കളിമണ്‍ വ്യവസായം പടിയിറങ്ങുന്നു

കളിമണ്‍ വ്യവസായം പടിയിറങ്ങുന്നു

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ചെറുതും വലുതുമായ ആയിരത്തോളം കളിമണ്‍ പാത്ര, ഓട് നിര്‍മാണ യൂണിറ്റുകളാണ് കേരളത്തില്‍ പൂട്ടിപ്പോയത്. ഇതിലൂടെ തൊഴില്‍ രഹിതരായവര്‍ പതിനായിരക്കണക്കിനാണ്. ആവശ്യത്തിന് കളിമണ്ണ് ലഭ്യമാകാത്തതും, കളിമണ്‍ ഖനനം നിരോധിച്ചതുമാണ് കേരളത്തില്‍ കളിമണ്‍ വ്യവസായത്തെ പ്രതിസന്ധിയിലാക്കിയത്. ഒരു ടോറസ് കളിമണ്ണ് ലഭിക്കണമെങ്കില്‍ 3500 രൂപ നല്‍കണം. ഇവ ചൂളകളില്‍ എത്തിച്ചു നിര്‍മാണത്തിനായി പരിവപ്പെടുത്തിയെടുക്കുമ്പോള്‍ 12500 രൂപ ചെലവ് വരും. എന്നാല്‍ ഇത്രയും മണ്ണുകൊണ്ട് നിര്‍മിക്കുന്ന പത്രങ്ങളും ഇഷ്ടികയും ഓടുകളും കൊണ്ട് മുടക്കുമുതല്‍ തിരിച്ചു പിടിക്കാന്‍ കഴിയില്ല. ഒപ്പം പ്രാഗത്ഭ്യമുള്ള തൊഴിലാളികളുടെ കുറവും വര്‍ധിച്ചുവരുന്ന വേതനവും കൂടിച്ചേരുമ്പോള്‍ കളിമണ്‍ വ്യവസായം നഷ്ടക്കണക്കുകള്‍ മാത്രം പറയുന്ന ഒന്നായി മാറുന്നു.

കളിമണ്‍ പാത്രങ്ങള്‍, ഇഷ്ടിക കൊണ്ട് നിര്‍മിച്ച വീടുകള്‍, വീടിനകത്ത് തണുപ്പേകുന്ന ഓട് പാകിയ മേല്‍ക്കൂരകള്‍ തുടങ്ങി കേരളത്തിന്റെ സ്വന്തമെന്ന് ഒരു കാലത്ത് നാം മേനി പറഞ്ഞിരുന്ന കളിമണ്ണില്‍ തീര്‍ത്ത കലാവിരുതുകള്‍ എല്ലാം തന്നെ ഒരു പഴങ്കഥയായി മാറാനുള്ള തയ്യാറെടുപ്പിലാണ്. ചൂളയില്‍ ചുട്ടെടുത്ത ഇഷ്ടികയെ വെല്ലുന്നതിനു ഉറപ്പുള്ള മറ്റൊരു ഗൃഹനിര്‍മാണ സാമഗ്രി നമുക്കില്ലായിരുന്നു. എന്നാല്‍ ഇന്ന് ഇഷ്ടികക്ക് പകരം ചുടുകല്ലുകളും, ഹോളോ ബ്രിക്കുകളും കോണ്‍ക്രീറ്റ് കട്ടകളും സ്ഥാനം പിടിച്ചു കഴിഞ്ഞു. കളിമണ്‍ വ്യവസായം കേരളത്തില്‍ നിന്നും പടിയിറങ്ങുന്നതോടെ പതിനായിരക്കണക്കിന് കുടുംബങ്ങളാണ് അനാഥമാകാനൊരുങ്ങുന്നത്. പാലക്കാട്, കണ്ണൂര്‍ , മലപ്പുറം, ആലപ്പുഴ തുടങ്ങി കേരളത്തിലെ ഒട്ടുമികക് ജില്ലകളിലും കളിമണ്‍ വ്യവസായം ആയിരക്കണക്കിന് വരുന്ന പാരമ്പര്യ തൊഴിലാളികളുടെ ഉപജീവനോപാധിയായിരുന്നു. കലൈമാനില്‍ നിര്‍മിച്ച പത്രങ്ങളും മറ്റു ഗാര്‍ഹികോപകരണങ്ങളും ഗൃഹ നിര്‍മാണ വസ്തുക്കളും വിപണിയില്‍ സ്വീകാര്യത നേടിയതിനനുസൃതമായി ഈ മേഖലയുടെ സാധ്യതയും വളര്‍ന്നിരുന്നു.

