ഇന്ത്യയില്‍ തേരോട്ടത്തിന് നിസാന്‍ കിക്ക്‌സ്

ഇന്ത്യയില്‍ തേരോട്ടത്തിന് നിസാന്‍ കിക്ക്‌സ്

ഡെല്‍ഹി എക്‌സ് ഷോറൂം വില 9.55 ലക്ഷം രൂപ മുതല്‍

നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് നിസാന്‍ കിക്ക്‌സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 9.55 ലക്ഷം രൂപ (ബേസ് എക്‌സ്എല്‍ പെട്രോള്‍ വേരിയന്റ്) മുതല്‍ 14.65 ലക്ഷം രൂപ (ടോപ് എക്‌സ്‌വി പ്രീമിയം പ്ലസ് ഡീസല്‍ വേരിയന്റ്) വരെയാണ് എസ്‌യുവിയുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില. ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. നിസാന്‍ ഡീലര്‍ഷിപ്പ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ മുഖേന 25,000 രൂപ നല്‍കി ബുക്കിംഗ് നടത്താവുന്നതാണ്. ആഗോളതലത്തില്‍ നിസാന്റെ വി പ്ലാറ്റ്‌ഫോമിലാണ് കിക്ക്‌സ് നിര്‍മ്മിക്കുന്നതെങ്കില്‍ ഇന്ത്യന്‍ വിപണിയിലേക്കായി ഡാസിയയുടെ ബി0 പ്ലാറ്റ്‌ഫോമാണ് ഉപയോഗിക്കുന്നത്.

അപ്‌റൈറ്റ് സ്റ്റൈലിംഗ് ലഭിച്ച നിസാന്‍ കിക്ക്‌സ് എസ്‌യുവി പ്രീമിയം ഫീച്ചറുകളോടെയാണ് വിപണിയിലെത്തുന്നത്. ഇംഗ്ലീഷ് അക്ഷരമാലയിലെ വി ആകൃതിയിലുള്ള ക്രോം സാന്നിധ്യം ഗ്രില്ലിന് അധികഭംഗി നല്‍കുന്നു. എല്‍ഇഡി പ്രൊജക്റ്റര്‍ ഓട്ടോമാറ്റിക് സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാംപുകളാണ് സ്‌പോര്‍ടി, സ്റ്റൈലിഷ് എസ്‌യുവിയില്‍ നല്‍കിയിരിക്കുന്നത്. പ്രൊഫൈല്‍ കാഴ്ച്ചയില്‍ ക്രോസ്ഓവര്‍ സ്റ്റാന്‍സും കോണ്‍ട്രാസ്റ്റ് റൂഫും മനോഹരമാണ്. 17 ഇഞ്ച് അലോയ് വീലുകളിലാണ് നിസാന്‍ കിക്ക്‌സ് വരുന്നത്.

കാബിനില്‍ വിലയേറിയ തുകല്‍ കൊണ്ടുള്ള അപ്‌ഹോള്‍സ്റ്ററി കാണാം. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ സഹിതമാണ് 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം. ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂസ് കണ്‍ട്രോള്‍ എന്നിവ സവിശേഷതകളാണ്.

ഏറ്റവും വലിയ എതിരാളിയായ ഹ്യുണ്ടായ് ക്രെറ്റയേക്കാള്‍ വലുതാണ് നിസാന്‍ കിക്ക്‌സ്. 4,384 എംഎം നീളം, 1,813 എംഎം വീതി, 1,651 എംഎം ഉയരം എന്നിങ്ങനെയാണ് നിസാന്‍ കിക്ക്‌സ് എസ്‌യുവിയുടെ വലുപ്പം സംബന്ധിച്ച അളവുകള്‍. 2,673 മില്ലി മീറ്ററാണ് വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 210 എംഎം. ബൂട്ട് ശേഷി 400 ലിറ്റര്‍.

നാല് എയര്‍ബാഗുകള്‍, എബിഎസ്, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), ബ്രേക്ക് അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയാണ് സുരക്ഷാ, ഡ്രൈവര്‍ അസിസ്റ്റ് ഫീച്ചറുകള്‍. സെഗ്‌മെന്റില്‍ ഇതാദ്യമായി 360 ഡിഗ്രി കാമറ വ്യൂ നല്‍കി.

റെനോ ഡസ്റ്റര്‍ ഉപയോഗിക്കുന്ന അതേ ട്യൂണിലുള്ള അതേ 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ കെ9കെ ഡീസല്‍ എന്‍ജിനുകളാണ് നിസാന്‍ കിക്ക്‌സ് എസ്‌യുവിയില്‍ നല്‍കിയിരിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 104 ബിഎച്ച്പി കരുത്തും 142 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ഡീസല്‍ എന്‍ജിന്‍ 108 ബിഎച്ച്പി കരുത്തും 240 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. പെട്രോള്‍ എന്‍ജിനുമായി 5 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചപ്പോള്‍ ഡീസല്‍ മോട്ടോറുമായി 6 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ തല്‍ക്കാലം ലഭിക്കില്ല.

Comments

comments

Categories: Auto
Tags: Nissan kicks