കസ്റ്റംസ് ഉടമ്പടി; ഇന്ത്യ-നെതര്‍ലന്‍ഡ്‌സ് ബന്ധം ശക്തമാക്കും: മെനോ സ്‌നെല്‍

കസ്റ്റംസ് ഉടമ്പടി; ഇന്ത്യ-നെതര്‍ലന്‍ഡ്‌സ് ബന്ധം ശക്തമാക്കും: മെനോ സ്‌നെല്‍

2017ല്‍ ഏഴ് ബില്യണ്‍ യൂറോയുടെ ഉഭയകക്ഷി വ്യാപാരമാണ് ഇന്ത്യയും നെതര്‍ലന്‍ഡ്‌സും തമ്മില്‍ നടന്നത്

ന്യൂഡെല്‍ഹി: യൂറോപ്പുമായുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യ നെതര്‍ലന്‍ഡ്‌സുമായി കസ്റ്റംസ് ഉടമ്പടി ഒപ്പുവെച്ചു. കസ്റ്റംസ് നിയമങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിലൂടെ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കാന്‍ ഉടമ്പടി സഹായിക്കുമെന്ന് നെതര്‍ലന്‍ഡ്‌സ് കസ്റ്റംസ്, നികുതി വകുപ്പ് മന്ത്രി മെനോ സ്‌നെല്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

നെതര്‍ലന്‍ഡ്‌സിനെ സംബന്ധിച്ചിടത്തോളം പ്രധാന വിപണികളിലൊന്നാണ് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മെനോ സ്‌നെല്‍ പറഞ്ഞു. 2017ല്‍ ഏഴ് ബില്യണ്‍ യൂറോയുടെ ഉഭയകക്ഷി വ്യാപാരമാണ് ഇന്ത്യയും നെതര്‍ലന്‍ഡ്‌സും തമ്മില്‍ നടന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കുന്നതിന് ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നിരവധി മേഖലകള്‍ ഇനിയുമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയും നെതര്‍ലന്‍ഡ്‌സും തമ്മിലുള്ള ഉടമ്പടി തങ്ങളുടെ കസ്റ്റംസ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും. നെതര്‍ലന്‍ഡ് പോലുള്ള ഒരു വാണിജ്യ രാട്രത്തെ സംബന്ധിച്ച് മറ്റേത് ഒരു രാജ്യവുമായുള്ള ഫലപ്രദമായ കസ്റ്റംസ് ഉടമ്പടി പ്രധാനമാണെന്ന് മെനോ പറഞ്ഞു. ഇന്ത്യയുടെ ബിസിനസ് അന്തരീക്ഷം വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്. എങ്കിലും ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് തങ്ങളുടെ കമ്പനികള്‍ വെല്ലുവിളി നേരിടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉയര്‍ന്ന ഇറക്കുമതി തീരുവ, നിയന്ത്രണ സംവിധാനങ്ങളിലെ സുതാര്യതയില്ലായ്മ, തദ്ദേശീയ വിഭവങ്ങളുടെ അഭാവം, പരിമിതമായ വിപണി പ്രവേശനം എന്നിവയാണ് ഇന്ത്യയില്‍ ഡച്ച് കമ്പനികള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെന്നും മെനോ വ്യക്തമാക്കി. 2018 മേയില്‍ ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റട്ടെ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഒരു ‘ഫാസ്റ്റ് ട്രാക്ക് സംവിധാനം’ സൃഷ്ടിക്കാന്‍ നരേന്ദ്ര മോദിയുമായി ധാരണയിലെത്തിയിരുന്നു. ഇന്ത്യന്‍-ഡച്ച് കമ്പനികള്‍ അതത് രാജ്യങ്ങളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്നും ഇത് രാജ്യങ്ങള്‍ തമ്മിലുള്ള നിരക്ഷേപം പ്രോത്സാഹിപ്പിക്കുമെന്ന് കരുതുന്നതായും മെനോ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News