ഇന്‍സ്റ്റാഗ്രാമിലെ വൈറലായ ചിത്രത്തിന്റെ സൃഷ്ടാവ് ഇന്ത്യന്‍ വംശജന്‍

ഇന്‍സ്റ്റാഗ്രാമിലെ വൈറലായ ചിത്രത്തിന്റെ സൃഷ്ടാവ് ഇന്ത്യന്‍ വംശജന്‍

കാലിഫോര്‍ണിയ: ഒരു മുട്ടയുടെ ചിത്രമാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ ചര്‍ച്ചാ വിഷയം. ഇന്‍സ്റ്റാഗ്രാമിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം പേര്‍ ലൈക്ക് ചെയ്ത പോസ്റ്റ് ആയി മാറിയിരിക്കുന്നതു മുട്ടയുടെ ചിത്രമാണ്. ടിവി താരം കൈലി ജെന്നറിന്റെ പേരിലുള്ള റെക്കോര്‍ഡാണ് ഇതിലൂടെ തിരുത്തിക്കുറിച്ചത്.

@world_record_egg എന്ന പേരിലുള്ള എക്കൗണ്ടിലാണ് ഈ മാസം നാലിനു മുട്ടയുടെ ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രത്തിനൊപ്പം ‘നമ്മള്‍ക്ക് ഒരു ലോക റെക്കോര്‍ഡ് സജ്ജമാക്കാമെന്നും, ഈ പോസ്റ്റിനെ ഇന്‍സ്റ്റാഗ്രാമിലെ ഏറ്റവുമധികം പേര്‍ ഇഷ്ടപ്പെട്ട പോസ്റ്റാക്കി മാറ്റാമെന്നും’ ക്യാപ്ഷന്‍ എഴുതിയിരുന്നു.

ആരാണ് ഈ എക്കൗണ്ടിന്റെ ഉടമയെന്നത് ആര്‍ക്കും അറിയില്ലായിരുന്നു. 2.5 മില്യന്‍ ഫോളോവേഴ്‌സുള്ളതായിരുന്നു ഈ എക്കൗണ്ട്. മുട്ടയുടെ ചിത്രം പോസ്റ്റ് ചെയ്തു കഴിഞ്ഞതോടെ ഫോളോവേഴ്‌സിന്റെ എണ്ണം 8.5 മില്യനിലെത്തി. മുട്ടയുടെ ചിത്രത്തിന് 50 ദശലക്ഷം ലൈക്കുകളാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. കൈലി ജെന്നര്‍ കഴിഞ്ഞ വര്‍ഷം മകള്‍ ജനിച്ചത് അറിയിച്ചു കൊണ്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. 18 ദശലക്ഷം ലൈക്കാണു പോസ്റ്റിന് ലഭിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവുമധികം ലൈക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റെക്കോര്‍ഡിട്ടത് ഈ പോസ്റ്റായിരുന്നു. എന്നാല്‍ ഇപ്പോള്‍ മുട്ടയുടെ ചിത്രത്തിന് റെക്കോര്‍ഡ് വഴിമാറി.
ഇന്‍സ്റ്റാഗ്രാമില്‍ റെക്കോര്‍ഡ് ലൈക്ക് ലഭിച്ച മുട്ടയുടെ ചിത്രമുള്ള പോസ്റ്റിന്റെ സൃഷ്ടാവ് 19-കാരനായ ഇന്ത്യന്‍ വംശജന്‍ ഇഷാന്‍ ഗോയലാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. യുഎസിലെ മസാചുസെറ്റ്‌സില്‍ മാര്‍ക്കറ്റിംഗ് രംഗത്ത് പ്രവര്‍ത്തിക്കുകയാണു ഇഷാന്‍. ‘യഥാര്‍ഥത്തില്‍ മുട്ടയിട്ട കോഴിക്കാണ് എല്ലാ ക്രെഡിറ്റും നല്‍കേണ്ടത്. ഞാന്‍ ആ ചിത്രം രസകരമാക്കാന്‍ ശ്രമിച്ചെന്നു മാത്രം ‘ ഇന്‍സ്റ്റാഗ്രാമില്‍ ചരിത്രമായ ചിത്രത്തെ കുറിച്ച് ഇഷാന്‍ പറഞ്ഞു.

ജീവനില്ലാത്ത ഒരു വസ്തുവിനു നിരവധി പേരെ ബന്ധിപ്പിക്കാന്‍ സാധിക്കുമെന്ന ആശയം ശ്രദ്ധിക്കപ്പെട്ടതിലൂടെ വിജയസാധ്യതയില്ലാത്ത ഒരു കാര്യത്തെ പ്രോത്സാഹിപ്പിക്കാന്‍ ആളുകള്‍ ഇഷ്ടപ്പെടുമെന്നതിനു തെളിവാണെന്ന് ഇഷാന്‍ പറഞ്ഞു.

13 വയസില്‍ ആദ്യമായി ഇഷാന്‍ സോഷ്യല്‍ മീഡിയയിലൂടെ ധനസമാഹരണം നടത്തി.ഇഷാന്റെ സ്‌കൂളായ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പ്രോഗ്രാമായ ഹൂപ്പ്‌സ് ഫോര്‍ ഹാര്‍ട്ടിനു വേണ്ടിയായിരുന്നു ഇത്. പിന്നീട് ഇഷാന്‍ 14 ാം വയസില്‍ സ്വന്തമായി മാര്‍ക്കറ്റിംഗ് സ്ഥാപനത്തിനു തുടക്കമിട്ടു. കോടീശ്വരനായ മാര്‍ക്ക് ക്യൂബനു വേണ്ടി 15ാം വയസു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഇപ്പോള്‍ സര്‍ട്ടിഫൈഡ് ഇന്‍സ്റ്റാഗ്രാം ഇന്‍ഫഌവന്‍സറാണ്.

Comments

comments

Categories: FK News