ട്രംപ് മതില്‍ മനസിലാക്കേണ്ട വസ്തുതകള്‍

ട്രംപ് മതില്‍ മനസിലാക്കേണ്ട വസ്തുതകള്‍

നുഴഞ്ഞുകയറ്റം തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാശിക്കു കാരണമെന്ത്

മെക്‌സിക്കോ വഴി യുഎസിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളെ തടയാന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനുള്ള പണം അനുവദിക്കണമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം അംഗീകരിക്കാത്ത തിന്റെ പേരില്‍ അമേരിക്കയില്‍ ഒരു മാസമായി ഭരണസ്തംഭനം തുടരുകയാണ്. അതിര്‍ത്തി സംരക്ഷണത്തിനു മതില്‍ പണിയുമെന്നത് തന്റെ തെരഞ്ഞെടുപ്പു വാഗ്ദാനമാണെന്ന് ട്രംപ് സമര്‍ത്ഥിക്കുന്നു. പൗരസുരക്ഷയും പ്രതിരോധവും ലക്ഷ്യമിട്ടാണ് മതില്‍ നിര്‍മിക്കുന്നതെന്നും ആവശ്യപ്പെട്ട 5.7 ബില്യണ്‍ ഡോളര്‍ കിട്ടുന്നതുവരെ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതു തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

എന്നാല്‍ മതില്‍നിര്‍മാണം നികുതിപ്പണം പാഴാക്കലാണെന്ന് പറഞ്ഞാണ് ഡെമോക്രാറ്റുകള്‍ ഇതിനെ എതിര്‍ക്കുന്നത്. ട്രംപ് ഭരണകൂടം ഇതിന്റെ പേരില്‍ ഒരു നിര്‍മ്മാണ പ്രതിസന്ധി സൃഷ്ടിക്കുകാണെന്നും അവര്‍ ആരോപിക്കുന്നു. എന്നാല്‍ ഏതു വാദത്തിനാണ് പ്രസക്തിയെന്ന് പറയണമെങ്കില്‍ അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയിലെ സ്ഥിതി എന്താണെന്നും അവിടത്തെ നിലവിലെ സാഹചര്യമെന്തെന്നും പരിശോധിക്കേണ്ടതുണ്ട്. രണ്ടായിരം മൈല്‍ വരുന്ന അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുമെന്ന് 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പു വേളയില്‍ത്തന്നെ ട്രംപ് വാഗ്ദാനം നല്‍കിയിരുന്നതാണ്. എന്നാല്‍ പിന്നീട് ചെറിയൊരു മാറ്റം പ്രഖ്യാപിച്ചു, അതിന്റെ പകുതിയോളം നീളത്തില്‍ മാത്രമേ മതില്‍ കെട്ടൂവെന്ന് അറിയിച്ചു. പര്‍വതങ്ങളും നദികളും ചുറ്റപ്പെട്ടതിനാല്‍ അവിടെ മതില്‍ നിര്‍മിക്കേണ്ടതില്ലെന്ന നിഗമനത്തിലാണ് ഇങ്ങനെ തീരുമാനിച്ചത്.

എന്നാല്‍,ട്രംപ് ഭരണമേറ്റെടുത്ത ശേഷം മുമ്പുണ്ടായിരുന്ന തടസ്സങ്ങളില്‍ ചിലത് മാറ്റിയിട്ടുണ്ടെങ്കിലും, മതില്‍ നിര്‍മ്മാണം ആരംഭിച്ചിട്ടില്ലായിരുന്നു. അമേരിക്കന്‍ പാര്‍ലമന്റ് (കോണ്‍ഗ്രസ്) 124 മൈല്‍ നീളത്തില്‍ മതില്‍ കെട്ടാന്‍ 1.7 ബില്യണ്‍ ഡോളര്‍ മാത്രം അനുവദിച്ചു. 40 മൈല്‍ നീളത്തില്‍ തടസ്സങ്ങള്‍ മാറ്റിവെക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം 61 മൈല്‍ കൂടി നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് നിലവിലുള്ള മതിലിന്റ 15 ശതമാനം വരും. നിലവിലുള്ള മതില്‍ വിപുലീകരണത്തിന്റെ ആദ്യഘട്ട നിര്‍മ്മാണം ടെക്‌സസിലെ റിയോ ഗ്രാന്‍ഡെ വാലിയില്‍ ഫെബ്രുവരിയില്‍ ആരംഭിക്കും. ആകെ 14 മൈല്‍ വരുന്ന ഇരട്ട നിര്‍മാണ പദ്ധതിയില്‍ ഒന്നില്‍ ആറ് മൈലും മറ്റേതില്‍ എട്ട് മൈലുമാണ് നിര്‍മിക്കുക. എന്നാല്‍ മതില്‍ നിര്‍മാണം വിപുലീകരിക്കുന്നതിന് 58 ശതമാനം യുഎസ് പൗരന്മാരും എതിരാണെന്ന് പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വ്വേയില്‍ പറയുന്നു.

