നോക്കിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തു. വിമര്‍ശകര്‍ പോലും പ്രശംസിച്ച കാമറ ഹാര്‍ഡ്‌വെയറുള്ള ലൂമിയ ഫോണുകള്‍ വിവിധ ബജറ്റുകളില്‍ മൈക്രോസോഫ്റ്റ് ലഭ്യമാക്കി. ഇന്ത്യ പോലുള്ള വളര്‍ന്നുവരുന്ന വിപണികളില്‍ ഇത് തത്ക്ഷണം വിജയിച്ചു. പക്ഷേ, ഈ തരംഗം അധികകാലം നീണ്ടു നിന്നില്ല. ആപ്പ് ഡവലപ്പര്‍മാര്‍ താത്പര്യം കാണിക്കാതിരുന്നത് വിന്‍ഡോസ് 10 മൊബൈല്‍ ഒഎസിനു തിരിച്ചടിയായി. ജനകീയമായ വീഡിയോ ഗെയ്മുകളും, പ്രയോജനകരമായ ആപ്ലിക്കേഷനുകള്‍ അഥവാ യൂട്ടിലിറ്റി ആപ്പുകളും വിന്‍ഡോസ് 10 ഒഎസില്‍ കുറവായിരുന്നു. ഇതോടെ ആളുകള്‍ക്കു താത്പര്യം കുറഞ്ഞു. 2015-ല്‍ മൈക്രോസോഫ്റ്റ് 7.8 ബില്യന്‍ ഡോളര്‍ എഴുതി തള്ളി. 7800 ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. നോക്കിയ ഏറ്റെടുക്കലിന്റെ ഭാഗമായിട്ടായിരുന്നു എഴുതി തള്ളല്‍. 2016-ല്‍ മൈക്രോസോഫ്റ്റ് നോക്കിയ ഫീച്ചര്‍ ഫോണ്‍ ലൈന്‍, ട്രേഡ്മാര്‍ക്ക് അവകാശങ്ങള്‍ എച്ച്എംഡി ഗ്ലോബല്‍ ഒവൈക്ക് വിറ്റു.

കളം വിടില്ലെന്ന് നദെല്ല

വിന്‍ഡോസ് 10 മൊബൈല്‍ ഒഎസിന് സപ്പോര്‍ട്ട് നല്‍കുന്നത് അവസാനിപ്പിക്കുമെന്ന് അറിയിച്ചെങ്കിലും മൊബൈല്‍ ബിസിനസ് രംഗം പൂര്‍ണമായും മൈക്രോസോഫ്റ്റ് ഉപേക്ഷിക്കില്ലെന്നു പരോക്ഷ സൂചന നല്‍കുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് തനതായ എന്തെങ്കിലും ഓഫര്‍ ചെയ്യാനുണ്ടെങ്കില്‍ മൊബൈല്‍ ബിസിനസിലേക്കു തിരിച്ചുവരുമെന്നു നിരവധി സന്ദര്‍ഭങ്ങളില്‍ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല അറിയിച്ചിട്ടുണ്ട്.

Comments

comments

Categories: Slider, Tech
Tags: Microsoft

Related Articles