ടെസ്‌ലയെ കടത്തിവെട്ടാനൊരുങ്ങി ജി എം

ടെസ്‌ലയെ കടത്തിവെട്ടാനൊരുങ്ങി ജി എം

വില കുറഞ്ഞ മോഡല്‍ 3 സെഡാന്‍ കാറുകളുടെ നിര്‍മ്മാണം വര്‍ധിപ്പിക്കാനും ജീവനക്കാരെ വെട്ടിക്കുറക്കാനുമുള്ള തീരുമാനം ഓഹരിവിപണിയില്‍ ടെസ്‌ലയ്ക്ക് വിനയായി

ന്യൂയോര്‍ക്: മൂല്യമേറിയ അമേരിക്കന്‍ കാര്‍ ആകാനുള്ള ടെസ്‌ലയും ജനറല്‍ മോട്ടോര്‍സും തമ്മിലുള്ള മത്സരം കടക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ടെസ്‌ലയുടെ ഓഹരിനിലവാരം കുറഞ്ഞതും ജിഎമ്മിന്റെ ഓഹരിനിലവാരം കൂടുകയും ചെയ്തതോടെ ഏറ്റവും മൂല്യമേറിയ അമേരിക്കന്‍ കാര്‍ എന്ന പഴയ നേട്ടത്തിലേക്ക് ജിഎം മോട്ടോര്‍സ് ഒരിക്കല്‍ കൂടി എത്തിയിരിക്കുകയാണ്.

പരമ്പരാഗത വാഹനനിര്‍മ്മാതാക്കളുടെ വഴി പിന്തുടര്‍ന്ന് ജീവനക്കാരെ വെട്ടിക്കുറക്കുമെന്ന തീരുമാന പ്രഖ്യാപനത്തിന് പിന്നാലെ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ ഓഹരിനിലവാരം കഴിഞ്ഞ ദിവസങ്ങളില്‍ ന്യൂയോര്‍ക്കില്‍ 10 ശതമാനം ഇടിഞ്ഞ് വിപണിമൂല്യം 54.2 ബില്യണ്‍ ഡോളറായി കുറഞ്ഞിരുന്നു. ഓഹരിനിലവാരം 0.6 ശതമാനം കൂടിയതോടെ ജനറല്‍ മോട്ടോര്‍സിന്റെ വിപണിമൂല്യം 54.4 ബില്യണ്‍ ഡോളറായി ഉയരുകയും ചെയ്തു. ഇരുകമ്പനികളുടെയും കാഴ്ചപ്പാടുകളില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ഈ വര്‍ഷം ഏറ്റവും മൂല്യമേറിയ അമേരിക്കന്‍ കാറെന്ന ടൈറ്റില്‍ ജിഎം മോട്ടോര്‍സിന് സ്വന്തമാണെന്ന് കരുതാം.

വില കുറഞ്ഞ മോഡല്‍ 3 സെഡാന്‍ കാറുകളുടെ നിര്‍മ്മാണം വര്‍ധിപ്പിക്കാനുള്ള തീരുമാനം ഓഹരിവിപണിയില്‍ ടെസ്‌ലയ്ക്ക് വിനയാകുമെന്ന് തന്നെയാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. അതേസമയം അപ്രതീക്ഷിതവും നിക്ഷേപകര്‍ക്ക് ആശ്വാസം നല്‍കുന്നതുമായ കാഴ്ചപ്പാടുമായി ഈ മാസം ആദ്യം രംഗത്തെത്തിയത് ജിഎമ്മിന് ഗുണം ചെയ്യുകയും ചെയ്തു. യൂറോപ്പിലെയും ചൈനയിലെയും വാഹനവിപണിയിലെ മന്ദത ജിഎമ്മിന് തിരിച്ചടിയാകുമെന്ന അഭിപ്രായം ഉണ്ടായിരുന്നെങ്കിലും നിക്ഷേപകരെ അമ്പരപ്പിലാക്കി കൊണ്ട് എല്ലാ ആശങ്കകളെയും തള്ളി, വന്‍ലാഭ പ്രതീക്ഷയാണ് ജിഎം പങ്കുവെച്ചത്.

ഒരു കമ്പനിയെന്ന നിലയില്‍ പ്രക്ഷുബ്ധവും പരുഷവുമായ വര്‍ഷമായിരുന്നു 2018 എങ്കിലും ഓഹരിനിലവാരം 7 ശതമാനം ഉയര്‍ത്താന്‍ ടെസ്‌ലയ്ക്ക് കഴിഞ്ഞ വര്‍ഷം സാധിച്ചു. മൂന്നാം പാദത്തില്‍ വാഹനവില്‍പ്പന ശക്തിയാര്‍ജിച്ചതും ലാഭം കൂടിയതുമാണ് കമ്പനിക്ക് ഗുണം ചെയ്തത്. അതേസമയം ജിഎമ്മിന്റെ ഓഹരിനിലവാരം കഴിഞ്ഞ വര്‍ഷം 18 ശതമാനത്തോളം താഴുകയും ചെയ്തു.

എന്നാല്‍ ഈ വര്‍ഷം കാര്യങ്ങള്‍ ടെസ്‌ലയ്ക്ക് പ്രതികൂലദിശയിലാണ്. ടെസ്‌ലയുടെ ഓഹരിനിലവാരം 5.6 ശതമാനം താഴുകയും ജിഎം 15 ശതമാനം ഓഹരിനിലവാരം ഉയര്‍ത്തുകയും ചെയ്തു.

ഇതിനിടെ ജീവനക്കാരെ വെട്ടിക്കുറക്കാനുള്ള ടെസ്‌ലയുടെ തീരുമാനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അതേസമയം വളര്‍ച്ചാനിരക്ക് കുറയുകയുമ്പോള്‍ സ്ഥിരതയ്ക്ക് വേണ്ടി സ്വാഭാവികമായും കൈക്കൊള്ളുന്ന തീരുമാനമാണ് ടെസ്‌ലയുടേതെന്ന് ജെഫ്രീസിലെ അനലിസ്റ്റായ ഫിലിപ്പ് ഹൂക്കോയിസ് പറയുന്നു. ഉല്‍പാദനം മെച്ചപ്പെടുത്താനുള്ള അവസരം കൂടിയാണ് ടെസ്‌ലയ്ക്കിത്. ഇലക്ട്രിക് കാര്‍ വിപണിയില്‍ ഇപ്പോഴും ടെസ്‌ലയുടെ ആധിപത്യം തന്നെയാണ് ഉള്ളതെന്നും ഫിലിപ്പ് അഭിപ്രായപ്പെട്ടു.

അതേസമയം ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട തന്നെയാണ് ആഗോളതലത്തില്‍ ഇപ്പോഴും ഏറ്റവും മൂല്യമേറിയ കാര്‍ നിര്‍മ്മാതാക്കള്‍. ജപ്പാന്‍ കാര്‍ നിര്‍മ്മാണ കമ്പനിയായ ടൊയോട്ടയുടെ മൂല്യം 202.8 ബില്യണ്‍(22.2 ട്രില്യണ്‍ യെന്‍) ആണ്.

Comments

comments

Categories: Auto