അഴിമതിയും ഇടനിലക്കാരെയും തുടച്ചു നീക്കി; 80 ബില്യണ്‍ $ ജനങ്ങള്‍ക്ക്: പ്രധാനമന്ത്രി

അഴിമതിയും ഇടനിലക്കാരെയും തുടച്ചു നീക്കി; 80 ബില്യണ്‍ $ ജനങ്ങള്‍ക്ക്: പ്രധാനമന്ത്രി

പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരെന്ന് നരേന്ദ്ര മോദി; ഇന്ത്യയില്‍ നിക്ഷേപിക്കണമെന്നും അഭ്യര്‍ഥന

വാരാണസി: 31 ദശലക്ഷം വരുന്ന പ്രവാസി ഭാരതീയര്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അവസരങ്ങള്‍ മുതലെടുക്കാനും നിക്ഷേപം നടത്താനും പ്രവാസികളെ അദ്ദേഹം ക്ഷണിച്ചു. തന്റെ ലോക്‌സഭാ മണ്ഡലമായ വാരാണസിയില്‍ പതിനഞ്ചാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് പ്രധാനമന്ത്രി രാജ്യത്തെ നിക്ഷേപ സാഹചര്യങ്ങളെ കുറിച്ച് വിശദീകരിച്ചത്.

നാലര വര്‍ഷത്തെ ഭരണത്തിനിടെ അഴിമതിയും കെടുകാര്യസ്ഥതയും തുടച്ചു നീക്കാന്‍ സ്വീകരിച്ച നടപടികള്‍ എണ്ണിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ‘ഇന്ത്യയില്‍ ഒന്നും നടക്കില്ലെന്നായിരുന്നു പറയപ്പെട്ടിരുന്നത്. നാലര വര്‍ഷം കൊണ്ട് ഞങ്ങള്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു. ലോകം ഇന്ന് ഏറെ ഗൗരവമായി ഇന്ത്യയുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നുണ്ട്. ഏറെ മേഖലകളില്‍ ഇന്ത്യ ലോകത്തെ നയിക്കാന്‍ സക്ഷമമാണ്. അന്താരാഷ്ട്ര സോളാര്‍ സഖ്യത്തിലൂടെ ഒരു ലോകം, ഒരു സൂര്യന്‍, ഒരു ഗ്രിഡ് എന്ന ലക്ഷ്യത്തിലേക്ക് നയിക്കാനാണ് നാം ശ്രമിക്കുന്നത്,’ മോദി പറഞ്ഞു. ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്നതിനൊപ്പം കായിക രംഗത്തും ശക്തി തെളിയിക്കാന്‍ ഒരുങ്ങുകയാണ് നാം. വമ്പന്‍ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കൊപ്പം ബഹിരാകാശത്തും രാജ്യം റെക്കോഡുകളിടുന്നു. ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് നടപ്പാക്കുന്നതിനൊപ്പം വലിയ സ്റ്റാര്‍ട്ടപ് സംവിധാനമായും നാം പരിണമിക്കുകയാണ്. മേക്ക് ഇന്‍ ഇന്ത്യയുടെ കീഴില്‍ നമ്മുടെ യുവാക്കള്‍ മൊബീല്‍ ഫോണുകളും കാറുകളും ബസുകളും ട്രക്കുകളും ട്രെയ്‌നുകളും നിര്‍മിച്ച് റെക്കോഡിടുമ്പോള്‍ മറുവശത്ത് കൃഷിയിടങ്ങളിലും ധാന്യോല്‍പ്പാദനം ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്റ്റാര്‍ട്ടപ്പുകളെയും എന്‍ആര്‍ഐ മാര്‍ഗ നിര്‍ദേശകരെയും സര്‍ക്കാര്‍ ഒരു പ്ലാറ്റ്‌ഫോമില്‍ ഒരുമിപ്പിക്കും. പ്രതിരോധ ഉല്‍പ്പാദന മേഖലയും പ്രവാസികള്‍ക്ക് നിക്ഷേപം നടത്താന്‍ ഏറ്റവും അനുകൂലമാണ്. ഓരോ കുടുംബവും തങ്ങളുടെ അഞ്ച് വിദേശ അയല്‍ക്കാരെയെങ്കിലും ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ചാല്‍ ടൂറിസമം മേഖലക്ക് വലിയ നേട്ടമാവുമെന്നും മോദി പറഞ്ഞു.

സാങ്കേതികതയുടെ സഹായത്തോടെ അഴിമതിയും വെട്ടിപ്പും 100 ശതമാനം അവസാനിപ്പിച്ചെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിവിധ സബ്‌സിഡി പദ്ധതികളിലായി 5,78,000 കോടി രൂപ (80 ബില്യണ്‍ ഡോളര്‍) രാജ്യത്തെ ജനങ്ങള്‍ക്ക് വിതരണം ചെയ്തു. ബാങ്ക് എക്കൗണ്ടുകളിലേക്ക് നേരിട്ട് പണം കൈമാറുന്ന പദ്ധതിയിലൂടെ അനര്‍ഹരായ ഏഴ് ലക്ഷം ആളുകളെ കണ്ടെത്തി ഒഴിവാക്കാനായി. ഒരു പഴയ പ്രധാനമന്ത്രി പറഞ്ഞിരുന്നത് ഡെല്‍ഹിയില്‍ നിന്ന് അയക്കുന്ന പണത്തിന്റെ 15 ശതമാനം മാത്രമാണ് ജനങ്ങളിലെത്തുന്നതെന്നാണ്. എന്നാല്‍ പിന്നീട് 15 വര്‍ഷം ഭരിച്ചിട്ടും അവര്‍ ഈ കൊള്ള അവസാനിപ്പിക്കാന്‍ നടപടിയെടുത്തില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

Comments

comments

Categories: FK News, Slider