ഉത്തര്‍പ്രദേശില്‍ എന്തു സംഭവിക്കും

ഉത്തര്‍പ്രദേശില്‍ എന്തു സംഭവിക്കും

സഖ്യത്തെ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കും, എങ്ങിനെ പ്രതികരിക്കും എന്ന് വിലയിരുത്തപ്പെട്ടിട്ടില്ല

ഇരുപത്തിനാലുവര്‍ഷത്തെ ശത്രുത മറന്ന് രണ്ട് പാര്‍ട്ടികള്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുമ്പോള്‍ അവര്‍ക്ക് ഈ പൊതുതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ കഴിയുമോ എന്ന ചര്‍ച്ച ഉത്തര്‍പ്രദേശ് രാഷ്ടീയത്തില്‍ ചൂടുപിടിച്ചുകഴിഞ്ഞു. സമാജ്‌വാദി പാര്‍ട്ടിയും (എസ്പി) ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുമാണ് ( ബിഎസ്പി) പഴയ വൈരം മറന്ന് തെരഞ്ഞെടുപ്പിനുമുമ്പുതന്നെ സഖ്യമുണ്ടാക്കിയത്. യുപിയില്‍ ബിജെപിയുടെ വിജയം എതിരാളികളെ നിശബ്ദരാക്കുന്നതായിരുന്നു. അതിനാല്‍ അഭിപ്രായ സമന്വയം ഉണ്ടാക്കേണ്ടത് അവരുടെ ആവശ്യമായി വന്നു. പരീക്ഷണാടിസ്ഥാനത്തില്‍ പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എസ്പിയും ബിഎസ്പിയും യോജിച്ചാണ് ഭരണകക്ഷിയെ നേരിട്ടത്. ഇവിടെ പരീക്ഷണം വിജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു. ഇതാണ് ഇരു പാര്‍ട്ടികളെയും സഖ്യത്തിലെത്താന്‍ പ്രേരിപ്പിച്ചത്.

എന്നാല്‍ ഈ സഖ്യത്തിന് സംസ്ഥാനതലത്തില്‍ വിജയം നേടാനാകുമോ എന്നതാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിക്കാന്‍ കാരണം. ഇതിനുമുമ്പ് 1993ലാണ് ബിഎസ്പി നേതാവ് കാന്‍ഷിറാമും എസ്പിയെ നയിക്കുന്ന മുലായം സിംഗ് യാദവും ഇന്നത്തേതിനു സമാനമായ സഖ്യം രൂപപ്പെടുത്തിയത്. അന്ന് എസ്പി 256 സീറ്റുകളിലും ബിഎസ്പി 164 സീറ്റുകളിലും മത്സരിച്ചു. എസ്പി 109 സീറ്റുകള്‍ നേടിയപ്പോള്‍ ബിഎസ്പി 67 സീറ്റും നേടിയിരുന്നു.

ഇരുപാര്‍ട്ടികളുടെയും ഏകീകരിച്ച വോട്ടിംഗ് വിഹിതം 29.06 ആയിരുന്നു. തങ്ങളുടെ വോട്ടുകള്‍ പരസ്പരം കൈമാറിയിരുന്നു എന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു അത്. തുടര്‍ന്ന് 1993 ഡിസംബര്‍ നാലിന് മുലായം സിംഗിന്റെ നേതൃത്വത്തില്‍ സംയുക്ത സര്‍ക്കാര്‍ യുപിയിയില്‍ നിലവില്‍ വന്നു.എന്നാല്‍ ഈ സഖ്യത്തിന് ഏറെ ആയുസുണ്ടായിരുന്നില്ല. 1995ല്‍ ലക്‌നൗ ഗസ്റ്റ് ഹൗസില്‍ മായാവതിയെ വധിക്കാന്‍ ചില എസ്പി നേതാക്കള്‍ ശ്രമിച്ചു. ഇതോടെ സഖ്യം തകര്‍ന്നു. അവര്‍ നിത്യശത്രുതയിലായി. ഇൗ പ്രശ്‌നത്തിലാണ് ഇപ്പോള്‍ താല്‍ക്കാലിക പരിഹാരം ഉണ്ടായിരിക്കുന്നത്.

1993ലെ വിജയം ആവര്‍ത്തിക്കാന്‍ മായാവതിക്കും അഖിലേഷിനും കഴിയുമോ എന്നതാണ് ഇന്ന് ഉയരുന്ന പ്രസക്തമായ ചോദ്യം. അന്ന് രാമജന്മഭൂമി-ബാബ്‌റി മസ്ജിദ് പ്രശ്‌നത്തില്‍ ബിജെപിയുടെ നിലപാട് ഇരുപാര്‍ട്ടികളും സഖ്യത്തിലാകാന്‍ കാരണമായി.
എന്നാല്‍ അന്നുണ്ടായിരുന്ന രാഷ്ട്രീയ ,സാമുദായിക, സാമ്പത്തിക സാഹചര്യങ്ങളല്ല ഇന്നു നിലവിലുള്ളത്. ഇന്ന് ബിജെപിയെ പരാജയപ്പെടുത്തുക എന്നതുമാത്രമാണ് ഈ സഖ്യം കൊണ്ട് ഉദ്ദേശിക്കുന്നത്. 1993ല്‍ ബിജെപിക്കുള്ള സ്വാധീനമല്ല സംസ്ഥാനത്ത് ഇന്ന് പാര്‍ട്ടിക്കുള്ളത്.