ഇടക്കാലത്ത് മലയാളിയുടെ ജീവിത ശൈലിയില്‍ വന്ന മാറ്റം കളിമണ്‍ പാത്രങ്ങള്‍ക്കും ഓടിനുമൊക്കെ പകരക്കാരനെ കൊണ്ട് വന്നത് ഈ മേഖലയുടെ വളര്‍ച്ചയെ അല്‍പം മന്ദീഭവിപ്പിച്ചു. എന്നാല്‍ പിന്നീട് ജീവിതശൈലി രോഗങ്ങളും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളും മലയാളികള്‍ക്കിടയില്‍ തീവ്രമായതോടെ നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ക്കും അലുമിനിയത്തിനും വിടപറഞ്ഞുകൊണ്ട് മലയാളികള്‍ വീണ്ടും കളിമണ്‍പാത്രങ്ങളുടെ ഉപഭോക്താക്കളായി. അതുപോലെ തന്നെ ഗൃഹ നിര്‍മാണത്തില്‍ ട്രഡീഷണല്‍ രീതിക്ക് പ്രാമുഖ്യം ലഭിച്ചതോടെ ഓടുകളും ഇഷ്ടികകളും തിരിച്ചെത്തി. സീസണലായി മാത്രം ഒരു ഉയര്‍ച്ചയുണ്ടായിരുന്ന കളിമണ്‍ വ്യവസായത്തിന് ഒരു കുതിപ്പുണ്ടായ നാളുകളായിരുന്നു അത്. എന്നാല്‍ ലഭിക്കിച്ച അവസരം വേണ്ട രീതിയില്‍ ഫലവത്തായി വിനിയോഗിക്കാന്‍ കളിമണ്‍ വ്യവസായികള്‍ക്ക് സാധിച്ചില്ല. കളിമണ്‍ വ്യവസായത്തിലെ അസംസ്‌കൃത വസ്തുവായ കളിമണ്ണിന്റെ ലഭ്യതക്കുറവ് മുതല്‍ തൊഴിലാളിക്ഷാമം വരെ പലതും ഈ രംഗത്ത് തിരിച്ചടിയായി. ഒപ്പം 2018 ലെ വെള്ളപ്പൊക്കം സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ കൂടിയായതോടെ കാര്യങ്ങള്‍ നിയന്ത്രണത്തിനപ്പുറമായി.

ഇനിയും പരിഹരിക്കപ്പെടാതെ കളിമണ്ണിന്റെ ലഭ്യതക്കുറവ്

കളിമണ്‍ വ്യവസായ രംഗത്ത് പ്രതിസന്ധികള്‍ ആരംഭിച്ചത് ഇന്നോ ഇന്നലെയോ അല്ല. ആവശ്യമായ കളിമണ്ണ് ലഭ്യമാകാത്തത് വ്യവസായികള്‍ പലകുറി സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയില്‍ പെടുത്തിയതാണ്. എന്നാല്‍ വേണ്ടത്ര പ്രയോജനം ഇതില്‍ നിന്നും ലഭിച്ചില്ല. ഇതിനു പുറമെ കളിമണ്‍ ഖനനത്തിന് സര്‍ക്കാകര്‍ അനുമതി നിഷേധിക്കുക കൂടിചെയ്തതോടെ വ്യവസായ മേഖല ആകെ പ്രതിസന്ധിയിലായി. ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെ നൂറ്റമ്പത് വര്‍ഷത്തോളം പഴക്കമുള്ള ഈ പരമ്പരാഗത തൊഴിലധിഷ്ഠിത വ്യവസായം നാശത്തിന്റെ വക്കിലാണ്.

