ഉയര്‍ന്ന ജിഡിപി ഇന്ത്യന്‍ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് കരുത്തു പകരും

ഉയര്‍ന്ന ജിഡിപി ഇന്ത്യന്‍ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് കരുത്തു പകരും

നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ 7.4 ശതമാനവും അടുത്ത സാമ്പത്തിക വര്‍ഷം 7.3 ശതമാനവും വളര്‍ച്ച നേടുമെന്നുമാണ് മൂഡീസിന്റെ വിലയിരുത്തല്‍

മുംബൈ: മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലെ (ജിഡിപി) അതിവേഗ വളര്‍ച്ചയുടെയും കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിയിട്ടുള്ള പരിഷ്‌കരണങ്ങളുടെയും പിന്‍ബലത്തില്‍ ഇന്ത്യന്‍ ഇന്‍ഷുറന്‍സ് മേഖല ശക്തമായ വളര്‍ച്ച നേടുമെന്ന് യുഎസ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസിന്റെ റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ 7.4 ശതമാനവും അടുത്ത സാമ്പത്തിക വര്‍ഷം 7.3 ശതമാനവും വളര്‍ച്ച നേടുമെന്നുമാണ് മൂഡീസിന്റെ വിലയിരുത്തല്‍.

ജിഡിപിയിലെ അതിവേഗ വളര്‍ച്ചയും ഇപ്പോഴത്തെ കുറഞ്ഞ ഇന്‍ഷുറന്‍സ് വ്യാപനവും അടുത്ത മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് ഇതര മേഖലയെ രണ്ടക്ക വളര്‍ച്ച നേടാന്‍ സഹായിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലൈഫ് ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് ഇതര മേഖലകളിലെ മൊത്തം പ്രീമിയം 11.5 ശതമാനം വര്‍ധിച്ച് 6.1 ട്രില്യണ്‍ രൂപയിലെത്തിയിരുന്നു. ഇത് അഞ്ചുവര്‍ഷത്തെ സംയോജിത വളര്‍ച്ചാ നിരക്ക് 11 ശതമാനമായി ഉയര്‍ത്താന്‍ സഹായകമായിട്ടുണ്ട്.

2017ല്‍ വിദേശ റീഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് രാജ്യത്ത് സേവനം നല്‍കാന്‍ അവസരം നല്‍കികൊണ്ട് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) റീഇന്‍ഷുറന്‍സ് മേഖലയില്‍ ഉദാരവല്‍ക്കരണ നയം സ്വീകരിച്ചിരുന്നു. ഇത് ലൈഫ് ഇന്‍ഷുറന്‍സ് ഇതര മേഖലക്ക് ഗുണം ചെയ്തതായും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് കമ്പനികളുടെ സാമ്പത്തിക പ്രകടനത്തെ പിന്തുണക്കാനും അവര്‍ക്ക് മെച്ചപ്പെട്ട മൂലധനം ലഭ്യമാക്കുന്നതിനുമായി നിരവധി നടപടികള്‍ ഐആര്‍ഡിഎഐ കൊണ്ടുവന്നിട്ടുണ്ടെന്ന് മൂഡീസ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റും അനലിസ്റ്റുമായ മുഹമ്മദ് ലോന്‍ഡെ പറഞ്ഞു.

മേഖലയില്‍ നടപ്പാക്കിയിട്ടുള്ള നയ പരിഷ്‌കരണങ്ങള്‍ ഇന്ത്യന്‍ ഇന്‍ഷുറന്‍സ് മേഖലയുടെ മൂലധനശേഷിക്ക് കരുത്തു പകര്‍ന്നതായി മൂഡീസ് വിലയിരുത്തി. 2015ല്‍ ആഗോള ഇന്‍ഷുറന്‍സ് കമ്പനികളുടെ ഇന്ത്യന്‍ വിപണി പ്രവേശനത്തെ പ്രോല്‍സാഹിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ വിദേശ കമ്പനികള്‍ക്കുള്ള ഉടമസ്ഥാവകാശ പരിധി 26 ശതമാനത്തില്‍ നിന്ന 49 ശതമാനമാക്കി അതോറിറ്റി ഉയര്‍ത്തിയിരുന്നു.

ഇതിനു പുറമെ ആയുഷ്മാന്‍ ഭാരത് പോലുള്ള പൊതു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളും ഇന്‍ഷുറന്‍സ് മേഖലയ്ക്ക് പ്രോത്സാഹനമായിട്ടുണ്ട്. 100 ദശലക്ഷം കുടുംബങ്ങള്‍ക്കാണ് പദ്ധതിക്കുകീഴില്‍ പരിരക്ഷ ലഭിക്കുന്നത്. ഇത് ക്രെഡിറ്റ് പോസിറ്റീവ് ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ വളര്‍ച്ചയെ സഹായിക്കുകയും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കാനുള്ള അവസരങ്ങള്‍ നല്‍കുകയും ചെയ്തു. ഭൂരിഭാഗം ഇന്ത്യന്‍ സംസ്ഥാനങ്ങളും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ വിശ്വാസത്തിലധിഷ്ഠതമായ മാതൃകയാണ് പിന്തുടരുന്നത്. ഇത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പൂര്‍ണ വളര്‍ച്ച കൈവരിക്കാനുള്ള സാധ്യതകളെ പരിമിതപ്പെടുത്തുന്നതായും മൂഡീസ് ചൂണ്ടിക്കാട്ടി.

Comments

comments

Categories: FK News