പ്രതിഭാ മല്‍സരക്ഷമതയില്‍ ഇന്ത്യക്ക് 80-ാം റാങ്ക്

പ്രതിഭാ മല്‍സരക്ഷമതയില്‍ ഇന്ത്യക്ക് 80-ാം റാങ്ക്

ഇന്ത്യയിലെ ജീവിത നിലവാര സൂചിക വളരേ മോശം അവസ്ഥയിലാണ് ഉള്ളതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു

ദാവോസ്: ആഗോള പ്രതിഭാ മല്‍സരക്ഷമതാ റാങ്കിംഗില്‍ (Global talent competitive index) ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി 80-ാം റാങ്കിലെത്തി. മറ്റ് ബ്രിക്‌സ് രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. സ്വിറ്റ്‌സര്‍ലന്‍ഡാണ് റാങ്കിംഗില്‍ ഒന്നാമത് നില്‍ക്കുന്നത്. ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക സമ്മേളനത്തിന്റെ ആദ്യ ദിനത്തിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ഇന്‍സീഡ് ബിസിനസ് സ്‌കൂളും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസും അഡെകോ ഗ്രൂപ്പും ചേര്‍ന്നാണ് വിവിധ മാനദണ്ഡങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.
ബ്രിക്‌സ് രാഷ്ട്രങ്ങളില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ചവെച്ചിട്ടുള്ളത് ചൈനയാണ്. മുന്‍വര്‍ഷത്തെ റാങ്കിംഗില്‍ നിന്ന് രണ്ടു സ്ഥാനം ഇടിഞ്ഞ ചൈന 45-ാം സ്ഥാനത്തെത്തി. ഇന്ത്യയാണ് മൊത്തം റാങ്കിംഗില്‍ ബ്രിക്‌സില്‍ ഏറ്റവും പിന്നിലുള്ളത. എന്നാല്‍ പ്രതിഭകളുടെ വളര്‍ച്ച (48) വളര്‍ച്ചാ അവസരങ്ങളുടെ ലഭ്യത (41) എന്നീ വിഭാഗങ്ങളില്‍ ഇന്ത്യ ബ്രിക്‌സിലെ വരുമാനം കുറഞ്ഞ രാഷ്ട്രങ്ങളേക്കാള്‍ മുന്നിലെത്തിയിട്ടുണ്ട്.

പ്രതിഭകളെ ആകര്‍ഷിക്കുന്നതിലും നിലനിര്‍ത്തുന്നതിലുമാണ് ഇന്ത്യ വളരേയധികം വെല്ലുവിളികള്‍ നേരിടുകയാണ്. യഥാക്രമം 95ഉം 96ഉം ആണ് ഈ വിഭാഗങ്ങളിലെ ഇന്ത്യയുടെ റാങ്കിംഗ്. ആഭ്യന്തരമായ വിശാലതയുടെ അഭാവമാണ് ഇന്ത്യ ഇക്കാര്യത്തില്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 116-ാം സ്ഥാനമാണ് ഇക്കാര്യത്തിലുള്ളത്. ദുര്‍ബലമായ ലിംഗ സമത്വവും ന്യൂനപക്ഷ സമൂഹങ്ങളോടും കുടിയേറ്റക്കാരോടും കുറഞ്ഞ സഹിഷ്ണുതയുമാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ ജീവിത നിലവാര സൂചിക (112) വളരേ മോശം അവസ്ഥയിലാണ് ഉള്ളതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
പുതിയ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിലും ആകര്‍ഷിക്കുന്നതിലും നിലനിര്‍ത്തുന്നതിലും വിവിധ രാഷ്ട്രങ്ങളും നഗരങ്ങളും എവിടെ നില്‍ക്കുന്നുവെന്നാണ് സര്‍വേ പരിശോധിച്ചത്. 125 രാജ്യങ്ങളെയും 114 നഗരങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് റാങ്കിംഗ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. സംരംഭകത്വ പ്രതിഭ എന്നതാണ് പ്രതിഭാ മല്‍സരക്ഷമതയില്‍ നിര്‍ണായകമായി വളര്‍ന്നുവരുന്നതെന്ന് സര്‍വെ വിലയിരുത്തുന്നു.

സിംഗപ്പൂരാണ് മൊത്തം റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. യുഎസ്, നോര്‍വെ, ഡെന്‍മാര്‍ക്ക് എന്നിവ യഥാക്രമം പിന്നീടുള്ള സ്ഥാനങ്ങളില്‍ എത്തി. ഉയര്‍ന്ന വരുമാനമുള്ളതും താഴ്ന്ന വരുമാനമുള്ളതുമായ രാജ്യങ്ങള്‍ തമ്മില്‍ ഇക്കാര്യത്തിലുള്ള വിടവ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറെ വര്‍ധിച്ചിട്ടുണ്ട്. ഏഷ്യ, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങള്‍ക്ക് പ്രതിഭകളെ കൂടുതലായി നഷ്ടമാകുകയാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
റാങ്കിംഗില്‍ മുന്നില്‍ എത്തിയിട്ടുള്ള നഗരം വാഷിംഗ്ടണ്‍ ഡിസിയാണ്. കോപ്പന്‍ഹേഗന്‍ ആണ് രണ്ടാം സ്ഥാനത്ത്. ഒസ്‌ലോ, വിയന്ന, സുറിച്ച് എന്നിവ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുണ്ട്.

Comments

comments

Categories: FK News