കൃഷിയോഗ്യമല്ലാത്ത ഭൂമിയില്‍നിന്നും കളിമണ്‍ ഖനനത്തിന് പാരിസ്ഥിതിക അനുമതി നല്‍കണമെന്നാണ് നിയമം. എന്നാല്‍ പലപ്പോഴും ഇത് നടപ്പാക്കപ്പെടുന്നില്ലെന്ന് കഴിഞ്ഞ 20 വര്‍ഷമായി കളിമണ്‍ വ്യവസായരംഗത്തുള്ള പാലക്കാട് സ്വദേശി ബാബു പറയുന്നു. എന്നാല്‍ പലപ്പോഴും കളിമണ്ണെടുക്കാന്‍ തടസമാകുന്നത് മണ്ണെടുക്കുന്നതിനായി വ്യവസായികള്‍ കണ്ടെത്തുന്ന സ്ഥലങ്ങള്‍ വന്യൂ വകുപ്പിന്റെ ഡാറ്റാ ബാങ്കില്‍ വയലായി കാണിക്കുന്നുവെന്ന് പറഞ്ഞാണ്.വര്‍ഷങ്ങള്‍ക്കുമുമ്പ് കൃഷി ഉപേക്ഷിച്ച്, തെങ്ങും കവുങ്ങും ഉള്‍പ്പെടെ വളര്‍ന്ന നിലങ്ങള്‍പോലും ഡാറ്റാ ബാങ്കില്‍ നെല്‍വയലുകളയാണ് കാണിക്കുന്നത്. അതിനാല്‍ അനുമതി നിഷേധിക്കപ്പെടുന്നു, ബാബു കൂട്ടിച്ചേര്‍ത്തു.

ഇനി അനുമതി ലഭിച്ച ഇടങ്ങളില്‍ നിന്നും മണ്ണെടുക്കണമെങ്കില്‍ വേറെ ഒട്ടേറെ നിബന്ധനകളുണ്ട്. മണ്ണെടുക്കുന്നതിന്റെ ആഴവും നീളവും വീതിയും കണക്കാക്കി ആനുപാതികമായ തുക ബാങ്ക് ഗ്യാരണ്ടി നല്‍കണം. ഇതിനു പുറമെ, ടണ്ണിന് 40 രൂപ നിരക്കില്‍ സര്‍ക്കാരില്‍ അടയ്ക്കണം. കളിമണ്ണ് എടുത്തശേഷം അതേ അളവില്‍ ചെമ്മണ്ണ് നിറയ്ക്കണം. മാത്രമല്ല, മണ്ണെടുക്കാന്‍ എത്തിയ വ്യക്തി ഇതെല്ലം കൃഷിവകുപ്പും റവന്യൂ വകുപ്പും പഞ്ചായത്ത് സെക്രട്ടറിയും സാക്ഷ്യപ്പെടുത്തുകയും വേണം