മതിലിന്റെ ചെലവിനെപ്പറ്റി സര്‍ക്കാരും എതിരാളികളും വ്യത്യസ്ത കണക്കുകളാണ് നല്‍കുന്നത്. 12 ബില്യണ്‍ മുതല്‍ 70 ബില്യണ്‍ ഡോളര്‍ വരെ ചെലവാകുമെന്ന് ഔദ്യോഗിക അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. അതിര്‍ത്തിയുടെ പകുതിയോളം മതില്‍ കെട്ടാന്‍ എട്ടു മുതല്‍ 12 വരെ ബില്യണ്‍ ഡോളര്‍ ചെലവാകുമെന്ന ട്രംപിന്റെ കണക്ക് ഒട്ടേറെ എതിര്‍പ്പുകള്‍ക്കു വഴിവെച്ചിരുന്നു. മുന്‍പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന്റെ കീഴില്‍ നിര്‍മ്മിച്ച 650 മൈല്‍ വേലിക്ക് ഏഴു ബില്യണ്‍ ഡോളര്‍ മാത്രമാണ് ചെലവായത്. എന്നാല്‍ ട്രംപ് ഉദ്ദേശിക്കുന്നത് ഉയരവും ബലവും വൃത്തിയുള്ളതുമായ മതിലാണ്. ഇതിനായി അനുവദിച്ച 1.7 ബില്ല്യണ്‍ ഡോളറിനു പുറമേ, ഇപ്പോള്‍ ട്രംപ് 5.7 ബില്യണ്‍ കൂടി ചോദിച്ചതാണ് പ്രകോപനത്തിനു കാരണം. നേരത്തേ പകുതി നീളത്തില്‍ മതില്‍ പണികഴിക്കാന്‍ 25 മില്യണ്‍ ഡോളര്‍ വരുമെന്നാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് കണക്കാക്കിയിരുന്നു. എന്നാല്‍ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പറയുന്നത് പുതിയ അതിര്‍ത്തി മതില്‍ പണിയാന്‍ മൈലിന് 6.5 മില്യണ്‍ ഡോളറേ ചെലവാകൂ എന്നാണ്.

മതില്‍ നിര്‍മാണത്തിനുപയോഗിക്കുന്ന വസ്തുവിന്റെ കാര്യത്തില്‍ ട്രംപ് നിലപാട് മാറ്റിയിരിക്കുകയാണിപ്പോള്‍. കോണ്‍ക്രീറ്റ് മതിലാണ് തെരഞ്ഞെടുപ്പുവേളയില്‍ വാഗ്ദാനം ചയ്തതെങ്കിലും ഇപ്പോള്‍ ഉരുക്കുമതില്‍ മതിയെന്നായിട്ടുണ്ട്. 2017 ഒക്‌റ്റോബറില്‍ ട്രംപ് ഭരണകൂടം 30 അടി ഉയരത്തില്‍ പണിയുന്ന മതിലിന്റെ മാതൃകകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കോണ്‍ക്രീറ്റ്, മെറ്റല്‍ സംയുക്തമായിരുന്നു അതില്‍ സൂചിപ്പിച്ചത്. എന്നാല്‍ കോണ്‍ക്രീറ്റ് മതിലിന് പകരം ഉരുക്ക് കൊണ്ട് മതില്‍കെട്ടുന്നത് ആലോചിക്കുന്നതായി അദ്ദേഹം കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. മുന്‍ഗണനയുള്ള പ്രദേശങ്ങള്‍ മാത്രമാണ് കെട്ടിത്തിരിക്കുന്നതെന്നും ട്രംപ് വിശദീകരിച്ചു. അതിലൂടെ അതിര്‍ത്തി പ്രദേശങ്ങള്‍ കാണാന്‍ കഴിയുമെന്നും അദ്ദേഹം വാദിക്കുന്നു. അതേസമയം കുടിയേറ്റക്കാര്‍ കൂടുതല്‍ഡ വസിക്കുന്ന തെക്കന്‍ അതിര്‍ത്തിയില്‍ ആശങ്കകള്‍ കുറഞ്ഞുവരികയാണ്.

