നേതാജിയും വേണം ഇന്ത്യന്‍ കറന്‍സിയില്‍

നേതാജിയും വേണം ഇന്ത്യന്‍ കറന്‍സിയില്‍

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 122ാം ജന്മദിനമാണിന്ന്. ദേശസ്‌നേഹികളുടെ രാജകുമാരന്റെ നിഗൂഢമായ തിരോധാനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ നേതാജിയുടെ പങ്ക് കൂടുതല്‍ അനാവരണം ചെയ്യപ്പെടുന്നു, ഒപ്പം ഇതിഹാസതുല്യനായ രാഷ്ട്ര നായകന്റെ ചിത്രം പതിച്ച ഇന്ത്യന്‍ കറന്‍സി ഇറങ്ങണമെന്ന ആവശ്യവും ശക്തമാകുന്നു

ഇന്നും വെളിച്ചത്തുവന്നിട്ടില്ല, ഇന്ത്യയുടെ ചരിത്രത്തില്‍ ഇതിഹാസ നായകനായി മാറിയ രാഷ്ട്രശില്‍പ്പി നേതാജിയുടെ തിരോധാനത്തിന് പിന്നിലെ നിഗൂഢതകള്‍. ഗാന്ധിജയന്തി പോലെ ആര്‍ഭാടപൂര്‍ണമല്ലെങ്കിലും ഇന്ന് രാജ്യത്തുടനീളം പലരും വലിയ ആവേശത്തോടും അഭിനിവേശത്തോടും കൂടിതന്നെയാണ് നേതാജി ജയന്തിയും ആഘോഷിക്കുന്നത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതിനു പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ തേടുന്ന ചരിത്രാന്വേഷികളില്‍ നല്ലൊരു ശതമാനം പേര്‍ നേതാജി സുഭാഷ് ചന്ദ്രബോസിലേക്കെത്തുന്ന പ്രവണതയും ശക്തിപ്പെട്ടുവരുന്നുണ്ട്.

ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുന്ന വേളയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ക്ലെമന്റ് അറ്റ്‌ലി നിരവധി സന്ദര്‍ഭങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട് എന്താണ് അവരെ ഇന്ത്യ വിട്ടുപോകാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്ന്. അദ്ദേഹത്തിന്റെ വാക്കുകളില്‍ സുവ്യക്തമാണ് നേതാജിയുടെ പങ്ക്. സകലതരത്തിലുള്ള താരതമ്യങ്ങള്‍ക്കും അതീതമായിരുന്നു അത്.

ബ്രിട്ടന്റെ പിന്മാറ്റത്തിന് പല കാരണങ്ങളുണ്ട്, എന്നാല്‍ 1947ല്‍ ബ്രിട്ടന്റെ തീരുമാനത്തിന് വഴിവെച്ച സുപ്രധാനമായ കാരണം നേതാജിയുടെ പ്രവര്‍ത്തനങ്ങളും അതിനെ തുടര്‍ന്ന് ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയിലും മറ്റും ഉടലെടുത്ത പ്രശ്‌നങ്ങളുമായിരുന്നു-അറ്റ്‌ലി പറഞ്ഞതിങ്ങനെയാണ്.

ബ്രിട്ടന്റെ പിന്മാറ്റത്തിന് പല കാരണങ്ങളുണ്ട്, എന്നാല്‍ ആ സമയത്ത് ബ്രിട്ടന്റെ തീരുമാനത്തിന് വഴിവെച്ച സുപ്രധാനമായ ഘടകം നേതാജിയുടെ പ്രവര്‍ത്തനങ്ങളും അതിനെ തുടര്‍ന്ന് ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയിലും മറ്റും ഉടലെടുത്ത പ്രശ്‌നങ്ങളുമായിരുന്നു-അറ്റ്‌ലി പറയുന്നതിങ്ങനെയാണ്.