ഇനി അനുവദനീയമായ പ്രദേശങ്ങളില്‍ നിന്നും ഖനനം ചെയ്യുന്നതിനും ഒരു സമയമുണ്ട്. ജനുവരി മുതല്‍ മെയ് വരെയാണ് കളിമണ്‍ ഖനനം നടക്കുക. ഒരുവര്‍ഷത്തേക്കുള്ള കളിമണ്ണ് ഈ സമയത്താണ് ശേഖരിക്കുക. ഇതുപ്രകാരം ഇപ്പോള്‍ കളിമണ്ണ് ശേഖരിക്കേണ്ട സമയമാണ്. എന്നാല്‍ ആവശ്യത്തിന് കളിമണ്ണ് നമ്മുടെ നാട്ടില്‍ ലഭ്യമല്ല. അതിനാല്‍ തന്നെ കളിമണ്ണ് ലഭിക്കുന്നതിനായി കര്‍ണാടക, തമിഴ്‌നാട് പോലുള്ള അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഈ സംസ്ഥാനങ്ങളില്‍ നിന്നും ടോറസ് വാഹനങ്ങളിലാണ് കളിമണ്ണ് ഇവിടേക്കു എത്തിക്കുന്നത്. ഒരു ടോറസ് കളിമണ്ണ് ലഭിക്കണമെങ്കില്‍ 3500 രൂപ നല്‍കണം. ഇവ ചൂളകളില്‍ എത്തിച്ചു നിര്‍മാണത്തിനായി പരിവപ്പെടുത്തിയെടുക്കുമ്പോള്‍ 12500 രൂപ ചെലവ് വരും. എന്നാല്‍ ഇത്രയും മണ്ണുകൊണ്ട് നിര്‍മിക്കുന്ന പത്രങ്ങളും ഇഷ്ടികയും ഓടുകളും കൊണ്ട് മുടക്കു മുതല്‍ തിരിച്ചു പിടിക്കാന്‍ കഴിയില്ല. മാത്രമല്ല ഇപ്പോള്‍ ഇങ്ങനെ അന്യസംസ്ഥാനങ്ങളില്‍ നിന്നും കളിമണ്ണ് ലഭിക്കുന്നതും കുറഞ്ഞിട്ടുണ്ട്.

ഓടുകള്‍ക്ക് പകരം ചൈനയില്‍നിന്ന് സെറാമിക് ഓടുകളും പ്‌ളാസ്റ്റിക് ഷീറ്റുകളും വ്യാപകമായതോടെ ഓടിന് ആവശ്യക്കാരില്ലാതായി. ഇതിനുപുറമെയാണ് കളിമണ്‍ ലഭിക്കാത്തതുമൂലമുള്ള പ്രതിസന്ധിയും.ഇതെല്ലാം കളിമണ്‍ വ്യവസായത്തിലെ പ്രധാന ഭീഷണിയായി തുടരുന്നു. ഓട് വ്യവസായത്തിന് പെരുമകേട്ട ഫറോക്ക് മേഖലയില്‍ 2016 18 കാലഘട്ടത്തില്‍ മൂന്നോളം കമ്പനികളാണ് അടച്ചുപൂട്ടിയത്. അവശേഷിക്കുന്നവ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. മറ്റു ജില്ലകളിലെ സ്ഥിതിയും വ്യത്യസ്തമല്ല .തൃശൂര്‍ ജില്ലയില്‍ മാത്രം 115 ഓട് കമ്പനികള്‍ പൂട്ടിയതായി കേരള ഓട് വ്യവസായ സംരക്ഷണ സമിതി വ്യക്തമാക്കുന്നു. ദിവസേന 3 ലക്ഷം ഓടുകള്‍ നിര്‍മ്മിച്ചിരുന്ന കോഴിക്കാട് മേഖലയില്‍ മണ്ണിന്റെ ലഭ്യതക്കുറവ് മൂലം പരമാവധി 30000 ഓടുകളാണ് ഇപ്പോള്‍ നിര്‍മിക്കപ്പെടുന്നത്.

”കളിമണ്ണിന്റെ ലഭ്യക്കാരവിനൊപ്പം വിദേശ ഓടുകളുടെ ഇറക്കുമതിയും ജിഎസ്ടി നടപ്പാക്കിയതും പ്രതിസന്ധിക്ക് ഒരു പരിധിവരെ കാരണമാകുന്നു.നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ചൂണ്ടികാട്ടിയാണ് കളിമണ്‍ ഖനനത്തിന് അനുമതി നിഷേധിക്കുന്നത്. നെലത്ത്തടങ്ങള്‍ സരംക്ഷിക്കേണ്ടത് തന്നെയാണ്. എന്നാല്‍ അതുപോലെ തന്നെ സംരക്ഷിക്കപ്പെടേണ്ട ഒന്നല്ലേ കളിമണ്‍ വ്യവസായവും. പേരിനുമാത്രം എന്ന നിലക്കാണ് ഞങ്ങള്‍ ഇപ്പോള്‍ കളിമണ്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത്. വിപണിയില്‍ സാധ്യത വര്‍ധിച്ചിരിക്കുന്ന സമയത്താണ് ഇത്തരത്തിലുള്ള തിരിച്ചടികള്‍ ഉണ്ടാകുന്നത്” കളിമണ്‍ വ്യവസായിയായ കോഴിക്കോട് സ്വദേശി റഫീക്ക് പറയുന്നു.

