ഏറ്റവും ആകര്‍ഷകമായ നിക്ഷേപ വിപണികളില്‍ നാലാം സ്ഥാനം ഇന്ത്യക്ക്

ഏറ്റവും ആകര്‍ഷകമായ നിക്ഷേപ വിപണികളില്‍ നാലാം സ്ഥാനം ഇന്ത്യക്ക്

യുഎസ് ആണ് ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ നിക്ഷേപ വിപണി

ന്യൂഡെല്‍ഹി: ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ സിഇഒമാര്‍ക്കുള്ള ആന്മവിശ്വാസം കുത്തനെ ഇടിഞ്ഞെങ്കിലും ഇന്ത്യയുടെ മുന്നേറ്റത്തില്‍ അവര്‍ക്ക് മികച്ച പ്രതീക്ഷയാണുള്ളതെന്ന് പിഡബ്ല്യുസിയുടെ സര്‍വേ റിപ്പോര്‍ട്ട്. യുകെയെ മറികടന്ന് ലോകത്തിലെ നാലാമത്തെ ആകര്‍ഷകമായ നിക്ഷേപ വിപണിയായി ഇന്ത്യ മാറിയെന്നും പിഡബ്ല്യുസി റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക യോഗത്തിലാണ് പിഡബ്ല്യുസി സര്‍വേ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. 91 രാജ്യങ്ങളില്‍ നിന്നുള്ള 1,300ല്‍ അധികം സിഇഒമാര്‍ സര്‍വേയുടെ ഭാഗമായി. ആഗോള സിഇഒമര്‍ക്കിടയില്‍ ചൈനയോടുള്ള പ്രിയം കുറയുന്നതായി സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. എങ്കിലും ലോകത്തിലെ ആകര്‍ഷകമായ രണ്ടാമത്തെ നിക്ഷേപ വിപണിയെന്ന സ്ഥാനം ചൈന നിലനിര്‍ത്തിയിട്ടുണ്ട്. യുഎസ് ആണ് ഏറ്റവും ആകര്‍ഷകമായ നിക്ഷേപ വിപണി. അതേസമയം, ഇരു രാജ്യങ്ങളുടെയും ആകര്‍ഷണീയതയില്‍ ചെറിയ ഇടിവുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിഇഒമാര്‍ക്കിടയില്‍ ഇന്ത്യയുടെ ജനസമ്മതി കഴിഞ്ഞ വര്‍ഷത്തെ ഒന്‍പത് ശതമാനത്തില്‍ നിന്നും എട്ട് ശതമാനമായി ചുരുങ്ങിയിട്ടുണ്ട്. ജനപ്രീതിയില്‍ മുന്നിലുള്ളത് യുഎസ് ആണ്. എന്നാല്‍, യുഎസിന്റെ ബഹുജനസമ്മതി കഴിഞ്ഞ വര്‍ഷത്തെ 46 ശതമാനത്തില്‍ നിന്നും 27 ശതമാനമായി ചുരുങ്ങി. ചൈനയുടെ ജനപ്രീതി 33 ശതമാനത്തില്‍ 24 ശതമാനമായും ജര്‍മ്മനിയുടേത് 20 ശതമാനത്തില്‍ നിന്ന് 13 ശതമാനമായും ചുരുങ്ങി.

തങ്ങളുടെ ആഭ്യന്തര വിപണിക്ക് പുറത്ത് ഏതാണ് ഏറ്റവും ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമെന്ന് അറിയില്ലെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 15 ശതമാനം സിഇഒമാര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ സര്‍വേയില്‍ എട്ട് ശതമാനം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ സമാന അഭിപ്രായം പങ്കുവെച്ചിരുന്നു. ആഭ്യന്തര വിപണിക്ക് പുറത്ത് മറ്റൊരു വിപണിയും ആകര്‍ഷണീയമല്ല എന്ന അഭിപ്രായമുള്ള സിഇഒമാരുടെ എണ്ണം ഒരു ശതമാനത്തില്‍ നിന്നും എട്ട് ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

സിഇഒമാര്‍ക്കിടയില്‍ വോട്ട് വിഹിതം കുറഞ്ഞെങ്കിലും ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ നിക്ഷേപ വിപണികളില്‍ ‘ഉദിച്ചുയരുന്ന താരം’ ഇന്ത്യയാണെന്നാണ് പിഡബ്ല്യുസി പറയുന്നത്. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ ഇന്ത്യ ജപ്പാനെ മറികടന്നിരുന്നു. ഈ വര്‍ഷം യുകെയെ മറികടക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ യുകെയില്‍ തുടരുന്ന സാഹചര്യത്തിലാണിത്.

വരുമാനം സംബന്ധിച്ച സിഇഒമാരുടെ ആന്മവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും ഊര്‍ജ്ജസ്വലമായ വിപണി ഇന്ത്യയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം, അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ആഗോള സാമ്പത്തിക വളര്‍ച്ച ചുരുങ്ങുമെന്നാണ് സര്‍വേയുടെ ഭാഗമായ 30 ശതമാനം ബിസിനസ് നേതൃത്വങ്ങള്‍ വിശ്വസിക്കുന്നത്. ആഗോള വളര്‍ച്ചയില്‍ വടക്കേ അമേരിക്കയില്‍ നിന്നുള്ള സിഇഒമാരുടെ ശുഭാപ്തി വിശ്വാസത്തിലാണ് ഏറ്റവും കൂടുതല്‍ കുറവ് വന്നിട്ടുള്ളത്. വ്യാപാര ആശങ്കകള്‍ വര്‍ധിക്കുന്നതും സംരക്ഷണവാദവുമാണ് ബിസിനസ് നേതൃത്വങ്ങളുടെ ആന്മാവിശ്വാസം തകര്‍ക്കുന്ന ഘടകങ്ങളെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

Comments

comments

Categories: Business & Economy
Tags: investment