ശക്തരോടൊപ്പം നില്‍ക്കാന്‍ തമിഴകം

ശക്തരോടൊപ്പം നില്‍ക്കാന്‍ തമിഴകം

എം കെ സ്റ്റാലിന്‍ മാത്രമാണ് പാര്‍ട്ടിനിലപാട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഏതാണ്ട് അരനൂറ്റാണ്ടുകാലത്തിനിടയില്‍ ശക്തനായ ഒരു നേതാവില്ലാതെ തമിഴ് രാഷ്ടീയം ഒരു പൊതുതെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. ഡിഎംകെ നേതാവ് കരുണാനിധിയും എഐഎഡിഎംകെയെ നയിച്ച ജയലളിതയും കാലയവനികക്കുള്ളില്‍ മറഞ്ഞു. ഇന്ന് ദ്രാവിഡ പാര്‍ട്ടികള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ജനങ്ങളെ എങ്ങനെ സ്വാധീനിക്കും എന്ന് വിലയിരുത്താനുമായിട്ടില്ല. ദേശീയ പാര്‍ട്ടികളും മുന്നണികളും തമിഴ് രാഷ്ട്രീയത്തില്‍ മുമ്പുതന്നെ താല്‍പ്പര്യമുള്ളവരാണ്. 39 ലോക്‌സഭാസീറ്റുകളാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്ത് സ്വാധീനമുള്ള പാര്‍ട്ടിയുടെ സഹകരണം ദേശീയതലത്തില്‍ പിന്തുണ വര്‍ധിപ്പിക്കാന്‍ ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ തമിഴകത്ത് ഇക്കുറി സ്ഥിതി വ്യത്യസ്ഥമാണ്. ഡിഎംകെയുടെ നേതൃസ്ഥാനത്തെത്തിയ എം കെ സ്റ്റാലിന്‍ മാത്രമാണ് പാര്‍ട്ടിനിലപാട് പ്രഖ്യാപിച്ചിട്ടുള്ളത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ ഇതിനെ ഒരു സഖ്യ കാഴ്ചപ്പാടായി വിലയിരുത്താനാവില്ല. മുന്‍പ് സ്വീകരിച്ച നിലപാടുകള്‍ മാറ്റിപ്പറഞ്ഞ ചരിത്രവും പാര്‍ട്ടിക്കുണ്ട്. അതിനാല്‍ തെരഞ്ഞെടുപ്പിനുശേഷമുള്ള സ്ഥിതി വിലയിരുത്തിയശേഷമെ വിശ്വാസയോഗ്യമായ നിലപാട് പാര്‍ട്ടി സ്വീകരിക്കുകയുള്ളു എന്ന് സാരം. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയും എന്നാല്‍ അവര്‍ പരാജയപ്പെട്ടാല്‍ ഈ നയം മാറ്റിപ്പറയാനും അവര്‍ക്കുകഴിയും. അതിനാല്‍ ദേശീയതലത്തില്‍ ഇരുമുന്നണികള്‍ക്കും തമിഴകം പ്രതീക്ഷയാണ് നല്‍കുന്നത്.

എന്നാല്‍ എഐഎഡിഎംകെ ദേശീയതലത്തില്‍ സ്വീകരിക്കേണ്ട നിലപാടില്‍ വ്യക്തത വരുത്തിയിട്ടില്ല. തമിഴ്‌നാടിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നവരെ പാര്‍ട്ടി പിന്തുണയ്ക്കും എന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞിട്ടുള്ളത്. ഇത് എല്ലാ മുന്നണികള്‍ക്കും സ്വീകാര്യമായതിനാല്‍ അണ്ണാ ഡിഎംകെ ഏതുമുന്നണിയിലേക്കും പോകാം. ബിജെപിയുടെ സഖ്യസാധ്യതകള്‍ സുതാര്യമാണെന്നും തങ്ങളുടെ പഴയ സുഹൃത്തുക്കളെ വിലമതിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. അതിനുശേഷമാണ് എഐഎഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമിയുടെ പ്രസ്താവന പുറത്തുവന്നത്. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് നന്മ ചെയ്യുന്നവര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ ആഗ്രഹിക്കുന്നതായി ഒരു പാര്‍ട്ടി പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി. ഇത് വളെരെ ശ്രദ്ധേയമായകാര്യമായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇത് സഖ്യ സൂചനയാകാം എന്നാണ് കരുതുന്നത്. മുന്‍ മുഖ്യമന്ത്രി ജയലളിത 2004 ല്‍ ബിജെപിയുമായി യോജിച്ചുപ്രവര്‍ത്തിച്ചിരുന്നു. അന്ന് ഡിഎംകെ -കോണ്‍ഗ്രസ് സഖ്യത്തിനായിരുന്നു അവിടെ വിജയം.