2018 മാര്‍ച്ചില്‍ ഗോരഖ്പുര്‍, ഫൂല്‍പൂര്‍ ഉപതെരഞ്ഞെടുപ്പുകള്‍ അടിസ്ഥാനമാക്കി വോട്ടുകളുടെ ഏകീകരണത്തെക്കുറിച്ച് നിരവധിപേര്‍ ഇന്ന് ചിന്തിക്കുന്നുണ്ട്. ഈ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി എസ്പി ബിഎസ്പി സഖ്യം വിജയക്കൊടി ഉയര്‍ത്തിയിരുന്നു. ഈ സീറ്റുകളില്‍ എസ്പി മാത്രമാണ് മത്സരിച്ചത്. ബിഎസ്പി പിന്തുണയ്ക്കുകയായിരുന്നു. ഇനി ഇരു പാര്‍ട്ടികളും സംസ്ഥാനവ്യാപകമായി യോജിച്ചു മത്സരിക്കുമ്പോള്‍ ജനങ്ങള്‍ അത് എങ്ങനെ സ്വീകരിക്കും, എങ്ങിനെ പ്രതികരിക്കും എന്നൊന്നും വിലയിരുത്തപ്പെട്ടിട്ടില്ല. കാരണം വിഭിന്ന ധ്രുവങ്ങളില്‍ നിന്നവരാണ് ഇരു പാര്‍ട്ടികളും. മായാവതിയെ വിശ്വസിക്കരുതെന്ന് പ്രസ്താവന എസ്പി നേതാക്കള്‍ തന്നെ ഇതിനകം നടത്തിക്കഴിഞ്ഞു.

38 സീറ്റുകളില്‍ വീതമാണ് ഇരുപാര്‍ട്ടികളും മത്സരിക്കുക. ഇത് നേതാക്കള്‍ക്ക് സീറ്റ് ലഭിക്കാന്‍ സാധ്യതയില്ലാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കും. ഇത് സഖ്യത്തിന് ഗുണത്തേക്കാളേറെ പ്രതിസന്ധിയാണ് സൃഷ്ടിക്കുക.കണക്കിലെ കളികള്‍കൊണ്ടുള്ള സഖ്യമാണ് ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ളത്. അല്ലാതെ സമൂഹത്തിന്റെ രസതന്ത്രം സഖ്യമായതല്ല. അതിനാല്‍ എസ്പി-ബിഎസ്പി നേതാക്കളുടെ കൂട്ടായ്മ നിലനില്‍ക്കണമെന്നില്ല. പാര്‍ട്ടികളുടെ വിശ്വസ്തരായവര്‍ പോലും കാണ്‍ഗ്രസിലേക്കോ ബിജെപിയിലേക്കോ മാറിപ്പോകാം.
ബിഎസ്പിയുടെ വോട്ടുകള്‍ മായാവതിയുടെ താല്‍പ്പര്യത്തിനനുസരിച്ച് മാറ്റാന്‍ കഴിയും. ഇതിനുദാഹരണമാണ് കഴിഞ്ഞ വര്‍ഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ അഖിലേഷ് പരാജയമാണ്. 2017ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പ് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെട്ട അഖിലേഷിന് ലഭിച്ചത് 47 സീറ്റുകള്‍ മാത്രം. കോണ്‍ഗ്രസിന് ലഭിച്ചത് ഏഴ് സീറ്റുകളും. ആകെയുള്ള 403 സീറ്റുകളില്‍ 312 ഇടങ്ങളിലും അന്ന് ബിജെപി ജയിച്ചു.

ഇന്ന് കോണ്‍ഗ്രസ് ഒരു സഖ്യത്തിലും ഉള്‍പ്പെടാനാകാതെ സ്വയം എല്ലാസീറ്റിലേക്കും മത്സരിക്കുകയാണ്. ഇത് വോട്ടുകളുടെ ഒഴുക്കിനെ ബാധിക്കും. 2017 ലെ വോട്ടിംഗ് ശതമാനം പരിശോധിക്കുമ്പോളും ഇരുപാര്‍ട്ടികളും തമ്മിലുള്ള സഖ്യം യുപിയില്‍ കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിയെല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒപ്പം ബിജെപിക്ക് 2014ലെ മികവ് ആവര്‍ത്തിക്കാനും സാധിക്കില്ല. ഇത് മുന്നില്‍ക്കണ്ടാണ് എല്ലാ പാര്‍ട്ടികളും ഉത്തര്‍പ്രദേശില്‍ പൊതുതെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുന്നത്. 80 ലോക്‌സഭാ സീറ്റുകള്‍ ഉള്ള സംസ്ഥാനമാണ് യുപി. അതിനാല്‍ ഇവിടെ മികവുപുലര്‍ത്താനായാല്‍ ഏതുമുന്നണിക്കും ആത്മവിശ്വാസം കൈവരും. അതുകൊണ്ടുതന്നെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും കൈയ്യിലെടുക്കാനുള്ള വാഗ്ദാനങ്ങളുമായയാകും പാര്‍ട്ടികള്‍ രംഗത്തിറങ്ങുക.

2014ല്‍ യുപിയില്‍ നേടിയ വിജയത്തിളക്കത്തിലാണ് ബിജെപി കേന്ദ്രത്തില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടിയത്. അതിനാല്‍ പുതിയ നീക്കങ്ങളുമായി മേധാവിത്വം പുലര്‍ത്താനുള്ള ശ്രമമാകും ഭരണകക്ഷിയില്‍നിന്നുണ്ടാകുക. വരുംദിവസങ്ങളില്‍ രാഷ്ട്രീയ അടിയൊഴുക്കുകള്‍ ഇവിടെ നടക്കാനും സാധ്യതയേറെയാണ്.

Comments

comments

Categories: Politics