ഗൂഗിളിന് ഫ്രാന്‍സ് 50 മില്യന്‍ യൂറോ പിഴ ചുമത്തി

ഗൂഗിളിന് ഫ്രാന്‍സ് 50 മില്യന്‍ യൂറോ പിഴ ചുമത്തി

പാരീസ്: ഫ്രാന്‍സില്‍ ഡാറ്റ നിരീക്ഷകരായ സിഎന്‍ഐഎല്‍ ഗൂഗിളിന് 50 മില്യന്‍ യൂറോ പിഴ ചുമത്തിയതായി തിങ്കളാഴ്ച അറിയിച്ചു. യൂറോപ്പില്‍ കഴിഞ്ഞ വര്‍ഷം മേയ് മാസം മുതല്‍ നിലവില്‍ വന്ന ജിഡിപിആര്‍ (ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍) ഉപയോഗിച്ചാണു പിഴ ചുമത്തിയത്. ഡാറ്റ ഉപയോഗിക്കാന്‍ അനുവാദം നല്‍കുന്ന നയത്തില്‍ (data consent policies) ഉപയോക്താവിനു സുതാര്യവും, എളുപ്പം മനസിലാക്കാന്‍ സാധിക്കുന്നതുമായ വിവരം ലഭ്യമാക്കാന്‍ ഗൂഗിള്‍ തയാറായില്ലെന്നു ചൂണ്ടിക്കാണിച്ചാണു പിഴ ചുമത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് അവരുടെ വ്യക്തിഗത വിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്നതിനെ കുറിച്ചുള്ള കാര്യങ്ങള്‍ മനസിലാക്കാനുള്ള രീതികള്‍ ഗൂഗിള്‍ ബുദ്ധിമുട്ടുള്ളതാക്കിയെന്നു സിഎന്‍ഐഎല്‍ പറഞ്ഞു. ഈയടുത്ത കാലത്ത് ഗൂഗിളിന് ലഭിക്കുന്ന ഏറ്റവും വലിയ പിഴയാണിത്.

‘ ഞങ്ങളില്‍നിന്ന് ഉയര്‍ന്ന നിലവാരത്തിലുള്ള സുതാര്യതയും നിയന്ത്രണവും ആളുകള്‍ പ്രതീക്ഷിക്കുന്നു. ജിഡിപിആറിന്റെ ഈ പ്രതീക്ഷകളും ആവശ്യങ്ങളും നിറവേറ്റുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. തുടര്‍ നടപടികളെടുക്കുന്നതിനെ കുറിച്ചു ഞങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും ‘ പിഴ ചുമത്താനുള്ള ഫ്രാന്‍സിന്റെ തീരുമാനത്തിനു ശേഷം ഗൂഗിള്‍ വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മെയ് മാസം ജിഡിപിആര്‍ നിലവില്‍ വന്നതിനു ശേഷമായിരുന്നു ഗൂഗിളിനെതിരേ ഫ്രാന്‍സിലെ രണ്ട് സംഘടനകള്‍ പരാതി നല്‍കിയത്. ഇതില്‍ ഒരു പരാതിയില്‍ 10,000 പേരുടെ ഒപ്പ് ശേഖരിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണു കഴിഞ്ഞ ദിവസം ഗൂഗിളിനോട് പിഴ അടയ്ക്കണമെന്ന് അറിയിച്ചു കൊണ്ടുള്ള ഉത്തരവിട്ടത്.

Comments

comments

Categories: Tech
Tags: Google