മാനസിക പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ മരണത്തിലെത്തിക്കാം

മാനസിക പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ മരണത്തിലെത്തിക്കാം

ലോംഗ് ടേം കണ്ടീഷന്‍(എല്‍ടിസി) അനുഭവിക്കുന്ന വ്യക്തികളാണ് ഡോക്റ്ററെ കാണാന്‍ മടിക്കുന്നത്

മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ നിരന്തരമായി ഡോക്റ്ററെ കാണുന്നതില്‍ മുടക്കം വരുത്തുന്നത് മരണ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം. മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഡോക്റ്ററെ കാണാതിരിക്കുന്ന മാനസികരോഗികള്‍ക്ക് മരണ സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

മറവി, മദ്യം-മയക്കുമരുന്ന് ഉപയോഗം പോലുള്ള അവബോധ ക്ഷയവുമായി(കോഗ്നിറ്റീവ് ഇംപെയര്‍മെന്റ്) ബന്ധപ്പെട്ട മാനസിക ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളപ്പോഴാണ് മരണത്തിനുള്ള സാധ്യത വര്‍ധിക്കുന്നത്. ലോംഗ് ടേം കണ്ടീഷന്‍(എല്‍ടിസി) അനുഭവിക്കുന്ന വ്യക്തികളാണ് ഇത്തരത്തില്‍ ഡോക്റ്ററുമായുള്ള സന്ദര്‍ശനം മുടക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. നിലവില്‍ ചികിത്സിക്കാന്‍ കഴിയാത്തതും എന്നാല്‍ മരുന്നുകളിലൂടെയോ തെറാപ്പികളിലൂടെയോ നിയന്ത്രിക്കാന്‍ സാധിക്കുന്നതുമായ അവസ്ഥയാണ് ലോംഗ് ടേം കണ്ടീഷന്‍.

ഏതാണ്ട് 824,374 രോഗികളെയാണ് പഠനത്തിന് വിധേയരാക്കിയത്. ബിഎംസി മെഡിസിന്‍ എന്ന മെഡിക്കല്‍ ജേണലിലാണ് പഠനവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാനസികാരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുള്ള എല്‍ടിസികള്‍ അനുഭവിക്കുന്നവരാണ് ശാരീരികാരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട എല്‍ടിസികള്‍ അനുഭവിക്കുന്നവരേക്കാളും ഡോക്ടര്‍മാരെ കാണാന്‍ മടിക്കുന്നതെന്ന് പഠനം പറയുന്നു.

ഡോക്ടറെ കാണാതിരിക്കുന്ന 30 ശതമാനം മാനസികരോഗികളില്‍ ഒന്ന് മുതല്‍ മൂന്ന് വരെ എല്‍ടിസി കണ്ടുവരുന്നുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു. കൂടാതെ മാനസികപ്രശ്‌നവുമായി ബന്ധപ്പെട്ട് നാലിലധികം ലോംഗ് ടേം കണ്ടീഷന്‍ അനുഭവിക്കുന്ന രോഗികളില്‍ മുന്‍പ് പറഞ്ഞവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഡോക്റ്ററെ കാണാതിരിക്കാനുള്ള പ്രവണത ഇരട്ടിയാണെന്നും പഠനം പറയുന്നു.

രോഗികള്‍ ഇത്തരത്തില്‍ നിരന്തരമായി ഡോക്റ്ററെ കാണാതിരിക്കുന്നത് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മരണമടക്കമുള്ള അപകടങ്ങളിലേക്ക് നയിക്കും. ലോംഗ് ടേം കണ്ടീഷന്‍ അനുഭവിക്കുന്നവര്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ ഡോക്റ്ററെ കാണാതിരിക്കുന്നത് ഡോക്റ്ററെ കാണുന്നതില്‍ മുടക്കം വരുത്താത്തവരേക്കാള്‍ മൂന്നിരട്ടി മരണസാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ബ്രിട്ടണിലെ ഗ്ലാസ്‌ഗോവ് സര്‍വകലാശാലയിലെ റിസര്‍ച്ച് അസോസിയേറ്റ് റോസ് മക്ക്വീന്‍ വ്യക്തമാക്കുന്നു.

ദീര്‍ഘകാലമായി മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിച്ച്, ഡോക്റ്ററെ കാണുന്നതില്‍ മുടക്കം വരുത്തി മരണമടയുന്ന പലരും വേണ്ടതിലും നേരത്തെയാണ് മരണപ്പെടുന്നതെന്ന സൂചനയാണ് പഠനം നല്‍കുന്നത്. ഡോക്റ്ററെ കാണുന്നതില്‍ വീഴ്ച വരുത്താതെ കൃത്യസമയത്ത് ഇവര്‍ ഡോക്റ്ററെ കണ്ടിരുന്നെങ്കില്‍ ആയുസ്സ് കൂട്ടാമായിരുന്നുവെന്ന് ചുരുക്കം. സ്വാഭാവിക മരണത്തേക്കാളും ആത്മഹത്യ പോലുള്ള അസ്വാഭാവിക മരണമാണ് ഇത്തരക്കാരില്‍ കൂടുതലായും കാണുന്നതെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.

ഡോക്റ്റര്‍മാരെ കാണുന്നതില്‍ വീഴ്ച വരുത്തുന്നതും മരണനിരക്കും തമ്മിലുള്ള ശരിയായ ബന്ധം കണ്ടെത്തുന്നതിന് കൂടുതല്‍ ഗവേഷണം ആവശ്യമാണ്. അതേസമയം സ്ഥിരമായി ഇത്തരത്തില്‍ അപ്പോയിന്‍മെന്റുകള്‍ നഷ്ടപ്പെടുത്തുന്ന രോഗികളുമായി കൂടുതല്‍ അടുത്തിടപെഴകി വീണ്ടും അവരെ തങ്ങള്‍ക്ക് മുന്‍പില്‍ എത്തിക്കാനുള്ള അവസരങ്ങള്‍ ഡോക്റ്റര്‍മാര്‍ കണ്ടെത്തണമെന്ന അഭിപ്രായമാണ് പഠനം പങ്കുവെക്കുന്നത്.

Comments

comments

Categories: Health