കുടിയേറ്റക്കാരുടെ വര്‍ധന രാജ്യത്ത് മനുഷ്യാവകാശപ്രശ്‌നങ്ങളും സുരക്ഷാ ഭീഷണിയുമുണ്ടാക്കുന്നുവെന്നും അതിന് തടയിടാന്‍ ഒരു മതില്‍ ആവശ്യമാണെന്നും ട്രംപ് പറഞ്ഞിരുന്നു. രാജ്യത്തേക്ക് കുടിയേറ്റക്കാരുടെ പ്രവാഹം അനിയന്ത്രിതമായി തുടരുകയാണെന്ന് പ്രതിപക്ഷനേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍, നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റം 2000 നുശേഷം കുറഞ്ഞുവെന്ന് വ്യക്തമാണ്. 2000 ല്‍ 1.6 മില്യണ്‍ ആളുകള്‍ അതിര്‍ത്തി ലംഘിച്ചുവെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് നാലു ലക്ഷമായി ചുരുങ്ങി. 2017 ല്‍, ട്രംപ് അധികാരമേറ്റെടുത്തതിന്റെ ഒന്നാം വര്‍ഷത്തില്‍, 1971 നു ശേഷം അതിര്‍ത്തിലംഘനം നടത്തിയവരുടെ എണ്ണം 1971നു ശേഷം ഏറ്റവും താഴ്ന്ന നിരക്കിലെത്തി. മതില്‍ സുരക്ഷ വര്‍ധിപ്പിക്കില്ലെന്ന് എതിരാളികള്‍ വാദിക്കുന്നു.

2017 മുതല്‍ 2018 വരെ അഭയാര്‍ത്ഥി കേസുകള്‍ വര്‍ധിച്ചിരുന്നു. ഇക്കാലത്തിനിടെ മെക്‌സിക്കോ-അമേരിക്ക അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റത്തിന് അറസ്റ്റിലായവരുടെ എണ്ണം ലക്ഷം കവിഞ്ഞു. അഭയാര്‍ഥികളായവരുടെ എണ്ണം 43 ശതമാനം ഉയര്‍ന്ന് 16,000 ആയി. മധ്യഅമേരിക്കയില്‍ നിന്ന് കലാപങ്ങളില്‍ പലായനം ചെയ്ത കുടുംബങ്ങളുടെ എണ്ണം വര്‍ധിച്ചു. അവര്‍ അതിര്‍ത്തിയില്‍ അമേരിക്കന്‍ അധികാരികള്‍ക്ക് കീഴടങ്ങി. പലരും അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ ഭയപ്പെടുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതിര്‍ത്തിയില്‍ അഭയാര്‍ഥികളെ വെട്ടിക്കുറയ്ക്കാനുള്ള യുഎസ് പദ്ധതിയെ ചിലര്‍ കുറ്റപ്പെടുത്തുന്നു. അമേരിക്കയില്‍ അഭയം തേടി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇങ്ങോട്ടു വരും മുമ്പ് മുന്‍കൂര്‍ അനുമതി തേടിയിരിക്കണമെന്നാണു ചട്ടം. എന്നാല്‍ അമേരിക്കന്‍ അതിര്‍ത്തിയില്‍ എത്തുന്നവര്‍ അവരെ തിരികെ നാട്ടിലേക്ക് അയയ്ക്കുമോ എന്ന ഭീതി പ്രകടിപ്പിക്കുകയും അങ്ങനെ വിടാതിരിക്കാന്‍ അപേക്ഷിക്കുകയും ചെയ്യുന്നു. ഇത് പിന്നീട് അമേരിക്കന്‍ പൗരത്വ, ഇമിഗ്രേഷന്‍ സേവനങ്ങളുടെ ഓഫീസര്‍മാരുടെ കൈയിലെത്തുന്നു. ഇത്തരക്കാരെ നിയന്ത്രിക്കാന്‍ ട്രംപ് മതില്‍ തടസമാകില്ല.

