ചരക്ക് കപ്പലുകള്‍ക്ക് തീപിടിച്ചു: ഇന്ത്യക്കാരടക്കം 11 പേര്‍ മരിച്ചു

ചരക്ക് കപ്പലുകള്‍ക്ക് തീപിടിച്ചു: ഇന്ത്യക്കാരടക്കം 11 പേര്‍ മരിച്ചു

മോസ്‌കോ: റഷ്യന്‍ സമുദ്രാതിര്‍ത്തിയിലെ കെര്‍ഷ് കടലിടുക്കില്‍ ഇന്ത്യന്‍ ജീവനക്കാരടക്കം ജോലി ചെയ്യുന്ന രണ്ട് ചരക്ക് കപ്പലുകള്‍ക്ക് തീപിടിച്ച് 11 പേര്‍ മരിച്ചു. ടാന്‍സാനിയന്‍ കപ്പലുകളായ കാന്‍ഡി, മാസ്‌ട്രോ എന്നിവയ്ക്കാണ് തീപിടിച്ചത്. ക്രിമിയയെ റഷ്യയില്‍നിന്നും വേര്‍തിരിക്കുന്ന കടലിടുക്കില്‍ തിങ്കളാഴ്ചയാണ് അപകടം ഉണ്ടായത്.

മരിച്ചവരില്‍ എത്ര ഇന്ത്യക്കാര്‍ ഉണ്ടെന്ന് അറിവായിട്ടില്ല.

ടാന്‍സാനിയയുടെ പതാക വഹിക്കുന്ന കപ്പലുകളാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്. ഒന്നില്‍ ദ്രവരൂപത്തിലുള്ള പ്രകൃതി വാതകവും  മറ്റൊന്ന് ടാങ്കറുമായിരുന്നു. ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് ഇന്ധനം മാറ്റുമ്പോഴാണ് തീപിടിത്തം ഉണ്ടായത്.

സംഭവസ്ഥലത്തേയ്ക്ക് കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ പോകുന്നുണ്ടെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 12 പേരേ ഇതുവരെ രക്ഷപെടുത്തി. സ്ഥലത്തെ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അസോവ് കടലിനെ കരിങ്കടലുമായി ബന്ധിപ്പിക്കുന്നതാണ് കെര്‍ഷ് കടലിടുക്ക്. റഷ്യയ്ക്കു യുക്രെയ്‌നും തന്ത്രപ്രധാനമായ ജലപാതയുമാണ് കെര്‍ഷ് കടലിടുക്ക്. കഴിഞ്ഞ വര്‍ഷം മേയില്‍ റഷ്യ ഇവിടെ പാലം നിര്‍മിച്ചിരുന്നു.

Comments

comments

Categories: Current Affairs
Tags: Cargo Ships