അടുത്തിടെ പുറത്തിറങ്ങിയ ജി ഡി ഭക്ഷിയുടെ ദി ഇന്ത്യന്‍ സാമുറായ്-നേതാജി എന്ന പുസ്തകത്തിലും ഇക്കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്. ഇതിന് മുമ്പ് ആര്‍ സി മജുംദാറിനെപ്പോലുള്ള ചരിത്രകാരന്മമാരും നേതാജിയുടെ തിരോധാനവും അതിനുശേഷം ഇന്ത്യന്‍ സര്‍ക്കാരുകള്‍ സ്വീകരിച്ച മോശമായ സമീപനത്തെക്കുറിച്ചുമെല്ലാം എഴുതിയിട്ടുണ്ട്.

ചില അപ്രിയ സത്യങ്ങള്‍

ഇന്ത്യന്‍ മണ്ണിന് പുറത്താണെങ്കിലും ആസാദ് ഹിന്ദിന്റെ രൂപത്തില്‍ ഒരു ഗവണ്‍മെന്റ് രൂപീകരിക്കുന്നതിലേക്കെത്തിയ നേതാജിയുടെ സ്വാതന്ത്ര്യസമര മുന്നേറ്റത്തിന് ബ്രിട്ടീഷുകാരെ പോലും അമ്പരപ്പിച്ച തലത്തിലുള്ള പ്രത്യാഘാതങ്ങളുണ്ടായിരുന്നു. ഐഎന്‍എ(ഇന്ത്യന്‍ നാഷണല്‍ ആര്‍മി)യെ പുനസംഘടിപ്പിച്ച് നേതാജി സൈനികപരമായി തന്നെ ബ്രിട്ടീഷുകാരെ നേരിടാന്‍ ഇറങ്ങിയത് വലിയ കോളിളക്കങ്ങള്‍ക്കാണ് വഴിവെച്ചത്. ജപ്പാന്റെ സഹായത്തോടെ നടത്തിയ യുദ്ധത്തില്‍ വിജയത്തിന്റെ വക്കിലെത്തി പരാജയമേറ്റുവാങ്ങിയെങ്കിലും അതുണ്ടാക്കിയ ‘ഇംപാക്റ്റ്’ വലുതായിരുന്നു.

യുദ്ധത്തിനിടെ ബ്രിട്ടീഷുകാര്‍ പിടികൂടിയ ഐഎന്‍എ സൈനികരുടെ റെഡ് ഫോര്‍ട്ടിലെ വിചാരണ ബ്രിട്ടീഷ് ആര്‍മിയില്‍ സേവനമനുഷ്ഠിച്ചിരുന്ന ഇന്ത്യക്കാരുടെ മനസില്‍ കനല്‍ കോരിയിട്ടു. അസാധ്യമായ കാര്യം, അഥവാ മിഷന്‍ ഇംപോസിബിള്‍ എന്നത് മിഷന്‍ പോസിബിള്‍ ആക്കാമെന്ന ചിന്ത സൈനികരുടെ മനസിലുണ്ടായി എന്നതാണ് ഏറ്റവും വലിയ സവിശേഷത. സ്വാതന്ത്ര്യബോധം എന്ന ശക്തമായ വികാരം ജനിപ്പിക്കാനും അതു കാരണമായി. അതിനെത്തുടര്‍ന്നായിരുന്നു 1946 ഫെബ്രുവരിയില്‍ റോയല്‍ ഇന്ത്യന്‍ നേവിയിലെ 78 കപ്പലുകളില്‍ സേവനമനുഷ്ഠിക്കുന്ന നാവികര്‍ പ്രക്ഷോഭത്തിന് തുനിഞ്ഞത്.

ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ഏകദേശം 20,000 നാവികര്‍ കലാപമുയര്‍ത്തി. നേതാജിയുടെ ഐഎന്‍എ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളുമായി അവര്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് തങ്ങളെന്ന് പ്രഖ്യാപിച്ചു.

