ബ്രക്‌സിറ്റ് സന്നിഗ്ദ്ധ സന്ദേഹങ്ങള്‍ക്കപ്പുറം-2

ബ്രക്‌സിറ്റ് സന്നിഗ്ദ്ധ സന്ദേഹങ്ങള്‍ക്കപ്പുറം-2

ബ്രിട്ടനില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ബ്രക്‌സിറ്റിന്റെ ദോഷഫലങ്ങള്‍. ബ്രിട്ടനെ യൂറോപ്പിലേക്കുള്ള കവാടമായി കാണുന്ന ഇന്ത്യക്ക്, ഇയു രാഷ്്ട്രങ്ങളുമായി സുഗമമായ വ്യാപാരബന്ധം തുടരാന്‍ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടി വരും. ബ്രിട്ടനില്‍ നിക്ഷേപം നടത്തിയിരിക്കുന്ന ഇന്ത്യക്കാര്‍ക്കും വലിയ നഷ്ടങ്ങളാവും ബ്രക്‌സിറ്റ് വരുത്തി വെക്കുക. യുകെ ആസ്ഥാനമാക്കിക്കൊണ്ട് യൂറോപ്പിലെങ്ങും വ്യാപാരം ചെയ്യാനുള്ള സൗകര്യം ഇനി ലഭ്യമാവില്ല. അതേസമയം രാഷ്ട്രീയവും നയതന്ത്രപരവുമായ വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യ പ്രാപ്തവുമാണ്

യൂറോപ്യന്‍ സാമ്പത്തിക യൂണിയന്‍ രാജ്യങ്ങളില്‍ ദാരിദ്ര്യത്തില്‍ മൂന്നാം സ്ഥാനത്തായിരുന്ന ബ്രിട്ടന്‍, കൃഷിഭൂമിയുടെ കുറവ് കാരണം ഫലത്തില്‍ യൂണിയന് ഏറ്റവും അധികം പണം നല്‍കുന്ന രാജ്യമായി മാറി. കാരണം, സാമ്പത്തിക യൂണിയന്റെ ചെലവില്‍ 70 ശതമാനവും കാര്‍ഷിക സബ്‌സിഡികള്‍ ആയിരുന്നു. 1984 ല്‍ അന്നത്തെ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ ഇതിനെതിരെ പൊട്ടിത്തെറിച്ചു. താച്ചറുടെ പരിശ്രമഫലമായി യൂണിയന്‍ ബജറ്റിലേക്കുള്ള വരവില്‍ ബ്രിട്ടീഷ് വിഹിതം 20 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറച്ചു നല്‍കി. 1997 ല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയ യുവകോമളന്‍ ടോണി ബ്ലെയര്‍ യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാജ്യങ്ങളുമായി ശക്തമായ സൗഹൃദം കാംക്ഷിച്ചിരുന്നു. എന്നാല്‍, ഇതേ കാലത്ത് തന്നെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട ഭ്രാന്തിപ്പശു രോഗം യൂറോപ്പില്‍ വലിയ ഭീതി പടര്‍ത്തി. യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടനില്‍ നിന്നുള്ള മാട്ടിറച്ചി നിരോധിച്ചു. (ബീഫ് എല്ലായിടത്തും വിവാദവിഷയമാണ്!). 1999 ല്‍ ഇയു തലസ്ഥാനമായ ബ്രസ്സല്‍സ്, ബ്രിട്ടീഷ് മാട്ടിറച്ചിയുടെ നിരോധനം പിന്‍വലിച്ചെങ്കിലും ഫ്രാന്‍സ് ഒറ്റയ്ക്ക് നിരോധനം തുടര്‍ന്നു.

