6.25 കോടി രൂപയായിരിക്കും എക്സ് ഷോറൂം വില. ഓപ്ഷനുകള്‍ ഉള്‍പ്പെടെ 8.5 കോടിയിലധികം രൂപ
ന്യൂഡെല്‍ഹി : ലംബോര്‍ഗിനി അവന്റഡോര്‍ എസ്വിജെ ഇന്ത്യയില്‍ അവതരിപ്പിച്ചു. ലംബോര്ഗിനിയില്നിന്നുള്ള ലിമിറ്റഡ് എഡിഷന് സൂപ്പര്‍കാറാണ് അവന്റഡോര്‍ എസ്വിജെ. അവന്റഡോര്‍ എസ് മോഡലിന്റെ കൂടുതല്‍ കരുത്തുറ്റ, ട്രാക്ക് ഫോക്കസ്ഡ് വേര്‍ഷനാണ് അവന്റഡോര്‍ എസ്വിജെ. കഴിഞ്ഞ വര്‍ഷത്തെ പെബിള്‍ ബീച്ച് കോണ്‍കൂര്‍ ഡെലഗന്സിലാണ് അവന്റഡോര്‍ എസ്വിജെ ആഗോള അരങ്ങേറ്റം നടത്തിയത്.
ബെംഗളൂരുവിലെ സ്വകാര്യ വ്യക്തിക്ക് ഇന്ത്യയിലെ ആദ്യ ലംബോര്‍ഗിനി അവന്റഡോര്‍ എസ്വിജെ ഡെലിവറി ചെയ്തു. സൂപ്പര്‍കാറിന്റെ വില ലംബോര്‍ഗിനി ഇന്ത്യ വെളിപ്പെടുത്തിയില്ല. എന്നാല്‍ 6.25 കോടി രൂപയായിരിക്കും എക്സ് ഷോറൂം വില. ഓപ്ഷനുകള്‍ ഉള്‍പ്പെടെ 8.5 കോടിയിലധികം രൂപ വില വരും. ലിമിറ്റഡ് എഡിഷനായ ലംബോര്‍ഗിനി അവന്റഡോര്‍ എസ്വിജെ ആകെ 600 എണ്ണം മാത്രമാണ് നിര്‍മ്മിക്കുന്നത്.
ലംബോര്‍ഗിനി അവന്റഡോര്‍ എസ്, അവന്റഡോര്‍ എസ്വി വേര്ഷനുകള്ക്കുമേലെയാണ് അവന്റഡോര്‍ എസ്വിജെയുടെ സ്ഥാനം. ബോണറ്റില്‍ കൂടുതല്‍ വെന്റുകള്‍, വലിയ ഫ്രണ്ട് സ്പ്ലിറ്റര്‍, പുതിയ റിയര്‍ വിംഗ് എന്നിവയോടെയാണ് കാര്‍ വരുന്നത്. പുതിയ ഡുവല്‍ പൈപ്പ് എക്സോസ്റ്റ് സിസ്റ്റം പിന്‍ഭാഗത്ത് കാണാം. ലംബോര്‍ഗിനി പാറ്റന്റ് നേടിയ ആക്റ്റിവ് എയ്റോഡൈനാമിക്സ് സിസ്റ്റം, എയ്റോ വെക്ടറിംഗ് എന്നിവ സൂപ്പര്‍കാറിന്റെ പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കും.
6.5 ലിറ്റര്‍, വി12, നാച്ചുറലി ആസ്പിറേറ്റഡ് എന്ജിന് 770 ബിഎച്ച്പി കരുത്തും 720 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അവന്റഡോര്‍ എസ്വി ഉല്‍പ്പാദിപ്പിക്കുന്നതിനേക്കാള്‍ 20 ബിഎച്ച്പി കൂടുതല്‍. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 2.8 സെക്കന്‍ഡ് മതി. എന്നാല്‍ 0-200 കിമീ/മണിക്കൂര്‍ വേഗമാര്ജ്ജിക്കുന്നതിന് 8.6 സെക്കന്‍ഡുകള്‍ വേണം. മണിക്കൂറില്‍ 349 കിലോമീറ്ററാണ് ടോപ് സ്പീഡ്.-