കപ്പലുകളില്‍ ബ്രിട്ടന്റെ അധീശത്വത്തിന്റെ പ്രതീകമായ യൂണിയന്‍ ജാക് പതാക താഴ്ത്തി തങ്ങളുടെ ‘മേധാവി’കളെ അനുസരിക്കാന്‍ അവര്‍ വിമുഖത കാണിച്ചു. ഇത് റോയല്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിലും ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയുടെ നിരവധി യൂണിറ്റുകളിലും അസ്വസ്ഥതകള്‍ പടര്‍ത്തി. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതോടു കൂടി ഏകദേശം 2.5 ദശലക്ഷം ഇന്ത്യന്‍ സൈനികര്‍ ബ്രിട്ടീഷ് ആര്‍മിയില്‍ നിന്ന് ഡികമ്മീഷന്‍ ചെയ്യപ്പെട്ടു. സൈനികരിലുണ്ടായ സ്വാതന്ത്ര്യബോധം ബ്രിട്ടനെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിക്കുകയായിരുന്നു ചെയ്തതെന്ന് നിരവധി ഇന്റലിജെന്‍സ് റിപ്പോര്‍ട്ടുകള്‍ തന്നെ സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ മണ്ണിന് പുറത്താണെങ്കിലും ആസാദ് ഹിന്ദിന്റെ രൂപത്തില്‍ ഒരു ഗവണ്‍മെന്റ് രൂപീകരിക്കുന്നതിലേക്കെത്തിയ നേതാജിയുടെ സ്വാതന്ത്ര്യസമര മുന്നേറ്റത്തിന് ബ്രിട്ടീഷുകാരെ പോലും അമ്പരപ്പിച്ച തലത്തിലുള്ള പ്രത്യാഘാതങ്ങളുണ്ടായിരുന്നു

ഇന്ത്യന്‍ സൈനികരെ ബ്രിട്ടീഷ് ഓഫീസര്‍മാര്‍ക്ക് ആശ്രയിക്കാന്‍ സാധിക്കാത്ത അവസ്ഥ സംജാതമായെന്ന് 1946ലെ പല രഹസ്യ റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നതായി ജി ഡി ഭക്ഷി തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. ഇന്ത്യന്‍ സൈനികരെ വെച്ച് ഇന്ത്യയെ തുടര്‍ന്നും ഭരിക്കുകയെന്നത് അസാധ്യമായ കാര്യമായി ബ്രിട്ടീഷുകാര്‍ തന്നെ കരുതി. എന്നാല്‍ ഇക്കാര്യങ്ങളൊന്നും നമ്മുടെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ പ്രാധാന്യത്തോടുകൂടി പറയുന്നില്ലെ ന്നതാണ് വൈരുദ്ധ്യം.

ഇനിയും ചുരുളഴിയാത്ത മരണം

1945 ഓഗസ്റ്റ് 18ന് തായ്‌ഹോക്കുവില്‍ നടന്ന വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക ചരിത്രഭാഷ്യങ്ങള്‍. എന്നാല്‍ ഇത് കെട്ടുകഥയാണെന്ന് അന്ന് മുതലേ പ്രചരിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിലെ ജപ്പാന്റെ പരാജയത്തെ തുടര്‍ന്ന് ഭാവി തന്ത്രങ്ങള്‍ മെനയുന്നതിന്റെ ഭാഗമായി നേതാജി തന്നെ സൃഷ്ടിച്ച കഥയാകാം ഇതെന്നും പലരും കരുതി.

ജി ഡി ഭക്ഷിയുടെ പുസ്തകത്തില്‍ പറയുന്നതനുസരിച്ച് നേതാജി സോവിയറ്റ് യൂണിയനിലെ ജയിലില്‍ ബ്രിട്ടീഷുകാരുടെ മര്‍ദ്ദനത്തിനിരയായി മരിച്ചു എന്നാണ്. നേതാജി വിമാനാപകടത്തില്‍ മരിച്ചിട്ടില്ല, സോവിയറ്റ് യൂണിയനിലേക്കുള്ള നേതാജിയുടെ രക്ഷപ്പെടലിനുവേണ്ടി ഉണ്ടാക്കിയെടുത്ത കഥയാണത്. ജാപ്പനീസ് രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇത്തരമൊരു കഥയുണ്ടാക്കിയത്, കാരണം ബോസിന്റെ സുരക്ഷിതമായ രക്ഷപ്പെടലായിരുന്നു അവര്‍ ആ സമയത്ത് ആലോചിച്ചത്പുസ്തകത്തില്‍ ഭക്ഷി പറയുന്നു.

