യുഎസ് സര്‍വകലാശാല പ്രതിനിധികള്‍ ഇന്ത്യയിലെത്തി

യുഎസ് സര്‍വകലാശാല പ്രതിനിധികള്‍ ഇന്ത്യയിലെത്തി

ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സര്‍ക്കാരുകളുമായും യുഎസ് സര്‍വകലാശാല പ്രതിനിധികള്‍ ചര്‍ച്ച നടത്തി

ന്യൂഡെല്‍ഹി: യുഎസ്-ഇന്ത്യ നോളജ് എക്‌സ്‌ചേഞ്ച് (യുഎസ്‌ഐകെഇ) പദ്ധതിയുടെ ആദ്യ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് യുഎസ് സര്‍വകലാശാലകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇന്ത്യയിലെത്തി. വിവിധ മേഖലകളിലെ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സര്‍ക്കാരുമായും യുഎസ് സര്‍വകലാശാല പ്രതിനിധികള്‍ ചര്‍ച്ച നടത്തി.

കോര്‍ണല്‍ സര്‍വകലാശാല, നോര്‍ത്ത്ഈസ്‌റ്റേണ്‍ സര്‍വകലാശാല, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ഇന്ത്യയിലെത്തിയത്. കേന്ദ്ര സര്‍ക്കാരിലെ ഉന്നതവൃത്തങ്ങളുമായും സംസ്ഥാന സര്‍ക്കാരിലെ പ്രതിനിധികളുമായും ന്യൂഡെല്‍ഹി, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലെ ഇന്നൊവേഷന്‍-ഇന്‍കുബേഷന്‍ കേന്ദ്രങ്ങളുമായും തദ്ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ഇവര്‍ ചര്‍ച്ച നടത്തി.

ഇരു രാജ്യങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹകരണത്തിന് പ്രാപ്തമാക്കുന്നതിന് നയങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് യുഎസ്‌ഐകെഇ. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നാം എസ്4 എന്ന സംഘടനയും യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറവും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സഹകരണ ഗവേഷണത്തിന്റെ പ്രധാന മേഖലകള്‍ (പൊതു-സ്വകാര്യ രംഗത്ത്) കണ്ടെത്താനും സാമ്പത്തിക സ്രോതസ്സുകള്‍ ആകര്‍ഷിക്കാനും ലക്ഷ്യമിട്ടായിരുന്നു ഇത്.

യുഎസിലെയും ഇന്ത്യയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള വിശാലമായ സാധ്യതകള്‍ കണ്ടെത്താനുണ്ടെന്ന് സനാം എസ്4 സിഇഒ ആഡ്രിയന്‍ മട്ടന്‍ പറഞ്ഞു.

Comments

comments

Categories: FK News