6 മാസത്തേക്ക് റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ ഇ-വേ ബില്‍ തടയാന്‍ ഐടി സംവിധാനം

6 മാസത്തേക്ക് റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ ഇ-വേ ബില്‍ തടയാന്‍ ഐടി സംവിധാനം

3,626 കേസുകളാണ് ജിഎസ്ടി ലംഘനമായോ ചോര്‍ച്ചയായോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്

ന്യൂഡെല്‍ഹി: തുടര്‍ച്ചയായ ആറു മാസം ചരക്കു സേവന നികുതി പ്രകാരമുള്ള റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയ ബിസിനസുകളെ ചരക്കുനീക്കത്തിനായി ഇ-വേ ബില്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് തടയും. ഇതിനായി ജിഎസ്ടി നെറ്റ്‌വര്‍ക്ക് പുതിയ ഐടി സംവിധാനം വികസിപ്പിക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഉടന്‍ തന്നെ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തറങ്ങുമെന്നാണ് സൂചന. ചരക്കു സേവന നികുതി സമാഹരണത്തിലെ ചോര്‍ച്ച കുറയ്ക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് നികുതി അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെയുള്ള കാലയളവില്‍ 3,626 കേസുകളാണ് ജിഎസ്ടി ലംഘനമായോ ചോര്‍ച്ചയായോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 15,278.18 കോടി രൂപ ഇതിലൂടെ സര്‍ക്കാരിന് നഷ്ടമായെന്നാണ് കണക്കാക്കുന്നത്. നികുതി ചോര്‍ച്ച തടയുന്നതിനുള്ള പ്രധാന ഉപാധി എന്ന നിലയ്ക്കാണ് കഴിഞ്ഞ വര്‍ഷം ഇ- വേ ബില്‍ സംവിധാനം നിലവില്‍ വന്നത്.
50,000 രൂപയ്ക്കു മുകളില്‍ മൂല്യമുള്ള ചരക്കുകള്‍ ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോകുന്നതിന് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഇ-വേ ബില്‍ നിര്‍ബന്ധമാണ്. സംസ്ഥാനത്തിനകത്തെ ചരക്കു നീക്കത്തിന് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 15 മുതല്‍ ഘട്ടംഘട്ടമായാണ് ഇ-വേ ബില്‍ നടപ്പിലാക്കിയത്. ജിഎസ്ടി സംവിധാനവുമായി ബിസിനസുകളെ ചേര്‍ക്കുന്നതിനും വരുമാനം വര്‍ധിക്കുന്നതിനും നികുതി ചോര്‍ച്ച തടയുന്നതിനുള്ള കര്‍ക്കശ നടപടികള്‍ ആവശ്യമാണെന്നാണ് നികുതി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇ- വേ ബില്‍ സംവിധാനത്തെ ദേശീയ പാതാ അഥോറിറ്റിയുടെ ഫാസ്റ്റാഗ് സംവിധാനവുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി നികുതി വകുപ്പ് നടപ്പാക്കുകയാണ്. ഇതിലൂടെ ചരക്കുകളുടെ നീക്കം എളുപ്പത്തില്‍ നിരീക്ഷിക്കാനാകും. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഇത് നിലവില്‍ വരും. ചരക്കുനീക്കം നടത്തുന്നവര്‍ ഒരു ഇ-വേ ബില്‍ ഉപയോഗിച്ച് ഒന്നിലധികം ട്രിപ്പുകള്‍ നടത്തുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇത്.

ഫാസ്റ്റാഗുമായി ഇ-വേ ബില്‍ ബന്ധിപ്പിക്കുന്നതോടെ ചരക്കുനീക്കം നടത്തുന്ന വണ്ടിയുടെ ലൊക്കേഷന്‍ അധികൃതര്‍ക്ക് കണ്ടെത്താനാകും. ദേശീയ പാത അഥോറിറ്റിയുടെ ഓരോ ടോള്‍ ഗേറ്റിലൂടെയും എപ്പേഴെല്ലാമാണ് കടന്നു പോയതെന്നും എത്ര തവണ കടന്നു പോയിയെന്നും പരിശോധിക്കാന്‍ സാധിക്കും. പ്രതിമാസം ശരാശരി 1 ലക്ഷം കോടി രൂപയുടെ നികുതി സമാഹരണം സാധ്യമാകുമെന്നായിരുന്നു കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഇത് ശരാശരി 96,800 കോടി രൂപ മാത്രമായിരുന്നു.

Comments

comments

Categories: Business & Economy
Tags: gst return