യൂറോപ്പിനെ ഉന്നമിട്ട് യുഎഇയുടെ മസ്ദര്‍

യൂറോപ്പിനെ ഉന്നമിട്ട് യുഎഇയുടെ മസ്ദര്‍

ഫിന്‍ലന്‍ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന താലെരി എനര്‍ജിയയുമായി ചേര്‍ന്ന് സംയുക്ത സംരംഭം തുടങ്ങാന്‍ മസ്ദര്‍

അബുദാബി: യൂറോപ്പില്‍ പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ തുടങ്ങാന്‍ അബുദാബി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മസ്ദര്‍ പദ്ധതിയിടുന്നു. ഫിന്‍ലന്‍ഡിലെ സോളാര്‍ കമ്പനിയും ഫണ്ട് മാനേജറുമായ താലെരി എനര്‍ജിയയുമായി ചേര്‍ന്നാണ് മസ്ദര്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുക. ഇതിനായി ഇരുകമ്പനികളുടെയും ഉടമസ്ഥതയില്‍ സംയുക്ത സംരംഭം തുടങ്ങും.

സോളാര്‍ ഫോട്ടോവോള്‍ട്ടായിക് പദ്ധതികള്‍ക്ക് പുറമെ പവനോര്‍ജ്ജസാധ്യതകള്‍ ഉപയോഗപ്പെടുത്തിയുള്ള സംരംഭങ്ങളും പ്രാവര്‍ത്തികമാക്കാനാണ് മസ്ദറിന്റെ ശ്രമം. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കരാറില്‍ താലെറി ഉപ സിഇഒ കാരി ഹാപറിന്നെയും മസ്ദര്‍ ക്ലീന്‍ എനര്‍ജി വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ബദെര്‍ അല്‍ ലംകിയും ഒപ്പുവച്ചു. മധ്യ, കിഴക്കന്‍ യൂറോപ്പില്‍ പുനരുല്‍പ്പാദന ഊര്‍ജ്ജ പദ്ധതികള്‍ നടപ്പാക്കുമെന്ന് ഇരുകമ്പനികളും അറിയിച്ചു.

സംശുദ്ധ ഊര്‍ജസ്രോതസ്സുകളുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികളാണ് മസ്ദര്‍ പ്രാവര്‍ത്തികമാക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് അടുത്തിടെ യുഎഇയിലെ ആദ്യ പൂര്‍ണ ഇലക്ട്രിക് ബസ് സര്‍വീസിന് ഇവര്‍ തുടക്കമിട്ടത്. അബുദാബി സര്‍ക്കാരിന്റെ ഗതാഗത വകുപ്പുമായും ബസ് നിര്‍മാണ കമ്പനിയായ ഹഫിലറ്റ് ഇന്‍ഡസ്ട്രിയുമായും സീമെന്‍സുമായും ചേര്‍ന്നാണ് മസ്ദര്‍ ഇലക്ട്രിക് ബസ് പുറത്തിറക്കിയത്. യുഎഇയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാന്‍ സഹായകമാകുന്നതാണ് കമ്പനിയുടെ പദ്ധതികള്‍. പുനരുപയോഗ ഊര്‍ജ്ജ പ്രോല്‍സാഹനത്തിന്റെ ഭാഗമായി ദക്ഷിണ കൊറിയയിലും കമ്പനി കാര്യമായ നിക്ഷേപം നടത്തുന്നുണ്ട്.

Comments

comments

Categories: Arabia

Related Articles