തൊഴില്‍ സൃഷ്ടിയില്‍ 12 സംസ്ഥാനങ്ങള്‍ക്ക് പരാജയം: ക്രിസില്‍

തൊഴില്‍ സൃഷ്ടിയില്‍ 12 സംസ്ഥാനങ്ങള്‍ക്ക് പരാജയം: ക്രിസില്‍

2017-2018ല്‍ ദേശീയ ജിഡിപി വളര്‍ച്ചയേക്കാള്‍ ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്താന്‍ ഈ സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞിരുന്നു

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ദേശീയ ജിഡിപിയേക്കാള്‍ വേഗത്തിലുള്ള വളര്‍ച്ച രേഖപ്പെടുത്തിയ രാജ്യത്തെ 12 വലിയ സംസ്ഥാനങ്ങള്‍ തൊഴില്‍ സൃഷ്ടിയില്‍ പരാജയപ്പെട്ടതായി ക്രിസില്‍ റിസര്‍ച്ച് റിപ്പോര്‍ട്ട്. 6.7 ശതമാനമായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷം ദേശീയ സാമ്പത്തിക വളര്‍ച്ച. ഇതിനേക്കാള്‍ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്താന്‍ രാജ്യത്തെ 12 സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍, ഇതിനനുസരിച്ച് തൊഴില്‍ സാധ്യതകള്‍ തുറക്കുന്നതില്‍ ഈ സംസ്ഥാനങ്ങള്‍ പരാജയപ്പെട്ടതായാണ് ക്രിസിലിന്റെ നിരീക്ഷണം.

കൂടുതല്‍ തൊഴിലാളികള്‍ ആവശ്യമില്ലാത്ത മേഖലകളില്‍ നിന്നാണ് മൊത്തം സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ഡിഎസ്ഡിപി) വര്‍ധനയുണ്ടായിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 12 സംസ്ഥാനങ്ങളില്‍ 11 എണ്ണത്തിലും തൊഴിലാളികള്‍ കൂടുതല്‍ ആവശ്യമുള്ള മേഖലകളിലെ വളര്‍ച്ചയില്‍ ഇടിവുണ്ടായിട്ടുണ്ടെന്നും ക്രിസില്‍ വ്യക്തമാക്കി. മാനുഫാക്ച്ചറിംഗ്, നിര്‍മാണം, വ്യാപാരം, ഹോട്ടല്‍, കമ്മ്യൂണിക്കേഷന്‍ സര്‍വീസസ് തുടങ്ങിയവയാണ് തൊഴിലാളികള്‍ കൂടുതലുള്ള മേഖലകള്‍.

2018ല്‍ മാത്രം രാജ്യത്ത് 1.1 കോടി തൊഴില്‍ നഷ്ടമുണ്ടായതായി ചൂണ്ടിക്കാട്ടികൊണ്ട് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി അടുത്തിടെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനങ്ങളിലെ തൊഴിലില്ലായ്മ വളര്‍ച്ച വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ക്രിസിലും പുറത്തുവിട്ടിരിക്കുന്നത്. മിക്ക സംസ്ഥാനങ്ങളിലെയും സാമ്പത്തിക വളര്‍ച്ച തൊഴില്‍ സൃഷ്ടിക്ക് സഹായകമാകുന്നില്ലെന്ന് ക്രിസില്‍ പറയുന്നു.

ഗുജറാത്ത്, ബീഹാര്‍, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ വേഗത്തിലുള്ള വളര്‍ച്ച പ്രകടമാക്കിയിരുന്നു. രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കുറഞ്ഞ വളര്‍ച്ചയാണ് ഉണ്ടായത്. കുറഞ്ഞ വരുമാനമുള്ള സംസ്ഥാനങ്ങള്‍ ആളോഹരി വരുമാനത്തിന്റെ കാര്യത്തില്‍ ഇപ്പോഴും ഉയര്‍ന്ന വരുമാനമുള്ള സംസ്ഥാനങ്ങളേക്കാള്‍ പിന്നിലാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക വളര്‍ച്ച തുല്യമല്ലെന്നും ക്രിസില്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള ധനക്കമ്മി സമ്മര്‍ദം കാരണം മിക്ക സംസ്ഥാനങ്ങളും പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നും വ്യതിചലിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ചെലവിടലിന്റെ എന്‍ജിനായി പ്രവര്‍ത്തിക്കുന്നത് സംസ്ഥാനങ്ങളാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മൂലധന ചെലവിടല്‍ നടത്തിയത് രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, യുപി എന്നീ സംസ്ഥാനങ്ങളാണ്. എന്നാല്‍, സംസ്ഥാനങ്ങളുടെ ചെലവിടലില്‍ ആരോഗ്യം, ജലസേചനം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകളില്‍ വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.

പണപ്പെരുപ്പം, സാമ്പത്തിക വളര്‍ച്ച, ധനക്കമ്മി എന്നീ മൂന്ന് നിര്‍ണായക ഘടകങ്ങള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള സംസ്ഥാനങ്ങളില്‍ ഗുജറാത്തും കര്‍ണാടകയും തങ്ങളുടെ സ്ഥാനം നിലനിര്‍ത്തി. കേരളവും പഞ്ചാബും ഈ പട്ടികയില്‍ പിന്നില്‍ തന്നെ തുടരുകയാണ്.

Comments

comments

Categories: FK News