അന്താരാഷ്ട്ര സഹായത്തെ പിന്തുണയ്ക്കുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍: ഡബ്ല്യൂഇഎഫ്

അന്താരാഷ്ട്ര സഹായത്തെ പിന്തുണയ്ക്കുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍: ഡബ്ല്യൂഇഎഫ്

കുടിയേറ്റത്തോട് ഏറ്റവും അനുകൂലമായി പ്രതികരിക്കുന്നത് വടക്കേ അമേരിക്കക്കാരാണ്

ജനീവ: അന്താരാഷ്ട്ര തലത്തില്‍ അവശ്യ ഘട്ടങ്ങളില്‍ രാഷ്ട്രങ്ങള്‍ പരസ്പരം സഹായമെത്തിക്കുന്നതിനെ ഏറ്റവുമധികം പിന്തുണയ്ക്കുന്നത് ഇന്ത്യക്കാരാണെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ സര്‍വെ റിപ്പോര്‍ട്ട്. മറ്റു രാഷ്ട്രങ്ങളെ സഹായിക്കാന്‍ തങ്ങളുടെ രാഷ്ട്രത്തിന് ഉത്തരവാദിത്തമുണ്ടെന്ന് കരുതുന്ന കൂടുതല്‍ ജനങ്ങള്‍ ഇന്ത്യയിലാണെന്നാണ് ഡബ്ലുഇഎഫ് വ്യക്തമാക്കുന്നത്. വാര്‍ഷിക സമ്മേളനത്തിനു മുന്നോടിയായാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്.

10,000ലധികം പേരില്‍ നിന്നാണ് സര്‍വേക്കായി അഭിപ്രായം സമാഹരിച്ചിട്ടുള്ളത്. ഇന്ത്യക്കാരില്‍ 95 ശതമാനവും അന്താരാഷ്ട്ര തലത്തില്‍ സഹായമെത്തിക്കുന്നതിനുള്ള തങ്ങളുടെ രാഷ്ട്രത്തിന്റെ ബാധ്യതയെ പിന്തുണയ്ക്കുന്നവരാണ്. 94 ശതമാനം പൗരന്‍മാര്‍ അനുകൂലമായി പ്രതികരിച്ച പാക്കിസ്ഥാനും ഇന്തോനേഷ്യയുമാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയത്.

87 ശതമാനം ബംഗ്ലാദേശി പൗരന്‍മാരും 84 ശതമാനം നൈജീരിയന്‍ പൗരന്‍മാരും അന്താരാഷ്ട്ര സഹായത്തെ പിന്താങ്ങി. 83 ശതമാനമായ സൗദി അറേബ്യയും 80 ശതമാനമായി ചൈനയുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. അര്‍ജന്റീന, ഫ്രാന്‍സ്, യുകെ, യുഎസ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ പൗരന്‍മാരില്‍ 60 ശതമാനമോ അതില്‍ താഴെയോ മാത്രമാണ് അന്താരാഷ്ട്ര സഹായങ്ങളെ പിന്തുണയ്ക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഗോള തലത്തില്‍ ശരാശരി 72 ശതമാനം പേരാണ് അന്താരാഷ്ട്ര തലത്തിലുള്ള സഹായങ്ങളെ പിന്തുണച്ചത്.

ദാവോസില്‍ നടക്കുന്ന സമ്മേളനത്തില്‍ ചര്‍ച്ചയാകുന്ന നിരവധി വിഷയങ്ങളിലെ അഭിപ്രായങ്ങള്‍ അറിയുന്നതിന് ക്വാള്‍ട്രിക്‌സുമായി ചേര്‍ന്നാണ് ലോക സാമ്പത്തിക ഫോരം സര്‍വേ സംഘടിപ്പിച്ചത്. കുടിയേറ്റത്തോട് ഏറ്റവും അനുകൂലമായി പ്രതികരിക്കുന്നത് വടക്കേ അമേരിക്കക്കാരാണ്. ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങള്‍ രണ്ടാം സ്ഥാനത്തുണ്ട്. യൂറോപ്യന്‍ രാഷ്ട്രങ്ങളാണ് കുടിയേറ്റത്തോട് ഏറ്റവും കുറഞ്ഞ അനുകൂല മനോഭാവമുള്ള ജനത.

ബഹുസ്വരത രാജ്യത്തിന് ഗുണകരമാണെന്നാണ് പ്രതികരിച്ച യുഎസ് പൗരന്‍മാരില്‍ 83 ശതമാനവും പറഞ്ഞത്. ജപ്പാന്‍-35 ശതമാനം, യുകെ-74ശതമാനം, ഫ്രാന്‍സ്-65 ശതമാനം എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ പൗരന്‍മാരുടെ ഇക്കാര്യത്തിലെ പ്രതികരണം

Comments

comments

Categories: FK News
Tags: WEF

Related Articles