ഇന്ത്യ 2019ലും വളര്‍ച്ച തുടരും: ഗീതാ ഗോപിനാഥ്

ഇന്ത്യ 2019ലും വളര്‍ച്ച തുടരും: ഗീതാ ഗോപിനാഥ്

ഉല്‍പ്പന്നങ്ങളുടെ വിലയിടിവ് നേട്ടമാകും; കടം എഴുതി തള്ളുന്നതിനേക്കാള്‍ നല്ലത് കര്‍ഷകരിലേക്ക് നേരിട്ട് പണം എത്തിക്കുന്നത്

ന്യൂഡെല്‍ഹി: ലോകത്ത് അതിവേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നും 2019 ല്‍ വളര്‍ച്ചാ നിരക്ക് വര്‍ധിക്കുമെന്ന് കണക്കുകൂട്ടപ്പെടുന്ന ഏതാനും രാജ്യങ്ങളിലൊന്നാണ് നമ്മുടേതെന്നും അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്. ഉല്‍പ്പന്നങ്ങളുടെ വിലയിടിവും അത് മൂലം തീര്‍ത്തും നിഷ്പക്ഷമായ ധനനയം ആവിഷ്‌കരിക്കാന്‍ ആര്‍ബിഐക്ക് സാധിക്കുന്നതുമാണ് വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിക്കാന്‍ ഇന്ത്യയെ സഹായിക്കുന്ന രണ്ട് ഘടകങ്ങളെന്നും അവര്‍ വ്യക്തമാക്കി.

ചരക്ക് സേവന നികുതി (ജിഎസ്ടി), പാപ്പരത്ത നിയമവുമായി ബന്ധപ്പെട്ട പരിഷ്‌കരണങ്ങള്‍, പണപ്പെരുപ്പത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ചട്ടക്കൂടുകള്‍ തുടങ്ങിയ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളേയും അവര്‍ പ്രശംസിച്ചു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിലുണ്ടായ മുന്നേറ്റവും സര്‍ക്കാരിന്റെ നേട്ടമാണെന്ന് അവര്‍ പറഞ്ഞു. അതേസമയം, കൃഷി, തൊഴില്‍ സൃഷ്ടി തുടങ്ങിയ രംഗങ്ങളില്‍ രാജ്യം ഇനിയും ശ്രദ്ധയൂന്നേണ്ടതുണ്ടെന്ന് ഗീത ചൂണ്ടിക്കാട്ടി. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതു പോലുള്ള താല്‍ക്കാലിക പരിഹാരങ്ങള്‍ വേണ്ടെന്നും അവര്‍ പറഞ്ഞു. വായ്പകള്‍ എഴുതിത്തള്ളുന്നതിനേക്കാളും സബ്‌സിഡികള്‍ നല്‍കുന്നതിനേക്കാളും നല്ല മാര്‍ഗം പണം നേരിട്ട് കര്‍ഷകരിലേക്ക് എത്തിക്കുന്നതാണെന്നും ഗീത അഭിപ്രായപ്പെട്ടു.

Comments

comments

Categories: Business & Economy