ഇന്ത്യയിലെ ഉല്‍പ്പാദനം കുറയ്ക്കാന്‍ സാംസംഗ് ഒരുങ്ങുന്നു

ഇന്ത്യയിലെ ഉല്‍പ്പാദനം കുറയ്ക്കാന്‍ സാംസംഗ് ഒരുങ്ങുന്നു

ഫെബ്രുവരി മുതല്‍ ഡിസ്‌പ്ലേ, ടച്ച് പാനല്‍ തുടങ്ങിയ ഘടകങ്ങളുടെ ഇറക്കുമതിക്ക് 10 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്

ന്യൂഡെല്‍ഹി : ഇന്ത്യയിലെ തങ്ങളുടെ മൊബീല്‍ ഫോണ്‍ ഉല്‍പ്പാദനം കുറയ്ക്കാന്‍ ഒരുങ്ങുന്നതായി സാംസംഗ് ഇലക്ട്രോണിക്‌സ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഡിസ്‌പ്ലേകളും ടച്ച് സ്‌ക്രീനുകളും ഇറക്കുമതി ചെയ്യുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ തീരുവ പിന്‍വലിക്കാന്‍ തയാറാകണമെന്നും അല്ലെങ്കില്‍ ഉല്‍പ്പാദനം കുറയ്ക്കാതിരിക്കാനാകില്ലെന്നുമാണ് സാംസംഗ് പറയുന്നത്. ഗാലക്‌സി എസ് 9, നോട്ട് 9 എന്നീ ഫഌഗ്ഷിപ്പ് മോഡലുകളുടെ ആഭ്യന്തര ഉല്‍പ്പാദനം നിര്‍ത്തും. ഇന്ത്യയില്‍ നിന്നുള്ള തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ഗണ്യമായി കുറയാന്‍ ഈ നടപടികള്‍ കാരണമാകുമെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു.

ഫെബ്രുവരി മുതല്‍ ഡിസ്‌പ്ലേ, ടച്ച് പാനല്‍ തുടങ്ങിയ ഘടകങ്ങള്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിച്ച് തുടങ്ങാന്‍ കമ്പനികള്‍ തയാറാകണമെന്നും ഇറക്കുമതി ചെയ്യുകയാണെങ്കില്‍ 10 ശതമാനം തീരുവ നല്‍കേണ്ടി വരുമെന്നുമാണ് ഈ മാസം ആദ്യം പുറത്തിറക്കിയ ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. സര്‍ച്ചാര്‍ജ് കൂടി ചേരുമ്പോള്‍ 11 ശതമാനം വരെ നികുതി ഇറക്കുമതിയില്‍ നല്‍കേണ്ടി വരും. 2020 മാര്‍ച്ച് 31നുള്ളില്‍ ഈ ഘടകഭാഗങ്ങളുടെ മാനുഫാക്ചറിംഗ് ഇന്ത്യയില്‍ ആരംഭിക്കാന്‍ കഴിയുമെന്ന് സാംസംഗ് ഉള്‍പ്പടെയുള്ള സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ നേരത്തേ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഇതനുസരിച്ചാണ് നിക്ഷേപ പദ്ധതി ക്രമീകരിച്ചിട്ടുള്ളതെന്നും സാംസംഗ് പറയുന്നു.

നിലവില്‍ ഈ ഘടകങ്ങള്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കാനാകാത്ത സ്ഥിതിയാണുള്ളത്. ഒരു മൊബീല്‍ ഫോണിന്റെ ഉല്‍പ്പാദന ചെലവില്‍ 25-30 ശതമാനം വരുന്നത് ഡിസ്‌പ്ലേ പാനലുകള്‍ക്കാണ്. സ്മാര്‍ട്ട് ഫോണുകളുടെയും ഘടകഭാഗങ്ങളുടെയും മാനുഫാക്ചറിംഗ് ഘട്ടംഘട്ടമായി ഇന്ത്യയില്‍ നടപ്പാക്കുന്നത് ലക്ഷ്യമിട്ടുള്ള നടപടിക്രമങ്ങള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതലാണ് ആരംഭിച്ചത്. മറ്റ് ഘടകങ്ങളുടെ നിര്‍മാണം ഇനിയും വേണ്ടത്ര അളവിലെത്തിയിട്ടില്ലെന്നും ഇനിയും ഉല്‍പ്പാദനം പോലും ആഭ്യന്തരമായി ആരംഭിച്ചിട്ടില്ലാത്ത ഡിസ്‌പ്ലേ പാനലുകള്‍ സംബന്ധിച്ച നിബന്ധന നടപ്പാക്കുന്നത് നീട്ടണമെന്നും നേരത്തെയും വിവിധ കമ്പനികള്‍ ആവശ്യമുന്നയിച്ചിരുന്നു.
100 മില്യണ്‍ ഡോളര്‍ ചെലവിട്ട് ഇന്ത്യയില്‍ ഡിസ്‌പ്ലേ അസംബ്ലി പ്ലാന്റ് ആരംഭിക്കാനുള്ള പദ്ധതിയിലാണ് തങ്ങളെന്നും സാംസംഗ് അറിയിക്കുന്നു. 2020 ഏപ്രില്‍ 1ഓടെ ഈ പദ്ധതി പ്രവര്‍ത്തന സജ്ജമാകുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. എന്നാല്‍ സര്‍ക്കാര്‍ തിടുക്കത്തില്‍ നിബന്ധന നടപ്പിലാക്കുകയാണെങ്കില്‍ ഈ പദ്ധതി ഉപേക്ഷിക്കേണ്ടി വരുമെന്നാണ് കമ്പനി മുന്നറിയിപ്പ് നല്‍കുന്നത്.

Comments

comments

Categories: FK News
Tags: samsung