ഈ വര്‍ഷം മൂലധന നിക്ഷേപം നടത്താന്‍ കമ്പനികള്‍ റെഡി…

ഈ വര്‍ഷം മൂലധന നിക്ഷേപം നടത്താന്‍ കമ്പനികള്‍ റെഡി…
  • യുഎഇയിലെ 60% കമ്പനികളും ഈ വര്‍ഷം കാര്യമായ മൂലധന നിക്ഷേപം നടത്തും
  • സര്‍വേ നടത്തിയത് ഓക്‌സ്‌ഫോര്‍ഡ് ബിസിനസ് ഗ്രൂപ്പ്
  • സ്മാര്‍ട്ട് ടെക്‌നോളജിയിലും ഗവേഷണ വികസനത്തിലും നിക്ഷേപം നടത്തുമെന്ന് കമ്പനികള്‍

ദുബായ്: ആഗോള തലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ ഈ വര്‍ഷം യുഎഇയിലെ ബിസിനസ് സാഹചര്യം മോശമാക്കാന്‍ സാധ്യതയില്ലെന്നാണ് പല കോണുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് ബിസിനസ് ഗ്രൂപ്പ് നടത്തിയ പുതിയ സര്‍വേയില്‍ പറയുന്നത് യുഎഇയിലെ നല്ലൊരു ശതമാനം കമ്പനികളും ഈ വര്‍ഷം കാര്യമായ മൂലധനനിക്ഷേപം നടത്തുമെന്നാണ്.

സര്‍വേയില്‍ പങ്കെടുത്ത 60 ശതമാനത്തിലധികം കമ്പനികളും അഭിപ്രായപ്പെട്ടത് ഈ വര്‍ഷം വലിയ തോതിലുള്ള മൂലധന നിക്ഷേപം തങ്ങള്‍ നടത്തുമെന്നാണ്. സിഇഒ ലെവല്‍ എക്‌സിക്യൂട്ടിവുകളുടെയിടയിലാണ് ഓക്‌സ്‌ഫോര്‍ഡ് ബിസിനസ് ഗ്രൂപ്പ് സര്‍വേ നടത്തിയത്.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 79 ശതമാനം സ്വകാര്യ കമ്പനികളുടെ പ്രതിനിധികളാണ്. യുഎഇയില്‍ സാന്നിധ്യമുള്ള ആഗോള കമ്പനികളില്‍ നിന്നുള്ള എക്‌സിക്യൂട്ടിവുകളും പ്രാദേശിക കമ്പനികളില്‍ നിന്നുള്ളപ്രതിനിധികളും സര്‍വേയില്‍ പങ്കെടുത്തു. 79 ശതമാനം പേരും അഭിപ്രായപ്പെട്ടത് സ്മാര്‍ട്ട് ടെക്‌നോളജിയിലും ഗവേഷണ വികസന പദ്ധതികളിലുമുള്ള ചെലവിടല്‍ ഈ വര്‍ഷം കൂട്ടുമെന്നാണ്. അതേസമയം ഹ്രസ്വകാലാടിസ്ഥാനത്തില്‍ മേഖലയിലെ ചില പ്രശ്‌നങ്ങള്‍ കമ്പനികള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുമെന്നും സര്‍വേയില്‍ പങ്കെടുത്ത എക്‌സിക്യൂട്ടിവുകള്‍ അഭിപ്രായപ്പെട്ടു.

60 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത് പശ്ചിമേഷ്യയിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നുവെന്നാണ്. യുഎസ് ഫെഡ് റിസര്‍വ് നയങ്ങളിലെ മാറ്റങ്ങളും തങ്ങളെ ബാധിക്കുന്ന ഘടകങ്ങളായി യുഎഇ കമ്പനികള്‍ കാണുന്നുണ്ട്.

യുഎഇയിലെ ബിസിനസുകാര്‍ ഭാവിയെ കുറിച്ച് മികച്ച പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. അതേസമയം അവര്‍ക്ക് ആഭ്യന്തരതലത്തിലും അന്താരാഷ്ട്ര തലത്തിലും നടക്കുന്ന രാഷ്ട്രീയ, സാമ്പത്തിക നയവ്യതിയാനങ്ങളെകുറിച്ച് നല്ല ബോധ്യമുണ്ട്-ഓക്‌സ്‌ഫോഡ് ബിസിനസ് ഗ്രൂപ്പ് മിഡില്‍ ഈസ്റ്റ് മാനേജിംഗ് എഡിറ്റര്‍ ഒലിവെര്‍ കോര്‍നോക് പറഞ്ഞു.

ദുബായില്‍ നടക്കാനിരിക്കുന്ന എക്‌സ്‌പോ 2020 ബിസിനസ് മേഖലയില്‍ മികച്ച ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. വിവിധ മേഖലകളില്‍ നിക്ഷേപം കൂടുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനും ഇത് കാരണമായി. ഹോസ്പിറ്റാലിറ്റി, റിയല്‍റ്റി, സര്‍വീസസ് തുടങ്ങിയ മേഖലകളിലെല്ലാം തന്നെ മുന്നേറ്റം ദൃശ്യമാണ്. സ്വകാര്യ മേഖലയെ പ്രോല്‍സാഹിപ്പിക്കാനുള്ള നയപരമായ തീരുമാനങ്ങളും സാമ്പത്തികരംഗത്തിന് ആത്മവിശ്വാസമേകുന്നുണ്ട്.

യുഎഇയിലെ നല്ലൊരു ശതമാനം പേരും ഈ വര്‍ഷം ശമ്പളത്തില്‍ മികച്ച വര്‍ധന പ്രതീക്ഷിക്കുന്നതായും ഞായറാഴ്ച്ച പുറത്തുവന്ന മറ്റൊരു സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. മേഖലയിലെ ആകര്‍ഷക തൊഴിലിടമെന്ന നിലയിലുള്ള യുഎഇയുടെ വളര്‍ച്ചയാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. യല്ലകംപെയറാണ് 1,200 യുഎഇ നിവാസികള്‍ക്കിടയില്‍ സര്‍വേ നടത്തിയത്. 2018ല്‍ ശമ്പള വര്‍ധനയെന്നത് ജീവനക്കാരെ സംബന്ധിച്ചിടത്തോളം തീര്‍ത്തും നിരാശാജനകമായ കാര്യമായിരുന്നു. എന്നാല്‍ 2019 അങ്ങനെയാകില്ലെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഎഇ നിവാസികള്‍. ഇതും സാമ്പത്തിക രംഗത്തിന്റെ ചലനാത്മകതയാണ് പ്രതിഫലിപ്പിക്കുന്നതെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

Comments

comments

Categories: Arabia