റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ തേരോട്ടം

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ തേരോട്ടം

ഒരു പാദത്തില്‍ 10,000 കോടി രൂപയുടെ ലാഭം നേടുന്ന സ്വകാര്യ കമ്പനിയായി ചരിത്രം കുറിച്ച, മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആമസോണിന് വരെ വെല്ലുവിളി ഉയര്‍ത്തുകയാണ്. ഭാരതീയര്‍ക്ക് കൂടുതല്‍ അഭിമാനിക്കുന്ന സംരംഭമായി റിലയന്‍സ് മാറുകയാണ്

ഏഷ്യയിലെ ഏറ്റവും സമ്പന്നനാണ് മുകേഷ് അംബാനി. സംരംഭകാശയങ്ങള്‍ എങ്ങനെ കൂടുതല്‍ ലാഭകരമായി നടപ്പാക്കമെന്നതിന് അദ്ദേഹം പുതിയ മാതൃകകള്‍ തീര്‍ക്കുന്നതിനാണ് കുറേ വര്‍ഷങ്ങളായി രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഒരു പാദത്തില്‍ 10,000 കോടി രൂപയുടെ ലാഭം നേടുന്ന ഇന്ത്യന്‍ കമ്പനിയെന്ന ചരിത്രം കുറിച്ച അദ്ദേഹത്തിന്റെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് രാജ്യത്തിന് തന്നെ കൂടുതല്‍ അഭിമാനമായി മാറുകയാണ്. റീട്ടെയ്ല്‍, ടെലികോം, പെട്രോകെമിക്കല്‍ മേഖലകളിലെല്ലാം തന്നെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതാണ് ലാഭത്തില്‍ ഇപ്പോള്‍ പ്രകടമാകുന്നതും.

ടെലികോമിലേക്കുള്ള രണ്ടാം വരവിലൂടെ ഇന്ത്യന്‍ ടെലികോം വ്യവസായത്തിന്റെ തലവര തന്നെ മാറ്റിമറിക്കാന്‍ മുകേഷ് അംബാനിക്കായി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കീഴിലുള്ള ജിയോ വിപണി സമവാക്യങ്ങള്‍ മാറ്റിയതോടൊപ്പം സ്മാര്‍ട്ട്‌ഫോണുകളുടെയും ഡാറ്റയുടെയും ജനാധിപത്യവല്‍ക്കരണത്തിനുകൂടി വഴിവെച്ചു. ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ ചെലവിടല്‍ നടത്തുകയെന്ന സംസ്‌കാരത്തിലേക്ക് കമ്പനിയെ മാറ്റാന്‍ മുകേഷ് അംബാനിക്ക് സാധിച്ചുവെന്നതും മികച്ച കാര്യമാണ്. പൊതുവേ ഇന്ത്യന്‍ കമ്പനികള്‍ ആഗോള സ്ഥാപനങ്ങളെ അപേക്ഷിച്ച് ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി തങ്ങളുടെ ലാഭത്തില്‍ നിന്ന് നീക്കിയിരുപ്പ് നടത്തുന്നതില്‍ അത്ര കേമന്മാരല്ല. ഫേസ്ബുക്കും ആപ്പിളും ഉള്‍പ്പടെയുള്ള വമ്പന്‍ ടെക് സംരംഭങ്ങളെല്ലാം തന്നെ തങ്ങളുടെ ലാഭത്തിന്റെ നല്ലൊരു ശതമാനവും ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ചെലവഴിക്കുകയാണ് പതിവ്. കാരണം അടുത്ത വലിയ ‘ഡിസ്‌റപ്ഷനി’ലൂടെ വിപണിയില്‍ സജീവമായി നിലനില്‍ക്കുന്നതിനുള്ള തുറുപ്പുചീട്ടായിട്ടാണ് അവരെല്ലാം അത്തരം നിക്ഷേപത്തെ കാണുന്നത്. ആ പാതയിലേക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസും വരുന്നുവെന്നത് പ്രതീക്ഷ നല്‍കുന്നു.

മറ്റൊരു പ്രധാനപ്പെട്ട കാര്യം ആമസോണിനെ വരെ വെല്ലുവിളിക്കാന്‍ റിലയന്‍സ് ഒരുങ്ങുന്നു എന്നതാണ്. ഫഌപ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുത്തതോടെ ഇന്ത്യയിലെ ഇ-കൊമേഴ്‌സ് രംഗത്തെ പ്രധാന മല്‍സരം അമേരിക്കന്‍ കമ്പനികളില്‍ തമ്മിലായി മാറിയിരുന്നു. അതിവേഗത്തില്‍ വളരുന്ന ഇ-കൊമേഴ്‌സ് മേഖല, റീട്ടെയ്ല്‍ രംഗത്തിന്റെ മുഖച്ഛായ തന്നെ മാറ്റുകയാണ്. കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഓണ്‍ലൈനിലെത്തുന്നത് ഇ-കൊമേഴ്‌സിന്റെ സാധ്യതകളില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണുണ്ടാക്കിയത്. ഈ അവസരം ഏറ്റവും നന്നായി ആര് ഉപയോഗപ്പെടുത്തും എന്ന മല്‍സരമാണ് വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫഌപ്കാര്‍ട്ടും അമേരിക്കന്‍ കമ്പനി തന്നെയായ ആമസോണും തമ്മില്‍ നടക്കുന്നത്. ഗാലറിയിലിരുന്ന് കളി കാണാനില്ലെന്ന് വ്യക്തമാക്കി മുകേഷ് അംബാനി തന്റെ ഇ-കൊമേഴ്‌സ് രംഗപ്രവേശവും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുകയാണ്.

റിലയന്‍സ് റീട്ടെയ്ല്‍ ശൃംഖല ഉപയോഗപ്പെടുത്തിയുള്ള തനതായ ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ മോഡലിലൂടെയാണ് മുകേഷ് പുതിയ ചലനം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നത്. ഇതിനോടകം തന്നെ 280 ദശലക്ഷം ഡിജിറ്റല്‍ വരിക്കാരുള്ള റിലയന്‍സ് ജിയോയെ ഉപയോഗപ്പെടുത്തി ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം മാറ്റം കൊണ്ടുവരാനുള്ള ശ്രമമാണ് ജിയോ നടത്തുകയെന്ന് കരുതപ്പെടുന്നു. ഡാറ്റ കൊളോണിയലിസത്തിനെതിരെയുള്ള മുകേഷ് അംബാനിയുടെ സമീപകാല പ്രസ്താവന കൂടി കണക്കിലെടുക്കുമ്പോള്‍ ഇ-കൊമേഴ്‌സ് മേഖലയിലെ നയങ്ങള്‍ വിദേശ കമ്പനികള്‍ക്ക് അത്ര അനുകൂലമായി വരാനുള്ള സാധ്യതകളും ഒരു പക്ഷേ കുറഞ്ഞേക്കും.

Comments

comments

Categories: Editorial, Slider