ബ്രിട്ടനില്‍ ഉല്‍പ്പാദിപ്പിക്കുന്ന ചോക്ലേറ്റിന്റെ കാര്യത്തിലും തര്‍ക്കങ്ങള്‍ ഉണ്ടായി. അതൊരു പഴയ നിയമയുദ്ധം ആയിരുന്നു. 27 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ 2000 ല്‍ ലക്സംബര്‍ഗ്ഗിലെ യൂറോപ്യന്‍ നീതിന്യായ കോടതി യൂറോപ്പിലെ ബ്രിട്ടീഷിതര രാജ്യങ്ങളില്‍ ബ്രിട്ടീഷ് ചോക്ലേറ്റുകള്‍ വില്‍ക്കാന്‍ അനുമതി നല്‍കി. എന്നാല്‍, ഫ്രാന്‍സ്, ബെല്‍ജിയം, സ്‌പെയ്ന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ സസ്യ എണ്ണ ഉപയോഗിക്കാതെ കൊക്കോ എണ്ണ ഉപയോഗിക്കണം എന്ന് നിബന്ധന വച്ചു. മാത്രമല്ല, കിറ്റ്-കാറ്റ്, കാഡ്ബറി തുടങ്ങിയവയില്‍ പാലിന്റെ അംശം കൂടുതല്‍ ആണെന്നും അതിനാല്‍ അവ ‘ഗാര്‍ഹികപാല്‍ ചോക്ലേറ്റ്’ എന്ന് പുനര്‍നാമകരണം ചെയ്യണമെന്നും നിഷ്‌കര്‍ഷിച്ചു. ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സംഘര്‍ഷം വളരുകയാണ്.

2008 ലെ മാന്ദ്യത്തില്‍ യൂറോപ്യന്‍ യൂണിയനിലെ പല രാജ്യങ്ങളും സാമ്പത്തികമായി തകര്‍ന്നടിഞ്ഞു. ഉല്‍പ്പാദിപ്പിക്കാന്‍ ചുരുക്കം ചിലരും ഭക്ഷിക്കാന്‍ നിരവധി പേരും എന്ന അവസ്ഥ വന്നു. കടക്കെണിയിലായ രാജ്യങ്ങളെയും അവയുടെ സമ്പദ് വ്യവസ്ഥയെയും യൂറോയെയും സംരക്ഷിക്കാന്‍ ജര്‍മനി-ഫ്രാന്‍സ് അച്ചുതണ്ട് 2011 ല്‍ കൊണ്ടുവന്ന മാസ്റ്റര്‍പ്ലാന്‍ ബ്രിട്ടന്‍ വീറ്റോ ചെയ്ത് പരാജയപ്പെടുത്തി. 27 അംഗരാജ്യങ്ങള്‍ക്കിടയില്‍ ബ്രിട്ടന്‍ ഒറ്റപ്പെട്ടു. ഇതിനിടയില്‍, ലിബറല്‍ ഡെമോക്രാറ്റ്സ് പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെട്ട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ബ്രിട്ടനില്‍ അധികാരത്തില്‍ വന്നു. ഡേവിഡ് കാമറൂണ്‍ പ്രധാനമന്ത്രി. നൈജല്‍ ഫരാജിന്റെ നേതൃത്വത്തിലുള്ള യുകെ ഇന്‍ഡിപെന്‍ഡന്റ് പാര്‍ട്ടി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്ത് വരണമെന്ന ആവശ്യം ഉയര്‍ത്തുകയും ശരാശരി ബ്രിട്ടീഷ് വോട്ടര്‍മാര്‍ അവര്‍ക്കനുകൂലമായി ചിന്തിക്കുവാന്‍ തുടങ്ങുകയും ചെയ്തു. 2015 ല്‍ പൊതുതെരഞ്ഞെടുപ്പ് വരുന്നു. അപകടം മണത്തറിഞ്ഞ കാമറൂണ്‍ 2013 ല്‍, കണ്‍സര്‍വേറ്റീവ് ്പാര്‍ട്ടി ഒറ്റയ്ക്ക് അധികാരത്തില്‍ വരികയാണെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പിന്‍വാങ്ങലുമായി മുന്നോട്ട് പോകുമെന്ന പ്രഖ്യാപനം നടത്തി. 2015 ലെ പൊതുതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചു. വാഗ്ദാനപ്രകാരം, യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് വരണമോ എന്ന് 2016 ല്‍ ബ്രിട്ടീഷ് പൗരന്മാര്‍ക്കിടയില്‍ അഭിപ്രായവോട്ടെടുപ്പ്. ബ്രിട്ടീഷ് ജനത ബ്രക്സിറ്റിന് അനുകൂലമായി വോട്ട് ചെയ്തു. കാമറൂണില്‍ നിന്ന് ഇതിനിടയില്‍ ഭരണം തെരേസ മേ നേടി.

