വിപണി കീഴടക്കാന്‍ കിയ എസ്പി വരുന്നു

വിപണി കീഴടക്കാന്‍ കിയ എസ്പി വരുന്നു

പണി പൂര്‍ത്തിയായ പുതിയ പ്ലാന്റില്‍ ഈ മാസം തന്നെ പരീക്ഷണാടിസ്ഥാനത്തിലുള്ള നിര്‍മ്മാണം ആരംഭിക്കും

ന്യൂഡെല്‍ഹി: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ മോഡലിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള നിര്‍മ്മാണം ഈ മാസം ആരംഭിക്കും. കിയ ഇന്ത്യയുടെ എസ്പി ആശയത്തിലുള്ള മോഡലിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള നിര്‍മ്മാണമാണ് ആന്ധ്രാപ്രദേശിലെ പ്ലാന്റില്‍ ആരംഭിക്കുന്നത്. ഈ വര്‍ഷം പകുതിയോടെ തങ്ങളുടെ ആദ്യ മോഡല്‍ വിപണിയിലിറക്കാനാണ് കമ്പനിയുടെ പദ്ധതി.

ഹ്യുണ്ടേയ് മോട്ടോഴ്‌സിന്റെ ഉപസ്ഥാപനം കൂടിയായ കിയ ഇന്ത്യ 18 മാസത്തിനകം അഞ്ച് മോഡലുകള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അടുത്ത മൂന്ന് വര്‍ഷത്തില്‍ ആറ് മാസം കൂടുമ്പോള്‍ ഒരു പുതിയ മോഡല്‍ എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പുതിയ മോഡലുകള്‍ പുറത്തിറക്കുന്നത്. എസ്പി അടക്കം രണ്ട് മോഡലുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനാണ് കമ്പനി ആലോചിക്കുന്നത്.

110 കോടി ഡോളര്‍ നിക്ഷേപത്തിലാണ് ആന്ധ്രാപ്രദേശിലെ അനന്തപൂറില്‍ കിയ നിര്‍മ്മാണയൂണിറ്റുകള്‍ ആരംഭിക്കുന്നത്. ആഗോളതലത്തിലെ 15 നിര്‍മ്മാണയൂണിറ്റുകളില്‍ ഒന്നാണിത്. പ്രതിവര്‍ഷം 3 ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള ഈ പ്ലാന്റിന്റെ കമ്മീഷനിംഗ് പ്രക്രിയകള്‍ അവസാനഘട്ടത്തിലാണ്.

നിര്‍മ്മാണ പ്ലാന്റ് ഉടന്‍ തന്നെ പ്രവര്‍ത്തനസജ്ജമാകുമെന്നും ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ആദ്യ വാഗ്ദാനമായ എസ്പി2ഐ കാറുകളുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള നിര്‍മ്മാണം ജനുവരി അവസാനത്തോടെ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കിയ മോട്ടോഴ്‌സ് ഇന്ത്യ മാര്‍ക്കറ്റിംഗ് വിഭാഗം തലവന്‍ മനോഹര്‍ ഭട്ട് പറഞ്ഞു. ഇന്ത്യന്‍ വിപണി മാത്രം ലക്ഷ്യമാക്കിയുള്ള മോഡലാണ് കിയ എസ്പി2ഐ. ഇതില്‍ ‘ഐ’ എന്നത് ഇന്ത്യയെയാണ് സൂചിപ്പി്ക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി പ്രദര്‍ശിപ്പിച്ച കിയയുടെ എസ്‌യുവി, എസ്പിക്ക് ശേഷം ഈ വര്‍ഷം മധ്യത്തോടെ വിപണിയിലെത്തിക്കാനാണ് കിയ പദ്ധതിയിടുന്നത്. ഇന്ത്യയിലെ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തിയുള്ള പരിശോധനകളിലാണ് ഇപ്പോള്‍ ഈ മോഡല്‍.

പുറത്തിറക്കുന്ന മോഡലുകള്‍ക്കായി ഇന്ത്യയിലുടനീളം വിതരണ ശൃംഖലകള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും സമാന്തരമായി കമ്പനി നടത്തുന്നുണ്ട്. പ്രധാന സിറ്റികളും ചെറിയ നഗരങ്ങളും വരെ ഉള്‍പ്പെടുത്തിയുള്ള വിതരണ ശൃംഖലയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഭട്ട് പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് വളരെ അടുത്ത് വരെ എത്താന്‍ കഴിയുന്ന വിതരണ ശൃംഖലയാണ് കിയ നോട്ടമിടുന്നത്. ഇന്ത്യന്‍ വിപണിയിലെ മറ്റേത് പുതുമുഖ കമ്പനികള്‍ക്ക് ഉളളതിനേക്കാളും ബൃഹത്തായ വിതരണ ശൃംഖലയാണ് കിയ മോട്ടോഴ്‌സ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതെന്നും ഭട്ട് കൂട്ടിച്ചേര്‍ത്തു.ഇന്ത്യയിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറുന്നതിനായി നാലോളം പ്രാദേശിക ഓഫീസുകളാണ് കമ്പനി ആരംഭിക്കുക. കൂടാതെ മികച്ച സര്‍വ്വീസിനായി എക്‌സിക്ലുസീവ് സര്‍വ്വീസ് സെന്ററുകളും കമ്പനി ആരംഭിക്കും.

ഇന്ത്യയില്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തേക്കുള്ള പേരുകള്‍ പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും ഭട്ട് അറിയിച്ചു. ടെന്നീസ് താരം റഫേല്‍ നദാലാണ് കിയയുടെ ആഗോള അംബാസിഡര്‍.

അതേസമയം ഹ്യുണ്ടേയ് ഇന്ത്യയുമായി ചേര്‍ന്നുകൊണ്ടുള്ള കൂട്ടായ പ്രവര്‍ത്തനത്തിനുള്ള സാധ്യത കമ്പനി തള്ളി. വിവിധ ഒഇഎം(ഒറിജിനല്‍ എക്വിപ്‌മെന്റ് മാനുഫാക്ച്വര്‍) കമ്പനികളില്‍ നിന്നും ഭാഗങ്ങള്‍ വാങ്ങുക വ്യവസായത്തില്‍ പതിവാണെന്നും കിയയും പ്രമുഖ നിര്‍മ്മാണ കമ്പനികളില്‍ നിന്നും വാഹന ഭാഗങ്ങള്‍ വാങ്ങുമെന്നും എന്നാല്‍ ഏതെങ്കിലും പ്രത്യേക നിര്‍മ്മാണ കമ്പനികളുമായി ചേര്‍ന്നുള്ള കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകില്ലെന്നും ഭട്ട വ്യക്തമാക്കി.

Comments

comments

Categories: Auto
Tags: kia motors

Related Articles