ഒരു ടോറസ് മണ്ണിന് ചെലവ് 12000 രൂപ

കേരളത്തില്‍ ആവശ്യത്തിന് കളിമണ്ണ് ലഭ്യമല്ലാത്തതിനാല്‍ വ്യവസായം നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിനു കളിമണ്ണ് ഇറക്കുമതിയല്ലാതെ വേറെ നിവര്‍ത്തിയില്ല. കര്‍ണാടകയില്‍ നിന്നുമാണ് ഇത്തരത്തില്‍ പ്രധാനമായും മണ്ണെത്തിക്കുന്നത്. പത്ര നിര്മാണത്തിനായിപ്പോലും ഇത്തരത്തില്‍ മണ്ണ് വാങ്ങുന്നു. ഒരു ടോറസ് മണ്ണിന് 3,500 രൂപയാണ് വില. അത് ചൂളയില്‍ എത്തിക്കുമ്പോഴേക്കും 12,500 രൂപ വരെ ചെലവാകും. ചൂള വയ്ക്കാന്‍ ചകിരി, വിറക് എന്നിവ വേറെയും വാങ്ങണം. ആകെമൊത്തം ചെലവ് കണക്കാക്കുമ്പോള്‍ തൊഴിലാളിവേതനം കൂടി ചേര്‍ത്ത് നഷ്ടമാണ് ബിസിനസ് ഉണ്ടാക്കുന്നത്.സര്‍ക്കാര്‍ സഹായിക്കുകയാണെങ്കില്‍ മാത്രമേ ഈ കുലത്തൊഴില്‍ മുന്നോട്ടു കൊണ്ടുപോകാനാകൂ.നിലവില്‍ പാലക്കാട്, കണ്ണൂര്‍ , കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കളിമണ്‍ വ്യവസായം നടക്കുന്നത്. കണ്ണൂര്‍ ബലിയപട്ടണം ടൈല്‍ വര്‍ക്‌സില്‍ കളിമണ്‍ ക്ഷാമം മൂലം ചെവിടി മണല്‍ ഉപയോഗിച്ചാണ് നിര്‍മാണം നടത്തിയിരുന്നത്.

ചൂളകൂട്ടാന്‍ വിറകിനും ക്ഷാമം

ഓട്, ഇഷ്ടിക നിര്‍മാണത്തിനാവശ്യമായ വലിയ ചൂളകള്‍ നിര്‍മിക്കുന്നതിന് വന്‍തോതില്‍ വിറക് ആവശ്യമാണ്. എന്നാല്‍ നിലവിലെ അവസ്ഥയില്‍ അത് ലഭ്യമാകാനായുള്ള സാധ്യത വളരെ കുറവാണ്. ഇത്തരത്തില്‍ വിറകിനു ക്ഷാമം നേരിടുന്ന സ്ഥലങ്ങളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണ് പാലക്കാട് ജില്ലയിലെ നെന്മാറ, കണിമംഗലം, പോത്തുണ്ടി പ്രദേശങ്ങള്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇവിടെ കളിമണ്‍ ഉല്‍പ്പന്ന നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നവരുടെ എണ്ണം നേര്‍ പകുതിയായി. കളിമണ്ണിനൊപ്പം പാത്രങ്ങള്‍ ചുട്ടെടുക്കാന്‍ ഉപയോഗിക്കുന്ന വിറകിനും ക്ഷാമമുള്ളതിനാല്‍ ചകിരിയാണ് അടുത്തകാലം വരെ പാത്രങ്ങള്‍ ചുട്ടെടുക്കാന്‍ ഉപയോഗിച്ചത്. ഇത് ശാശ്വതമായ ഒരു പരിഹാരമാര്‍ഗ്ഗമല്ല. കണിമംഗലം പ്രദേശത്തെ മണ്‍പാത്ര നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന 150പരം കുടുംബങ്ങളില്‍ ഇപ്പോള്‍ നാല്‍പതോളം കുടുംബങ്ങള്‍ മാത്രമാണ് രംഗത്തുള്ളത്. ഉയര്‍ന്ന നിര്‍മാണച്ചെലവിന് അനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചാല്‍ വാങ്ങാന്‍ ആളില്ലാതെയാകുന്നു.വരുമാനം കുറവാണ് എന്നതിനാല്‍ പുതിയ തലമുറ ഈ രംഗത്തേക്ക് വരുന്നതിന് വിമുഖതകാണിക്കുകയും ചെയ്യുന്നു.

