എഫ്-16 ഇന്ത്യയില്‍ നിര്‍മിക്കാമെന്ന് ലോക്ക്ഹീഡ് മാര്‍ട്ടിന്‍

എഫ്-16 ഇന്ത്യയില്‍ നിര്‍മിക്കാമെന്ന് ലോക്ക്ഹീഡ് മാര്‍ട്ടിന്‍

114 യുദ്ധവിമാനങ്ങള്‍ക്കായുള്ള ഇന്ത്യന്‍ വ്യോമസേനയുടെ കരാര്‍ മുഖ്യ ലക്ഷ്യം; ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസുമായി ചേര്‍ന്ന് സംയുക്ത സംരംഭം ആലോചനയില്‍

ന്യൂഡെല്‍ഹി: എഫ്-16 യുദ്ധ വിമാനങ്ങളുടെ അസംബ്ലിംഗ് ഘട്ടം യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റാമെന്ന വാദ്ഗാനവുമായി നിര്‍മാതാക്കളായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍. 114 യുദ്ധവിമാനങ്ങള്‍ക്കായുള്ള ഇന്ത്യന്‍ വ്യോമസേനയുടെ 15 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന കരാര്‍ സ്വന്തമാക്കുന്നതിനായാണ് ആകര്‍ഷകമായ വാഗ്ദാനം. ബോയിംഗിന്റെ എഫ്/എ-18, സാബിന്റെ ഗ്രിപെന്‍, ദസോള്‍ട്ട് ഏവിയേഷന്റെ റഫേല്‍, യൂറോഫൈറ്ററിന്റെ ടൈഫൂണ്‍ എന്നിവക്കൊപ്പം ഒരു റഷ്യന്‍ വിമാനക്കമ്പനിയും കരാര്‍ നേടാന്‍ സജീവമായി രംഗത്തിറങ്ങിയതോടെയാണ് മേക്ക് ഇന്‍ ഇന്ത്യ അടിസ്ഥാനമാക്കിയ വാഗ്ദാനം കമ്പനി മുന്നോട്ട് വെച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും കൂടുതല്‍ വലിയ സൈനിക ഓര്‍ഡറുകള്‍ നേടാന്‍ ലക്ഷ്യമിട്ടാണ് പുതിയ വാദ്ഗാനമെന്നാണ് വിലയിരുത്തല്‍.

ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസുമായി ചേര്‍ന്നുള്ള ഒരു സംയുക്ത സംരംഭമായിട്ടാണ് നിര്‍ദിഷ്ട യൂണിറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. പ്രാദേശിക നിര്‍മാണം പ്രോല്‍സാഹിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ചുവടുപിടിച്ച് ഇന്ത്യയില്‍ പ്രതിരോധ സാമഗ്രികളുടെ വാണിജ്യ നിര്‍മാണത്തിന് ഒരു അടിത്തറയുണ്ടാക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇത് സഹായിക്കും. ഇന്ത്യയിലെ കമ്പനിയുടെ നിര്‍മാണ യൂണിറ്റ് ആഗോളതലത്തില്‍ എഫ്-16 വിമാനങ്ങളുടെ നിര്‍മാണത്തിനുള്ള ഒരേയൊരു യൂണിറ്റായിരിക്കുമെന്ന് ലോക്ക്ഹീഡ് മാര്‍ട്ടിന്‍ സ്ട്രാറ്റജി ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് വിവേക് ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യന്‍ പ്രതിരോധ മേഖലയുടെയും വിദേശ വിപണികളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇതു വഴി കഴിയും. ‘ഇന്ത്യക്കു പുറത്തു നിന്ന് നിന്ന് 200 ല്‍ അധികം വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. ഈ നിര്‍മാണ പദ്ധതികള്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ 20 ബില്യണ്‍ ഡോളര്‍ മൂല്യം വരും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരാര്‍ സംബന്ധിച്ച് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം വരും മാസങ്ങളില്‍ താല്‍പ്പര്യപത്രം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാക്കിസ്ഥാന്‍, ചൈന തുടങ്ങിയ അയല്‍ക്കാരില്‍ നിന്നുള്ള സുരക്ഷാഭീഷണി കണക്കിലെടുത്ത് 42 സക്വാഡ്രണ്‍ ജെറ്റുകളും 750 ഓളം എയര്‍ക്രാഫ്റ്റുകളുമാണ് ഇന്ത്യ വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

Comments

comments

Categories: FK News
Tags: F16