യുഎസിലെ ഏറ്റവും വലിയ നിയമലംഘകര്‍ കുടിയേറ്റക്കാരല്ല, വിസാ സമയം കഴിഞ്ഞിട്ടും തങ്ങുന്നവരാണ്. ട്രംപ് കുറ്റപ്പെടുത്തുന്നതു പക്ഷേ അഭിയാര്‍ത്ഥികളെയാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ അനധികൃതമായി തെക്കന്‍ അതിര്‍ത്തി കടക്കുന്നതിനായി ശ്രമിച്ച 400,000 പേരെ അറസ്റ്റ് ചെയ്തപ്പോള്‍, വിസാകാലവധി കഴിഞ്ഞ 700,000 ല്‍ കൂടുതല്‍ ആളുകള്‍ അമേരിക്കയില്‍ തങ്ങുന്നതായാണു വിവരം. കണക്കുകള്‍ അനുസരിച്ച് വിസാകാലാവധി കഴിഞ്ഞു നില്‍ക്കുന്നവരില്‍ കാനഡക്കാരാണ് ഏറ്റവും കൂടുതല്‍ തൊട്ടു പിറകില്‍ ബ്രസീലുകാരും. 2018 മേയില്‍ ഇങ്ങനെ തങ്ങിയവരുടെ എണ്ണം 420,000 ആയിരുന്നു. മെക്‌സിക്കോ-അമേരിക്ക അതിര്‍ത്തിയിലൂടെ അനധികൃതമായി കടത്താന്‍ ശ്രമിച്ച ആളുകളുടെ എണ്ണത്തേക്കാള്‍ വളരെ കൂടുതലായിരുന്നു അത്.

അമേരിക്കയിലേക്കുള്ള മയക്കു മരുന്നുകള്ളക്കടത്ത് തടയാനാണെങ്കില്‍ അതും മതില്‍ പണിയുന്നതു കൊണ്ട് നില്‍ക്കാന്‍ സാധ്യതയില്ല. 90 ശതമാനം ഹെറോയിനും തെക്കന്‍ അതിര്‍ത്തിയിലൂടെയാണ് കടത്തുന്നതെന്നാണ് ട്രംപിന്റെ അവകാശവാദം. 2017 ല്‍ യുഎസില്‍ പിടിച്ചെടുത്തത് 7,979 കിലോ ഗ്രാം ഹെറോയിന്‍ ആണ്. ഇതിന്റെ 39 ശതമാനം മാത്രമാണ് യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ പിടിച്ചെടുത്തതെന്നാണ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി പറയുന്നത്. എന്നാല്‍ ബാക്കിയുള്ളതെല്ലാം കടത്തിയത് സാന്‍ ഡിയേഗോ ഇടനാഴി വഴിയായിരുന്നു. യുഎസിലേക്കുള്ള മയക്കുമരുന്നു കടത്തില്‍ ഭൂരിഭാഗവും മെക്‌സിക്കോയില്‍ നിന്നു തന്നെയാണ്. എന്നാല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്, ഇതില്‍ ഭൂരിഭാഗം സ്വകാര്യ ഉടമസ്ഥതയിലുള്ള വാഹനങ്ങളിലോ ട്രാന്‍സ്‌പോര്‍ട്ടര്‍ ലോറികളിലോ മറച്ചുവച്ചുകൊണ്ടുള്ള നിയമപരമായ വഴികളിലൂടെയാണ് കടത്തുന്നതെന്നാണ്. മെക്‌സിക്കന്‍ അതിര്‍ത്തി വഴി പടിച്ചത് തുലോം കുറവാണെന്ന് അധികൃതര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

Comments

comments

Categories: Top Stories
Tags: Trump