ഗുജറാത്തിലെ പുതിയ സുസുക്കി പ്ലാന്റില്‍ നിര്‍മ്മാണം ആരംഭിച്ചു

ഗുജറാത്തിലെ പുതിയ സുസുക്കി പ്ലാന്റില്‍ നിര്‍മ്മാണം ആരംഭിച്ചു

ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ വാഹനവിപണി നോട്ടമിട്ടുകൊണ്ടാണ് നിര്‍മ്മാണശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സുസുക്കി ഇന്ത്യയില്‍ പുതിയ പ്ലാന്റുകള്‍ ആരംഭിക്കുന്നത്.

ന്യൂഡെല്‍ഹി: സുസുക്കി മോട്ടോര്‍ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡിന്റെ(എസ്എംജി) ഗുജറാത്തിലെ പുതിയ പ്ലാന്റില്‍ നിര്‍മ്മാണം ആരംഭിച്ചു. സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള എസ്എംജിയുടെ രണ്ടാമത്തെ പ്ലാന്റാണ് പ്രവര്‍ത്തന സജ്ജമായി നിര്‍മ്മാണം ആരംഭിച്ചത്. മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക് സ്വിഫ്റ്റാണ് ഇവിടെ നിര്‍മ്മിക്കുന്നത്.

ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ വാഹനവിപണി നോട്ടമിട്ടുകൊണ്ടാണ് നിര്‍മ്മാണശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സുസുക്കി ഇന്ത്യയില്‍ പുതിയ നിര്‍മ്മാണ പ്ലാന്റുകള്‍ ആരംഭിക്കുന്നത്. കൂടാതെ ഇന്ത്യയില്‍ നിന്നുള്ള സുസുക്കി വാഹനങ്ങളുടെ കയറ്റുമതിനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യവും പുതുതായി ആരംഭിക്കുന്ന സുസുക്കി നിര്‍മ്മാണ പ്ലാന്റുകള്‍ക്ക് പിന്നിലുണ്ട്.

രണ്ടരലക്ഷമാണ് പുതിയ പ്ലാന്റിന്റെ ഉല്‍പാദകശേഷി. ആദ്യ പ്ലാന്റിന്റെ ഉല്‍പാദക ശേഷി കൂടി കണക്കിലെടുത്താല്‍ ഗുജറാത്തില്‍ സുസുക്കി മോട്ടോറിന് മാത്രം പ്രതിവര്‍ഷം അഞ്ച് ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുണ്ട്. മാരുതി സുസുക്കിയുടെ ഉല്‍പാദനം കൂടി ചേര്‍ത്ത് പറയുകയാണെങ്കില്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം 20 ലക്ഷത്തിലധികം വാഹനങ്ങള്‍ നിര്‍മിക്കാന്‍ മാരുതി സുസുക്കിക് സാധിക്കും.

2014ലാണ് സുസുക്കി ഗുജറാത്തില്‍ നിര്‍മ്മാണയൂണിറ്റുകള്‍ ആരംഭിക്കുന്നത്. 2017 ഫെബ്രുവരിയിലാണ് ആദ്യ യൂണിറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. രണ്ടാമത്തെ യൂണിറ്റിന്റെയും പവര്‍ട്രെയിന്‍ പ്ലാന്റിന്റെയും നിര്‍മ്മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. ഒന്നാമത്തെ പ്ലാന്റില്‍ ബലീനോയും സ്വിഫ്റ്റും പോലുള്ള ഹാച്ച്ബാക് മോഡലുകളാണ് നിര്‍മ്മിക്കുന്നത്. രണ്ടാമത്തെ പ്ലാന്റില്‍ സ്വിഫ്റ്റ് മാത്രമാണ് നിര്‍മ്മിക്കുകയെന്ന് കമ്പനി അറിയിച്ചു.

ഇന്ത്യയില്‍ സുസുക്കി വാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷം 20 ലക്ഷം യൂണിറ്റായി വളര്‍ന്നിരുന്നു. 2020ല്‍ മൂന്നാമത്തെ പ്ലാന്റും നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതോടെ ഗുജറാത്തില്‍ സുസുക്കിയുടെ നിര്‍മ്മാണശേഷി ഏഴര ലക്ഷമായി വര്‍ധിക്കും.

Comments

comments

Categories: Auto
Tags: Suzuki plant