മാളുകള്‍ക്ക് അങ്ങനെയൊന്നും ‘വംശനാശം’ സംഭവിക്കില്ലെന്ന് മാലിക് ഷെബാബ്

മാളുകള്‍ക്ക് അങ്ങനെയൊന്നും ‘വംശനാശം’ സംഭവിക്കില്ലെന്ന് മാലിക് ഷെബാബ്

ഇ-കൊമേഴ്‌സ് മേഖലയുടെ വമ്പന്‍ കുതിപ്പില്‍ മാളുകള്‍ ഇല്ലാതായി പോകില്ലെന്ന് ഗോള്‍ഡെന്‍ സെന്റ് സ്ഥാപകന്‍ മാലിക് ഷെബാബ്

ദുബായ്: റീട്ടെയ്ല്‍ രംഗത്തിന്റെ സ്വഭാവം തന്നെ മാറ്റി മറിച്ച ഇ-കൊമേഴ്‌സ് വിപണനരീതിയുടെ വളര്‍ച്ച ഷോപ്പിംഗ് മാളുകളുടെ നാശത്തിലേക്ക് നയിക്കില്ലെന്ന് പെര്‍ഫ്യൂം ആന്‍ഡ് ബ്യൂട്ടി പ്ലാറ്റ്‌ഫോമായ ഗോള്‍ഡന്‍ സെന്റിന്റെ സ്ഥാപകന്‍ മാലിക് ഷെബാബ്. അതേസമയം ഇ-കൊമേഴ്‌സ് മേഖലയുടെ വളര്‍ച്ച മാളുകള്‍ക്ക് മേല്‍ വലിയ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. അതുകൊണ്ടുതന്നെ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി പുതിയ രീതികള്‍ മാളുകള്‍ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വലിയ വിപണിയാണിത്(റീട്ടെയ്ല്‍). എല്ലാവര്‍ക്കും വിഹിതം വേണമെന്നാണ് ആഗ്രഹം. ഇ-കൊമേഴ്‌സും ഇപ്പോള്‍ ഈ മേഖലയുടെ ഒരു വിഹിതം എടുക്കുന്നു. എന്നാല്‍ മാളുകള്‍ അതുകാരണം ഇല്ലാതായി പോകുമെന്ന് ഞാന്‍ ഒരിക്കലും കരുതുന്നില്ല. ജനങ്ങള്‍ മാളുകളില്‍ പോകാനും അവിടെ സമയം ചെലവഴിക്കാനും എപ്പോഴും ആഗ്രഹിക്കും. അത്തരം ഉപഭോക്താക്കളെ എങ്ങനെ കൂടുതലായി, വ്യത്യസ്ത രീതികളില്‍ എന്റര്‍ടെയ്ന്‍ ചെയ്യിക്കാം എന്നാണ് മാളുടമകള്‍ ചിന്തിക്കേണ്ടത്-മാലിക് വ്യക്തമാക്കി.

ജിസിസി മേഖലയില്‍ അതിവേഗ വളര്‍ച്ചയാണ് ഇ-കൊമേഴ്‌സ് വ്യവസായം കൈവരിക്കുന്നത്. 2022 ആകുമ്പോഴേക്കും 48 ബില്ല്യണ്‍ ഡോളറിലേക്ക് ഇ-കൊമേഴ്‌സ് രംഗം എത്തുമെന്നാണ് കണക്കുകള്‍. യുഎഇയും സൗദി അറേബ്യയുമാണ് വളര്‍ച്ചയെ നയിക്കുന്നതെന്ന് ബിഎംഐ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് മേഖലയില്‍ സാധ്യതകളുണ്ടെന്നാണ് മാലിക്കിന്റെ അഭിപ്രായം. നിലവില്‍ ആമസോണിന്റെ സൗക്കും മുഹമ്മദ് അലബ്ബാറിന്റെ നൂണുമാണ് മേഖലയിലെ പ്രധാന ഇ-കൊമേഴ്‌സ് കമ്പനികള്‍.

ജിസിസി മേഖലയിലുടനീളം സാന്നിധ്യമുള്ള സംരംഭമാണ് ഗോള്‍ഡന്‍ സെന്റ്. സൗദി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ പ്ലാറ്റ്‌ഫോമിന് 2014ല്‍ തുടക്കമിട്ടത് മാലിക് ഷെബാബും റോന്നി ഫ്രോഹഌച്ചും ചേര്‍ന്നാണ്. 10,000ത്തിലധികം പെര്‍ഫ്യൂം, മേക്ക് അപ്പ് ഉല്‍പ്പന്നങ്ങള്‍ ഇവര്‍ വിപണിയിലെത്തിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് പര്‍ച്ചേസിനൊപ്പം ഫ്രീ സാംപിളുകളും കൂടി നല്‍കിയുള്ള വില്‍പ്പനതന്ത്രമാണ് ഇവര്‍ സ്വീകരിച്ചുപോരുന്നത്.

  • 2022 ആകുമ്പോഴേക്കും 48 ബില്ല്യണ്‍ ഡോളറിലേക്ക് ഗള്‍ഫിലെ ഇ-കൊമേഴ്‌സ് രംഗം വളരും
  • കൂടുതല്‍ കമ്പനികള്‍ക്ക് ഇ-കൊമേഴ്‌സ് രംഗത്ത് സാധ്യതകളുണ്ടെന്ന് പഠനം
  • സൗദിയും യുഎഇയുമാണ് ഇ-കൊമേഴ്‌സ് രംഗത്തിന്റെ വളര്‍ച്ചയെ നയിക്കുന്നത്

Comments

comments

Categories: Arabia
Tags: malls