2017 ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാത്തത് മൂലം തെരേസ മേയുടെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍. ബ്രെക്സിറ്റ് പാസ്സായെങ്കിലും ഭരണപരമായ അനുമതി നേടേണ്ടതുണ്ട്. 2017 മാര്‍ച്ച് 29 ന് ബ്രക്സിറ്റ് പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞത് 2019 മാര്‍ച്ച് 29 ന് പിന്‍വാങ്ങല്‍ പൂര്‍ണമാവണമെന്നാണ്. എന്നാല്‍ പിന്‍വാങ്ങല്‍ കരാറിന്റെ നിയമവശങ്ങള്‍ സഭയില്‍ വെച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ചരിത്രത്തില്‍ ആദ്യമായി അവകാശ ലംഘന നോട്ടീസ് നല്‍കപ്പെട്ടു. ഒടുവില്‍ പിന്‍വാങ്ങല്‍ കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വോട്ടിട്ടപ്പോള്‍ അനുകൂലമായി 202 വോട്ടും എതിര്‍ത്ത് 432 വോട്ടും നേടി പദ്ധതി പരാജയപ്പെട്ടു. തെരേസ മേയ്‌ക്കെതിരെ ഒരു തവണ കൂടി അവിശ്വാസ പ്രമേയം. ഡിസംബറില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടതിന് ശേഷം ഒന്നുകൂടി. കഴിഞ്ഞ ബുധനാഴ്ച നടന്ന അവിശ്വാസ പ്രമേയം 19 വോട്ടിന് പരാജയപ്പെട്ടതോടെ മേ പ്രധാനമന്ത്രിയായി തുടരും എന്നുറപ്പായി. എന്നാല്‍ ബ്രക്സിറ്റ് പ്രതീക്ഷിച്ചതിലും കൂടുതല്‍ സങ്കീര്‍ണ്ണമായിക്കഴിഞ്ഞു.

ബ്രക്സിറ്റ് യാഥാര്‍ഥ്യമാവുകയാണെങ്കില്‍ പിന്നീട് ബ്രിട്ടന്‍ തങ്ങളുടെ മുന്‍കാല കോളനി രാജ്യങ്ങളുമായി അടുത്ത സൗഹൃദം പുലര്‍ത്തുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളുമായി ബ്രിട്ടന് കുറച്ച് കാലമായി വലിയ കരുതലില്ലെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ആ സംസാരം ബ്രിട്ടന്റെ ചെവിയിലും എത്തിയിട്ടുണ്ട്. തങ്ങളുടെ അയല്‍പക്കങ്ങളില്‍ ഒറ്റപ്പെടുന്ന ബ്രിട്ടന്‍ ആ കുറവ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളുമായുള്ള സൗഹൃദത്തിലൂടെ പരിഹരിക്കും എന്നാണ് വിദേശകാര്യ നിരീക്ഷകര്‍ പ്രവചിക്കുന്നത്. 2016 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ച് കൊണ്ട് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പറഞ്ഞത് ബ്രിട്ടനിലെ ഏറ്റവും വലിയ നിക്ഷേപകര്‍ എന്ന നിലയില്‍ ബ്രക്സിറ്റ് ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് വലിയ ദോഷം ചെയ്യുമെന്നാണ്.

ബ്രിട്ടനുമായി നേരിട്ടുള്ള കയറ്റിറക്കുമതി നമ്മുടെ മൊത്തം വിദേശ വ്യാപാരത്തിന്റെ ചെറിയൊരു ശതമാനമേ വരുന്നുള്ളൂ. എന്നാല്‍, യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ പടിവാതിലാണ് ബ്രിട്ടന്‍. ആ നിലയ്ക്ക് ബ്രെക്സിറ്റ് ഇന്ത്യയ്ക്ക് അത്ര ഗുണകരമല്ല. പക്ഷേ, ബ്രെക്സിറ്റ് പരാജയപ്പെട്ടാലും ബ്രിട്ടനും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം അത്ര സുഗമമാവില്ല. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ തീരുമാനം നിരാശയുളവാക്കുന്നുവെന്നും നന്നായെന്നും പറയുന്നവര്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉണ്ട്. രണ്ടുകൂട്ടരും ഒരുമിച്ച് ആവശ്യപ്പെടുന്നത് എത്രയും പെട്ടെന്ന് ബ്രിട്ടന്‍ തീരുമാനം പറയണമെന്നാണ്.