പ്രളയം വിനയായപ്പോള്‍

പ്രളയം വന്നതും കളിമണ്‍ വ്യവസായത്തെ സാരമായി ബാധിച്ചു. പ്രളയം ഏറ്റവും കൂടുതല്‍ നാശനഷ്ട്ടമുണ്ടാക്കിയ ആലപ്പുഴ കുട്ടനാട് ഭാഗങ്ങളിലെ കളിമണ്‍ വ്യവസായ ശാലകളാണ് നഷ്ടത്തിലായത്. കുട്ടനാട് മിത്രക്കരി മണ്‍പാത്ര സൊസൈറ്റിക്ക് വെള്ളപ്പൊക്കം മൂലം ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.മണ്‍പാത്രങ്ങള്‍ നിര്‍മിക്കാനായി സൂക്ഷിച്ചിരുന്ന ചെളി, പൊടി മണല്‍, തൊണ്ട്, വിറക്, ഒരു വര്‍ഷത്തേക്ക് ശേഖരിച്ച വൈക്കോല്‍ ഓണവിപണി ലക്ഷ്യമാക്കി നിര്‍മിച്ചു വെച്ചിരുന്ന കറിച്ചട്ടി, മൂടുചട്ടി, കഞ്ഞികുടിക്കുന്ന പാത്രങ്ങള്‍ എന്നിവയെല്ലാം വെള്ളത്തിനടിയിലായി. മുന്‍പ് 65 കുടുംബങ്ങള്‍ ഇവിടെ കളിമണ്‍ പാത്രാ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇപ്പോഴത് ആറായി ചുരുങ്ങി. 1965ല്‍ പ്രവര്‍ത്തനം ആരംഭിച്ച മണ്‍പാത്ര നിര്‍മാണ സൊസൈറ്റി ഇപ്പോള്‍ പേരിനു മാത്രമായാണ് നിലനില്‍ക്കുന്നത്. ആലപ്പുഴയ്ക്ക് പുറമെ ശക്തമായ മഴയില്‍ പാലക്കാട്, കണ്ണൂര്‍ ഭാഗങ്ങളിലെ കളിമണ്‍ വ്യവസായവും പ്രതിസന്ധിയിലായിട്ടുണ്ട്.