ടോക്കിയോയിലെ സോവിയറ്റ് യൂണിയന്‍ അംബാസഡര്‍ ആയിരുന്ന യാക്കൊവ് മാലിക് വഴി നേതാജി ആസാദ് ഹിന്ദ് ഗവണ്‍മെന്റിന്റെ എംബസി സൈബീരിയയില്‍ തുടങ്ങിയതായും ഭക്ഷി അവകാശപ്പെടുന്നുണ്ട്. സൈബീരിയയില്‍ നിന്നും ബോസ് മൂന്ന് തവണ റേഡിയോബ്രോഡ്കാസ്റ്റ് നടത്തിയതായും പുസ്തകത്തില്‍ പറയുന്നുണ്ട്.

ഇത് മനസിലാക്കിയാണ് ബ്രിട്ടന്‍ സോവിയറ്റ് യൂണിയന്‍ അധികൃതരുമായി ബന്ധപ്പെടുന്നതും ബോസിനെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതെന്നാണ് ജി ഡി ഭക്ഷിയുടെ വിലയിരുത്തല്‍. ക്രൂരമായ ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് ജയിലില്‍ നേതാജി കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. നേതാജി വിമാനാപകടത്തില്‍ മരിച്ചിട്ടില്ലെന്നാണ് ജസ്റ്റിസ് എം കെ മുഖര്‍ജി കമ്മീഷനും മുമ്പ് കണ്ടെത്തിയത്.

മോദിയുടെ വാഗ്ദാനം

നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ പക്കലുള്ള എല്ലാ രേഖകളും പുറത്തുവിടുമെന്ന് 2015 ഒക്‌റ്റോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് നേതാജിയുടെ 119ാമത് ജന്മദിനത്തില്‍ മോദി ഇത്തരത്തിലുള്ള 100 രഹസ്യഫയലുകള്‍ ഡിക്ലാസിഫൈ ചെയ്തിരുന്നു. എന്നാല്‍ ഇനിയും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടാനുണ്ട്.

നേതാജി വിമാനാപകടത്തില്‍ മരിച്ചിട്ടില്ല, സോവിയറ്റ് യൂണിയനിലേക്കുള്ള നേതാജിയുടെ രക്ഷപ്പെടലിനുവേണ്ടി ഉണ്ടാക്കിയെടുത്ത കഥയാണത്. ജാപ്പനീസ് രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇത്തരമൊരു കഥയുണ്ടാക്കിയത്, കാരണം ബോസിന്റെ സുരക്ഷിതമായ രക്ഷപ്പെടലായിരുന്നു അവര്‍ ആ സമയത്ത് ആലോചിച്ചത്പുസ്തകത്തില്‍ ഭക്ഷി പറയുന്നു

ഇന്ത്യന്‍ കറന്‍സിയില്‍ നേതാജിയുടെ കൂടി ഫോട്ടോ ഉള്‍പ്പെടുത്തണമെന്ന് നിരവധി കാലമായി ആവശ്യമുയരുന്നുണ്ട്. എന്നാല്‍ ഇതുവരെ അതില്‍ തീരുമാനമായിട്ടില്ല. കറന്‍സി നോട്ടുകളുടെ കാര്യത്തില്‍ സുപ്രധാനമായ പല തീരുമാനങ്ങളും എടുക്കുന്ന നരേന്ദ്ര മോദി നേതാജിയുടെ ചിത്രം ആലേഖനം ചെയ്തുള്ള ഇന്ത്യന്‍ കറന്‍സിയും പുറത്തിറക്കുന്നതിന് തയാറാകുകയാണ് വേണ്ടത്.

ആര്‍എസ്എസിനുള്ളിലും ഇത്തരമൊരു വികാരം ശക്തമാണെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ച കൂടുതല്‍ നേതാക്കളെ ഇത്തരത്തില്‍ ആദരിക്കാന്‍ തയാറാകണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ശക്തമായി ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.

Comments

comments

Categories: FK Special, Politics, Slider