ബ്രിട്ടനില്‍ ഓഫീസ് തുറന്ന് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ സംരംഭങ്ങള്‍ തുടങ്ങിയവര്‍ക്ക് ബ്രക്സിറ്റ് ദോഷകരമാണ്. നിരവധി ഇന്ത്യക്കാര്‍ ഈ ഗണത്തിലുണ്ട്. പ്രമേയം പാസ്സാവരുതെന്നാണ് അവര്‍ ആശിക്കുന്നത്. ബ്രക്സിറ്റ് നടന്നാലും ഇല്ലെങ്കിലും ബ്രിട്ടീഷ് പൗണ്ടിന് വന്‍ തകര്‍ച്ചയുണ്ടാവുമെന്ന ഭയം അന്തരീക്ഷത്തിലുണ്ട്. ഇന്ത്യന്‍ വിവരസാങ്കേതിക കമ്പനികള്‍ക്ക് വലിയ തിരിച്ചടി ആയിരിക്കും അത്. ബ്രിട്ടനിലെ ഇന്ത്യന്‍ വാഹന വിപണിയും തിരിച്ചടി നേരിട്ടുകൂടായ്കയില്ല. ഇന്ത്യക്കാര്‍ യൂറോപ്പില്‍ വന്‍തോതില്‍ നിക്ഷേപം ഇറക്കിയിട്ടുണ്ട്. ഇതില്‍ പലതും കയ്യൊഴിഞ്ഞ് സ്വര്‍ണത്തിലേക്ക് തിരിഞ്ഞു പലരും. ബ്രിട്ടനില്ലാത്ത യൂറോപ്പിനോ യൂറോപ്പില്ലാത്ത ബ്രിട്ടനോ സ്ഥിരത കൈവരിക്കാന്‍ ആവില്ലെന്ന ഭയത്താലാണ് ഈ മാറ്റം. ബ്രക്സിറ്റിന് ശേഷം ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണവില കൂടാന്‍ ഒരു കാരണം ഇതാണ്.

ബ്രിട്ടന്‍ ബ്രക്സിറ്റില്‍ വിജയിച്ചാലും പരാജയപ്പെട്ടാലും അതിന് ഇന്ത്യയില്‍ ഒരു പരിധി വരെയെങ്കിലും സാമ്പത്തിക ചലനങ്ങള്‍ ഉണ്ടാക്കാനായേക്കും. അതിനപ്പുറം രാഷ്ട്രീയമായോ നയതന്ത്രപരമായോ വലിയ വെല്ലുവിളികള്‍ നമ്മള്‍ നേരിട്ടുകൊള്ളണമെന്നില്ല. എന്നാല്‍ സാമ്പത്തിക വെല്ലുവിളികളെ അതിജീവിക്കേണ്ടിയിരിക്കുന്നു. മാത്സര്യബുദ്ധിയേതുമില്ലാതെ എല്ലാവരും രാജ്യാതിര്‍ത്തികള്‍ക്കപ്പുറം ചിന്തിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് വിന്‍സ്റ്റണ്‍ ചര്‍ച്ചിലായാലും റോബര്‍ട്ട് ഷൂമാന്‍ ആയാലും യൂറോപ്പിന്റെ രാഷ്ട്രീയ ഐക്യത്തെപ്പറ്റി ചിന്തിച്ചത്. രാജ്യാതിര്‍ത്തികള്‍ തന്നെയാണ് ഇന്നും പ്രശ്നം. ബര്‍ണാഡ് ഷായുടെ വാക്കുകളുടെ പ്രസക്തിയേറുന്നതും ഇതുകൊണ്ടാണ്.

(അവസാനിച്ചു)

Comments

comments

Categories: FK Special, Slider
Tags: EU