ദ്രാവിഡ പാര്‍ട്ടികള്‍ക്കാണ് തമിഴ്‌നാട്ടില്‍ വേരോട്ടമുള്ളത്. 1950ല്‍ സംസ്ഥാനം രൂപീകരിച്ചതിനുശേഷം തുടര്‍ച്ചയായി മൂന്നുതവണ കോണ്‍ഗ്രസ് അധികാരത്തിലെത്തിയിരുന്നു. അത് കാമരാജിന്റെ വ്യക്തി പ്രഭാവത്തിലായിരുന്നു. എന്നാല്‍ നാലാമത്തെ തവണ മുതല്‍ ഇന്നുവരെ പ്രാദേശിക പാര്‍ട്ടികളാണ് ഇവിടെ ഭരണത്തിലേറിയത്. പിന്നീട് ഇതില്‍നിന്നും പിളര്‍ന്നാണ് എഐഎഡിഎംകെ രൂപീകൃതമായത്.ഇന്നും മറ്റു പാര്‍ട്ടികള്‍ക്ക് സ്വാധീനം കുറവാണ് ഇവിടെ. എംഡിഎംകെ, പിഎംകെ പോലുള്ള പ്രാദേശികക്ഷികള്‍ക്കും അനുയായികളുണ്ട്. എന്നാല്‍ ദേശീയ പാര്‍ട്ടികള്‍ക്ക് ഇവരുടെ പിന്തുണയില്ലാതെ മത്സരിക്കാനാവില്ല.

ഇക്കുറി സൂപ്പര്‍സ്റ്റാര്‍ രജനികാന്തും കമല്‍ഹാസനും രാഷ്ടീയത്തിലേക്ക് ഇറങ്ങുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ താരങ്ങള്‍ക്ക് ജനങ്ങളുടെ ഇടയില്‍ വന്‍ സ്വാധീനമാണുള്ളത്. ഇവര്‍ മത്സരരംഗത്തേക്കിറങ്ങിയാല്‍ തമിഴകം കുഴഞ്ഞുമറിയും. ഡിഎംകെയും എഐഎഡിഎംകെയും ഇവരെ സ്വാഗതം ചെയ്തിരുന്നു.എന്നാല്‍ നിലവിലുള്ള പാര്‍ട്ടിയില്‍ ചേരുന്നതിനുപകരം സ്വന്തം പാര്‍ട്ടിയുണ്ടാക്കി പിന്നീട് സഖ്യത്തിലെത്താനുള്ള സാധ്യതയാണ് താരങ്ങള്‍ മുന്നില്‍ക്കണ്ടത്. കമല്‍ഹാസന്‍ മക്കള്‍ നീതി മയ്യം എന്ന പേരും പ്രഖ്യാപിച്ചു. എന്നാല്‍ രജനീകാന്ത് പാര്‍ട്ടിയുടെ ലക്ഷ്യങ്ങള്‍ മാത്രമാണ് പറഞ്ഞിട്ടുള്ളത്. പേര് പ്രഖ്യപിച്ചിട്ടില്ല. രണ്ടു പാര്‍ട്ടികള്‍ക്ക് വന്‍ സ്വാധീനമുള്ള സംസ്ഥാനത്ത് ജനങ്ങളെ ഇളക്കിമറിക്കാന്‍ ശേഷിയുള്ള താരങ്ങള്‍കൂടിയെത്തിയാല്‍ ഇപ്പോഴുള്ള രാഷ്ട്രീയ കാലാവസ്ഥ മാറുമെന്നുറപ്പാണ്.
എക്കാലവും തമിഴ് രാഷ്ട്രീയത്തില്‍ സിനിമയുടെയും താരങ്ങളെയും സ്വാധീനം വളരെ വലുതായിരുന്നു. കരുണാനിധി ,എംജിആര്‍, ജയലളിത തുടങ്ങിയവര്‍ തന്നെ വലിയ ഉദാഹരണം. വിജയകാന്തും ശരത്കുമാറും വരെ സ്വന്തം പാര്‍ട്ടിയുണ്ടാക്കി മത്സരിക്കുന്നു.നെപ്പോളിയനും രാഷ്ട്രീയത്തിലാണ്. സിനിമയും രാഷ്ട്രീയവും കൂടിക്കലര്‍ന്ന കാലാവസ്ഥയാണ് തമിഴ്‌നാട്ടിലുള്ളത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ താരങ്ങളുടെ വാക്കുകള്‍ പോലും ഫലത്തെ ബാധിക്കാം. അതിനായി ഭരണ പ്രതിപക്ഷപാര്‍ട്ടികള്‍ ശ്രമിക്കുകയും ചെയ്യും. ഇതിനുദാഹരണങ്ങളുമുള്ള നാടാണ് തമിഴകം.

