ഇലക്ട്രിക് വാഹന വിപണിയില്‍ നോട്ടമിട്ട് ലൂകാസ് ടിവിഎസ്

ഇലക്ട്രിക് വാഹന വിപണിയില്‍ നോട്ടമിട്ട് ലൂകാസ് ടിവിഎസ്

ഇ-റിക്ഷകള്‍, ഇ-ഇരുചക്രവാഹനങ്ങള്‍ എന്നിവയ്ക്ക് വേണ്ടിയുള്ള മോട്ടറുകള്‍ നിര്‍മ്മിച്ച് കമ്പനിയുടെ ഇലക്ട്രിക് പോര്‍ട്ട്‌ഫോളിയോ വികസിപ്പിക്കുക എന്നതാണ് കമ്പനി നിലവില്‍ ലക്ഷ്യമിടുന്നത്.

ചെന്നൈ: ആഗോളതലത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്ത് തങ്ങളുടെ ഇലക്ട്രിക് പോര്‍ട്ട്‌ഫോളിയോ മിനുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇലക്ട്രിക്-വാഹന അനുബന്ധ ഘടകങ്ങളുടെ നിര്‍മ്മാതാക്കളായ ലൂകാസ് ടിവിഎസ്. തങ്ങളുടെ ഇലക്ട്രിക് ഇരുചക്ര വാഹന മോട്ടറുകളുടെ വിതരണത്തിനായി ഇ-ഇരുചക്ര വാഹനനിര്‍മ്മാണ കമ്പനിയുമായുള്ള ചര്‍ച്ചയിലാണ് ലൂകാസ് ടിവിഎസ് കമ്പനിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

55 വര്‍ഷത്തെ പാരമ്പര്യമുള്ള ടിഎസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലൂകാസ് ടിവിഎസ് എന്ന ഓട്ടോ-ഇലക്ട്രിക്കല്‍ നിര്‍മ്മാണ കമ്പനി ഇരുചക്ര വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള ഇലക്ട്രിക് മോട്ടറുകളുടെ ഉല്‍പാദനം വ്യാപിപ്പിക്കാനുള്ള അവസരമായിട്ടാണ് ഇ-ഇരുചക്രവാഹന പദ്ധതിയെ കാണുന്നത്.

‘ഇരുചക്രവാഹന വിപണിയിലെ മുന്‍നിരക്കാരൊന്നും ഇലക്ട്രിക് വാഹനരംഗത്തേക്ക് കടന്നിട്ടില്ലാത്ത അവസരത്തില്‍ പ്രഥമ ഉപഭോക്താവുമായി ചേര്‍ന്ന് തങ്ങളുടെ ഉല്‍പ്പന്നത്തിന്റെ ക്ഷമത തെളിയിക്കുകയും ഉല്‍പാദനശേഷി വികസിപ്പിക്കുകയുമാണ് ഇപ്പോള്‍ ലക്ഷ്യം. എത്തരത്തില്‍ ഇവ വിപണിയിലിറക്കണമെന്ന കാര്യം പിന്നീട് ആലോചിക്കും’. ലൂകാസ് ടിവിഎസ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ അരവിന്ദ് ബാലാജി പറഞ്ഞു.

ഇ-റിക്ഷകള്‍, ഇ-ഇരുചക്രവാഹനങ്ങള്‍ എന്നിവയ്ക്ക് വേണ്ടിയുള്ള മോട്ടറുകള്‍ നിര്‍മ്മിച്ച് കമ്പനിയുടെ ഇലക്ട്രിക് പോര്‍ട്ട്‌ഫോളിയോ വികസിപ്പിക്കുക എന്നതാണ് കമ്പനി നിലവില്‍ ലക്ഷ്യമിടുന്നത്. രണ്ടാംനിര മൂന്നാം നിര നഗരങ്ങളില്‍ ഇലക്ട്രിക് റിക്ഷകള്‍ക്ക് ഏതാണ്ട് 200,000-400,000 യൂണിറ്റുകളുടെ വിപണി സാധ്യതയാണ് കമ്പനി കാണുന്നത്.

ഇ-റിക്ഷകളിലൂടെയും ഇ-ഇരുചക്ര വാഹനങ്ങളിലൂടെയും മികച്ച ട്രാക്ക് റെക്കോഡ് ഉണ്ടാക്കാനായാല്‍ ഭാവിയില്‍ നാലുചക്ര വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള മോട്ടറുകളുടെ നിര്‍മ്മാണത്തില്‍ ഉപഭോക്താക്കളുടെ വിശ്വാസമാര്‍ജിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ഇന്ത്യയിലെ സാഹചര്യങ്ങള്‍ പഠിച്ച ശേഷം റിക്ഷകള്‍ക്ക് വേണ്ടിയുള്ള മോട്ടറുകളുടെ ക്ഷമത വര്‍ധിപ്പിക്കുന്നതിനും റീജനറേറ്റീവ് ബ്രേക്കിംഗ് കപ്പാസിറ്റി മെച്ചപ്പെടുത്തുന്നതിനുമായ ശ്രമമങ്ങള്‍ കമ്പനി നടത്തിയിട്ടുണ്ടെന്ന് ലൂകാസ് ടിവിഎസിലെ അഡ്വാന്‍സ്ഡ് എഞ്ചിനീയറിംഗ് മേധാവി എന്‍ എസ് രാമനാഥന്‍ പറഞ്ഞു. മണ്‍സൂണ്‍ കാലത്തെ സാഹചര്യങ്ങളും കൂടി കണക്കിലെടുത്തുകൊണ്ടാണ് മോട്ടര്‍ വികസിപ്പിച്ചിട്ടുള്ളതെന്നും വെള്ളം കയറിയാല്‍ പോലും മോട്ടര്‍ പ്രവര്‍ത്തിക്കുമെന്നും രാമനാഥന്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ ഏഴ് പ്ലാന്റുകളാണ് ലൂകാസ് ടിവിഎസിനുള്ളത്. ഇരുചക്ര വാഹനങ്ങള്‍ക്ക് വേണ്ടി ബാറ്ററികള്‍ നിര്‍മ്മിക്കാന്‍ നിലവില്‍ കമ്പനിക്ക് പദ്ധതിയില്ല. പവര്‍ട്രെയിനുമായി തുടരാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. വിപണിയില്‍ ഇലക്ട്രിക് മേഖലയില്‍ നിന്നും വഴിമാറിയുള്ള മത്സരത്തിന് ഉദ്ദേശിക്കുന്നില്ലെന്നും ‘ഇ’ മേഖലയില്‍ ആഗോളതലത്തിലേക്ക് ഉയരുകയെന്നതാണ് ലക്ഷ്യമെന്നും ബാലാജി പറഞ്ഞു.

Comments

comments

Categories: Auto
Tags: Lucas TVS