തൊഴിലാളിക്ഷാമവും വ്യത്യസ്തതക്കുറവും

കളിമണ്‍ വ്യവസായത്തെ ബാധിക്കുന്ന മറ്റു രണ്ടു പ്രധാനപ്രശ്‌നങ്ങളാണ് തൊഴിലാളിക്ഷാമവും വ്യത്യസ്തതക്കുറവും. ഓട് നിര്‍മാണത്തിലായാലും കളിമണ്‍ പാത്ര നിര്‍മാണത്തിലായാലും പ്രാഗത്ഭ്യമുള്ള തൊഴിലാളികളുടെ ക്ഷാമം ഒരു പ്രധാന പ്രശ്‌നമാണ്. വരുമാനക്കുറവ് മൂലം പലരും തൊഴില്‍ ഉപേക്ഷിച്ചതാണ് ഈ പ്രതിസന്ധിക്കുള്ള കാരണം. രണ്ടാമതായി ഓടുകളില്‍ ഇന്ന് പുത്തന്‍ ട്രെന്‍ഡുകള്‍ പരീക്ഷിക്കാക്കപ്പെടുന്നു. വ്യത്യസ്തമായ ആകൃതികളിലും ഡിസൈനുകളിലും ചൈനീസ് ഓടുകള്‍ അവിടെയെത്തുമ്പോള്‍ അതിനോട് കിടപിടിക്കത്തക്ക ഇന്നവേഷനുകള്‍ ഈ മേഖലയില്‍ കൊണ്ടുവരാന്‍ നമുക്കാവുന്നില്ല.

പ്രതീക്ഷയായി അനശ്വരം 

കളിമണ്ണിന്റെ ക്ഷാമം , തൊഴിലാളിക്ഷാമം, ഇന്നവേഷനില്ലായ്മ അങ്ങനെ പലവിധ പ്രശനങ്ങള്‍കൊണ്ട് കളിമണ്‍ ഉല്‍പ്പന്ന നിര്‍മാണങ്ങള്‍ നാടുനീങ്ങാന്‍ ഒരുങ്ങുമ്പോള്‍ ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ തൊഴിലിനെ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് മലപ്പുറം നിലമ്പൂര്‍ അരുവാക്കോട്ടെ അമ്പതോളം കുടുംബങ്ങളിലെ സ്ത്രീകള്‍. അനശ്വരം എന്ന പേരില്‍ ഒരു സംഘം രൂപീകരിച്ച് ഇതിനായി മണ്‍പാത്ര നിര്‍മാണം ആരംഭിച്ചിരിക്കുകയാണ്. ഓരോ ജില്ലകളിലും പ്രദര്‍ശനം സംഘടിപ്പിച്ച് ഇവര്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു.

ചായക്കപ്പുകളും ചെറുതും വലുതുമായ മീന്‍ ചട്ടികള്‍, ചിക്കന്‍ കറിച്ചട്ടികള്‍, അപ്പ ചട്ടികള്‍, ചപ്പാത്തി ചട്ടി, ചീനചട്ടികള്‍, ജഗ്ഗ്, മഗ്ഗ്, കപ്പ്, ഗ്ലാസ് തുടങ്ങിയ അടുക്കള ഉപകരണങ്ങളും അലങ്കര ഉല്‍പ്പന്നങ്ങളായ കുങ്കുമച്ചെപ്പ്, മെഴുകുതിരി സ്റ്റാന്‍ഡ്, പെന്‍ ഹോള്‍ഡര്‍, ഗണപതി രൂപങ്ങള്‍, മുത്തുമണി പാത്രങ്ങള്‍, ഗാര്‍ഡന്‍ ജാര്‍, പലതരം മാസ്‌ക്കുകള്‍, ഷോകെയ്‌സില്‍ വയ്ക്കാവുന്ന കളിമണ്‍ ഉല്‍പ്പന്നങ്ങള്‍ (മ്യൂറല്‍സ്), ഭംഗിയേറിയ ചുമര്‍ ചിത്രങ്ങള്‍ എന്നിവ അനശ്വരത്തില്‍ നിര്‍മിക്കപ്പെടുന്നു. കൂജകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. നിറം നല്‍കുന്നതിനുള്ള ദോഷകാരികളായ രാസവസ്തുക്കള്‍ ഉപയോഗിക്കാതെയാണു നിര്‍മാണം. ഗ്യാസ് സ്റ്റൗവിലും മൈക്രോവേവ് അവ്‌നിലും വരെ ഉപയോഗിക്കാന്‍ കഴിയുന്നത്ര നേര്‍ത്ത പത്രങ്ങളാണ് ഇവിടെ നിര്‍മിക്കുന്നത്.

 

Comments

comments

Categories: FK Special, Slider
Tags: Clay, Pottery