അടുത്തു നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ എല്ലാവരും രംഗത്തിറങ്ങിയാല്‍ വോട്ടുകള്‍ വിഭജിക്കപ്പെടും. ഇത് മുന്നണികള്‍ക്ക് തിരിച്ചടിയാകും. ഇന്നുവരെ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ മേധാവിത്വം തെരഞ്ഞെടുപ്പുകളില്‍ കാണാറുണ്ടായിരുന്നു. എന്നാല്‍ വിവിധ നേതാക്കള്‍ രംഗത്തിറങ്ങുന്നതോടെ സ്ഥിതി മാറിയേക്കാം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമാകും. നിലവില്‍ 2011 മുതല്‍ സംസ്ഥാനത്ത് ഭരിക്കുന്നത് എഐഎഡിഎംകെയാണ്. നിലുണ്ടെന്ന് കരുതപ്പെടുന്ന ഭരണ വിരുദ്ധ വികാരം ഉപയോഗിച്ച് വിജയംകെയ്യാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് ഡിഎംകെ. എന്നാല്‍ ഭരണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ ജയില്‍ശിക്ഷ അനുഭവിക്കുകയും പിന്നീട് അധികാരത്തിലിരിക്കുമ്പോള്‍തന്നെ മരണമടയുകയും ചെയ്ത ജയലളിതയോടുള്ള ആദരവ് തങ്ങളെ വീണ്ടും നേട്ടങ്ങള്‍ കൊയ്യാന്‍ സഹായിക്കുമെന്ന നിലപാടാണ് ഭരണകക്ഷിക്കുള്ളത്. തെരഞ്ഞെടുപ്പിലുണ്ടാകാവുന്ന താരോദയങ്ങള്‍ ഇരു പാര്‍ട്ടികള്‍ക്കും ഭീഷണിയാവുകയും ചെയ്യും. ഈ സന്ദര്‍ഭത്തില്‍ സ്വാധീനമുള്ള നേതാവില്ലാത്തത് ഇരു പാര്‍ട്ടികള്‍ക്കും ക്ഷീണമാണ്.

നിലവിലുള്ള സൂചനകള്‍ക്കുപരി തെരഞ്ഞെടുപ്പിനുശേഷമുള്ള സഖ്യമോ പിന്തുണയോ ആവും ദേശീയ തലത്തില്‍ മുന്നണികള്‍ ആഗ്രഹിക്കുക. തമിഴ് രാഷ്ട്രീയത്തിന്റെ ചായ്‌വ് സംബന്ധിച്ചും കൂടുതല്‍ വ്യക്തത കൈവരാനുള്ളതിനാല്‍ വിജയികള്‍ക്കൊപ്പം നില്‍ക്കാനുള്ള ശ്രമത്തിലാണ് ദേശീയപാര്‍ട്ടികള്‍. തമിഴ് കക്ഷികളും ദേശീയതലത്തില്‍ വിജയികള്‍ക്കൊപ്പമാകും നില്‍ക്കുക. ഇക്കുറിയും അവര്‍ തീരുമാനം മാറ്റാന്‍ വഴിയില്ല. കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടിയെക്കാന്‍ ശക്തരോടൊപ്പം നില്‍ക്കുക എന്നതാകും നയം.

Comments

comments

Categories: Politics
Tags: Tamilnadu

Related Articles