ഒല എന്‍ബിഎഫ്‌സി രംഗത്തേക്ക്, ലൈസന്‍സിന് അപേക്ഷ നല്‍കി

ഒല എന്‍ബിഎഫ്‌സി രംഗത്തേക്ക്, ലൈസന്‍സിന് അപേക്ഷ നല്‍കി

ഒല ക്രെഡിറ്റ് എന്ന പേരില്‍ ഹ്രസ്വകാല വായ്പാ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ഒല ഇപ്പോള്‍ നടപ്പാക്കുന്നുണ്ട്.

ബെംഗളൂരു: ഒരു ബാങ്കിംഗ് ഇതര ധനകാര്യ കമ്പനി സ്ഥാപിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിരിക്കുയാണ് ബെംഗളൂരു ആസ്ഥാനമായ ഒല. തങ്ങളുടെ മുഖ്യ ബിസിനസായ ഓണ്‍ലൈന്‍ ടാക്‌സി സേവനത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം കൂടുതല്‍ മേഖലകളിലേക്ക് വിപുലീകരണം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

നിലവില്‍ തങ്ങളുടെ ആപ്പ് ഉപയോഗിച്ച് ടാക്‌സി സേവനം തേടുന്ന യാത്രികര്‍ക്കായി ഒല ക്രെഡിറ്റ് എന്ന പേരില്‍ ഹ്രസ്വകാല വായ്പാ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ഒല നടപ്പാക്കുന്നുണ്ട്. ഇത് കൂടുതല്‍ ശക്തമാക്കാനാണ് ശ്രമിക്കുന്നത്. ഏതെങ്കിലും ബാങ്കുമായി ചേര്‍ന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്നതിനും ഡ്രൈവര്‍മാര്‍ക്കും യാത്രികര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതിനും ഒല പദ്ധതിയിടുന്നതായി കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. നിലവില്‍ ഉപഭോക്താക്കള്‍ക്കായി ഒരു ട്രിപ്പ് ഇന്‍ഷുറന്‍സ് സംവിധാനം ഒല നല്‍കുന്നുണ്ട്.

സോഫ്റ്റ് ബാങ്കിന്റെ പിന്തുണയുള്ള ഒല ഫുഡ്പാണ്ടയിലൂടെ നിലവില്‍ ഭക്ഷണ വിതരണ രംഗത്ത് സജീവമാകുകയാണ്. മരുന്നുകളുടെ വിതരണത്തിലേക്കും കമ്പനി ഉടന്‍ കടക്കുമെന്നാണ് സൂചന. തങ്ങളുടെ ഡിജിറ്റല്‍ വാലറ്റ് ഒല മണിയും ഫുഡ് പാണ്ടയുമെല്ലാം സ്വന്തം നിലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തനം മൂലധനം കണ്ടെത്തുന്നതിനുള്ള പദ്ധതികളാണ് ഒല ഇപ്പോള്‍ ആവിഷ്‌കരിക്കുന്നത്. നിലവില്‍ സോഫ്റ്റ്ബാങ്കിന് 26 ശതമാനം പങ്കാളിത്തമാണ് ഒലയില്‍ ഉള്ളത്.

2016ലാണ് ഒല ക്രെഡിറ്റിന്റെ പ്രവര്‍ത്തനം പരീക്ഷണാടിസ്ഥാത്തില്‍ ആരംഭിച്ചത്. ഈ ഫീച്ചര്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ പ്രതിമാസം 30 ശതമാനത്തിന്റെ വര്‍ധനയുണ്ടാകുന്നുവെന്നാണ് കമ്പനി പറയുന്നത്. നിലവില്‍ പരിമിതമായ ഉപയോക്താക്കളിലേക്ക് മാത്രമെത്തുന്ന ഫീച്ചര്‍ ഉടന്‍ ഒലയുടെ 150 മില്യണ്‍ ഉപയോക്താക്കളിലേക്കും എത്തുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. എന്‍ബിഎഫ്‌സി ലൈസന്‍സ് സ്വന്തമാക്കുന്നതോടെ ഒല ക്രെഡിറ്റിന്റെ സേവനങ്ങല്‍ വിപുലീകരിക്കാന്‍ കമ്പനിക്ക് സാധിക്കും.

15 ദിവസത്തേക്കാണ് യാത്രികര്‍ക്ക് ഒല ക്രെഡിറ്റിലൂടെ വായ്പാ നല്‍കുന്നത്. ഉപയോക്താക്കളുടെ തിരിച്ചടവിന്റെ പശ്ചാത്തലം പരിശോധിച്ച് പിന്നീടിത് 30 ദിവസം വരെ നീട്ടും. ഭക്ഷണം, വിനോദം, മറ്റ് സേവനങ്ങള്‍ എന്നിവയുടെ ബുക്കിംഗിനും വരുന്ന മാസങ്ങളില്‍ ഈ വായ്പാ സംവിധാനം ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: Ola